ആപ്പിലൂടെയുള്ള സ്റ്റോക്ക് വ്യാപാരത്തിന് ബയോമെട്രിക് പരിശോധന വേണമെന്ന് സെബി

ആപ്പിലൂടെയുള്ള സ്റ്റോക്ക് വ്യാപാരത്തിന് ബയോമെട്രിക് പരിശോധന വേണമെന്ന് സെബി

പുതിയ നിര്‍ദേശങ്ങള്‍ ചെറുകിട ബ്രോക്കര്‍മാര്‍ക്ക് സമ്മര്‍ദം നല്‍കും

മുംബൈ: ഓഹരികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും മൊബീല്‍ ആപ്ലിക്കേഷനുകളില്‍ പ്രവേശിക്കുമ്പോള്‍ വ്യാപാരികള്‍ക്കും നിക്ഷേപകര്‍ക്കും ബയോമെട്രിക് ആധികാരികത ഉറപ്പ് വരുത്തണമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിര്‍ദേശിച്ചു. സൈബര്‍ സുരക്ഷ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സെബിയുടെ നടപടി. ഈ നിര്‍ദേശമടങ്ങിയ കുറിപ്പ് അടുത്തിടെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കും ബ്രോക്കര്‍മാര്‍ക്കും സെബി നല്‍കിയിട്ടുണ്ട്.

സെബിയുടെ നിര്‍ദേശം നടപ്പിലാക്കുകയാണെങ്കില്‍ റീട്ടെയ്ല്‍ നിക്ഷേപകര്‍ ടച്ച് ഐഡി പ്രാപ്തിയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുകയും വ്യാപാരത്തിലും ഡിമാറ്റ് എക്കൗണ്ടുകളിലും പ്രവേശിക്കുന്നതിന് ബയോമെട്രിക് വിവരങ്ങങ്ങള്‍ പങ്ക് വെക്കുകയും വേണം.

ലോഗ് ഇന്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ഉപയോക്താവിന്റെ എക്കൗണ്ട് ലോക്കാവുമെന്നും ഇ-മെയില്‍ അല്ലെങ്കില്‍ ഒറ്റത്തവണ പാസ്‌വേഡ് വഴി പുതുതായി ആധികാരികത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ലോക്ക് മാറുകയുള്ളുവെന്നും സെബി പറയുന്നു. രഹസ്യാത്മക ഡാറ്റ, ആപ്ലിക്കേഷനുകള്‍, സിസ്റ്റം റിസോഴ്‌സ് തുടങ്ങിയവ റാങ്കിന്റെയൊ പദവിയുടെയൊ അടിസ്ഥാനത്തില്‍ ഒരു വ്യക്തിക്കും പരിശോധിക്കാനാകില്ലെന്ന് ഉറപ്പാക്കാനും ബ്രോക്കര്‍മാരോട് സെബി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റര്‍നെറ്റ്, ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ എന്നിവയുടെ ഉപയോഗം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഒരു ഇന്റര്‍നെറ്റ് പ്രവേശന നയം രൂപീകരിക്കണമെന്നും സെബി നിര്‍ദേശിച്ചിട്ടുണ്ട്.

നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് വിവിധ വ്യക്തികളില്‍ നിന്ന് സെബി അഭിപ്രായം തേടുകയും ബ്രോക്കര്‍മാരുടെ ഇതിനായുള്ള തയാറെടുപ്പ് പരിശോധിക്കുകയും ചെയ്യും. ഘട്ടം ഘട്ടമായാണ് ശുപാര്‍ശകള്‍ നടപ്പിലാക്കുക. നേരിയ മാര്‍ജിനുകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ബ്രോക്കര്‍മാര്‍ക്ക് സെബിയുടെ ചില ശുപാര്‍ശകള്‍ സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Business & Economy