റൊട്ടാന സൗദിയിലും ആഫ്രിക്കയിലും സാന്നിധ്യം ശക്തിപ്പെടുത്തും

റൊട്ടാന സൗദിയിലും ആഫ്രിക്കയിലും സാന്നിധ്യം ശക്തിപ്പെടുത്തും

ഈ വര്‍ഷം തന്നെ സൗദി അറേബ്യയില്‍ മൂന്ന് റൊട്ടാന ഹോട്ടലുകള്‍ തുറക്കും

റിയാദ്: യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ റൊട്ടാന ആഫ്രിക്കയിലേക്കും സൗദി അറേബ്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. സിഇഒ ഒമര്‍ കദ്ദൗരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈസ്റ്റ് ആഫ്രിക്കയില്‍ തങ്ങളുടെ ആദ്യ പ്രോപ്പര്‍ട്ടി ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ടാന്‍സാനിയയുടെ തലസ്ഥാന നഗരത്തിലാണ് ജൊഹാരി റൊട്ടാന എന്ന പേരില്‍ ആഫ്രിക്കയിലെ ആദ്യ പ്രോപ്പര്‍ട്ടി പ്രവര്‍ത്തനമാരംഭിക്കുന്നത്.

2016 അവസാനത്തോട് കൂടി കോംഗോയിലും റൊട്ടാന ഹോട്ടല്‍ തുറന്നിരുന്നു. സബ് സഹാറന്‍ ആഫ്രിക്കന്‍ മേഖലയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാനുള്ള നീക്കത്തിലാണ് യുഎഇ ഗ്രൂപ്പ്.

ആഫ്രിക്ക ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. നൈജീരിയയിലെ ലഗോസില്‍ ഹോട്ടലുകള്‍ക്കായി ഞങ്ങള്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. അംഗോളയിലെ ല്വാന്‍ഡയിലും. ടാന്‍സാനിയയിലെ മറ്റ് നഗരങ്ങളിലേക്കും വ്യാപനം നടത്തും-കദ്ദൗരി പറഞ്ഞു.

ആഫ്രിക്കയില്‍ ഹോട്ടലുകള്‍ക്ക് ഇപ്പോള്‍ ആവശ്യകതയേറെയാണെന്നും അതുകൊണ്ടാണ് അവിടെ ഫോക്കസ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അവിടുത്തെ ഹോസ്പിറ്റാലിറ്റി പ്ലാറ്റ്‌ഫോം ശക്തിപ്പെടുത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും കദ്ദൗരി വിശ്വാസം പ്രകടിപ്പിച്ചു.

റിയാദിലും

ഈ വര്‍ഷം തന്നെ റിയാദില്‍ 156 റൂമുകളുള്ള സെന്‍ട്രോ ഒലയ തുറക്കുമെന്ന് കദ്ദൗരി വ്യക്തമാക്കി. 247 റൂമുകളുള്ള സെന്‍ട്രോ കോര്‍നിഷെ അല്‍ ഖൊബാറിലും 189 റൂമുകളുള്ള സെന്‍ട്രോ സലാമ ജെദ്ദയിലും തുറക്കും-അദ്ദേഹം പറഞ്ഞു.

റിയാജിലും ജെദ്ദയിലും മക്കയിലുമായി ഇപ്പോള്‍ നാല് ഹോട്ടലുകളാണ് റൊട്ടാന പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് കൂടാതെ മൂന്ന് ഹോട്ടലുകള്‍ കൂടി ഈ വര്‍ഷം തുറക്കും.

വലിയ സാധ്യതകളാണ് സൗദി അറേബ്യക്കുള്ളത്. ഈ വര്‍ഷം അവസാനത്തോടെ അവിടുത്തെ പുതിയ ഹോട്ടലുകള്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതിനെക്കുറിച്ച് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. വലിയ അവസരങ്ങളാണ് അവിടെയുള്ളത്-കദ്ദൗരി പറഞ്ഞു. മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയുള്ളതായി അദ്ദേഹം സൂചിപ്പിച്ചു.

23 നഗരങ്ങളിലായി 60 ഹോട്ടലുകളാണ് റൊട്ടാന ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കു്‌നനത്. 2020 ആകുമ്പോഴേക്കും 100 ഹോട്ടലുകള്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താനാണ് കമ്പനിയുടെ ശ്രമം.

Comments

comments

Categories: Arabia