അഴിമതി തടയാന്‍ പുതിയ നയം ഐഎംഎഫ് പുറത്തിറക്കി

അഴിമതി തടയാന്‍ പുതിയ നയം ഐഎംഎഫ് പുറത്തിറക്കി

ഏപ്രില്‍ 6നാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഐഎംഎഫ് ബോര്‍ഡ് അംഗീകരിച്ചത്

വാഷിംഗ്ടണ്‍: അഴിമതി തടയുന്നതിന് അംഗരാജ്യങ്ങള്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പുറത്തിറക്കി. അഴിമതിയും അത് സാമ്പത്തിക വളര്‍ച്ചയില്‍ ഏല്‍പ്പിക്കുന്ന ആഘാതത്തേയും നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ അഴിമതി നയം ഐഎംഎഫ് പുറത്തിറക്കിയിട്ടുള്ളത്. അവ്യക്തമായ കോര്‍പ്പറേറ്റ് ഉടമസ്ഥത അനുവദിക്കുന്നതിലൂടെയും കൈക്കൂലി, കള്ളപ്പണം എന്നിവ തടയുന്നതില്‍ പരാജയപ്പെടുന്നതിലൂടെയും സമ്പന്ന രാജ്യങ്ങള്‍ എങ്ങനെയാണ് വികസ്വര രാജ്യങ്ങളിലേക്ക് അഴിമതി സംഭാവന ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന നയത്തില്‍ ഇത് തടയണമെന്നും വ്യക്തമാക്കുന്നുണ്ട്.

‘പാവപ്പെട്ടവരെ ബാധിക്കുന്നതും സാമൂഹിക മുന്നേറ്റത്തേയും സാമ്പത്തിക അവസരത്തേയും തടസപ്പെടുത്തുന്നതുമായ അഴിമതി സ്ഥാപനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും സാമൂഹിക യോജിപ്പിനെ ഇല്ലാതാക്കുമെന്നും ഐഎംഎഫ് മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റിന്‍ ലെഗാര്‍ഡെ പറഞ്ഞു. അംഗരാജ്യങ്ങളുമായി കൂടുതല്‍ വ്യവസ്ഥാപിതവും, പക്ഷപാതമില്ലാത്തതും, ഫലപ്രദവുമായ സഹകരണം ലക്ഷ്യമിട്ട് ഭരണത്തിലും അഴിമതിയിലും മെച്ചപ്പെട്ട ഇടപെടലിനായാണ് പുതിയ ചട്ടക്കൂട് സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അഴിമതിയും മോശം ഭരണവും സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിക്കുകയും അസമത്വം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. എല്ലാം അംഗരാജ്യങ്ങളെയും തുല്യനിലയില്‍ പരിഗണിക്കുന്നുവെന്ന് പുതിയ നയ ചട്ടക്കൂട് ഉറപ്പാക്കുന്നു.

ഐഎംഎഫിന്റെ നിര്‍ദേശപ്രകാരം ഉക്രെയ്ന്‍ അധികാരികള്‍ അഴിമതിക്കെതിരെ കര്‍ശനമായ പരിഷ്‌കരണ നടപടികള്‍ സ്വീകരിച്ച് വരികയാണ്. 17.5 ബില്യണ്‍ ഡോളറിന്റെ സഹായമാണ് അടുത്തിടെ ഐഎംഎഫ് ഉക്രൈയ്‌ന് നല്‍കിയത്. ഏപ്രില്‍ 6നാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഐഎംഎഫ് ബോര്‍ഡ് അംഗീകരിച്ചത്.
വായ്പകളില്‍ കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ സ്വീകരിക്കുന്നതിലേക്ക് ഈ നയം നയിക്കുമെന്ന് കരുതുന്നില്ലെന്നാണ് ഐഎംഎഫ് വൃത്തങ്ങള്‍ പറയുന്നത്. ധനകാര്യ നടപടികള്‍, കേന്ദ്ര ബാങ്കിംഗ് ഭരണം, വിപണി നിയന്ത്രണം, ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായത്തെ തടയുന്നതിനും കള്ളപ്പണം വെള്ളുപ്പിക്കലിനെതിരെയുള്ളതുമായ നടപടികള്‍ തുടങ്ങിയ കാര്യങ്ങളിലാണ് ഐഎംഎഫ് ശ്രദ്ധ കേന്ദ്രീകരിക്കുക.

Comments

comments

Categories: Business & Economy