മൈക്രോമാക്‌സ് ഇലക്ട്രിക് വാഹന മേഖലയില്‍ പ്രവേശിക്കുന്നു

മൈക്രോമാക്‌സ് ഇലക്ട്രിക് വാഹന മേഖലയില്‍ പ്രവേശിക്കുന്നു

ഇലക്ട്രിക് ഇരുചക്ര, മൂന്നുചക്ര വാഹനങ്ങളിലാണ് മൈക്രോമാക്‌സ് ഒരുകൈ നോക്കുന്നത്

ന്യൂഡെല്‍ഹി : ഗുരുഗ്രാം ആസ്ഥാനമായ മൈക്രോമാക്‌സ് ഇന്‍ഫര്‍മാറ്റിക്‌സ് ഇലക്ട്രിക് വാഹന, ബാറ്ററി നിര്‍മ്മാണ മേഖലയില്‍ പ്രവേശിക്കാനൊരുങ്ങുന്നു. മൊബീല്‍ ഫോണ്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് സെഗ്‌മെന്റുകളില്‍ മത്സരം കനക്കുന്നതാണ് പുതിയ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്. വാഹനങ്ങളുടെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ മൈക്രോമാക്‌സ്. അതേസമയം കമ്പനിയുടെ ചില ലിഥിയം ബാറ്ററി മോഡലുകള്‍ക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞു.

ഇലക്ട്രിക് ഇരുചക്ര, മൂന്നുചക്ര വാഹനങ്ങളിലാണ് മൈക്രോമാക്‌സ് ഒരുകൈ നോക്കുന്നത്. വാഹനങ്ങളുടെ പ്രോട്ടോടൈപ്പുകള്‍ ഇതിനകം പരീക്ഷിച്ചു. ഇലക്ട്രിക് റിക്ഷകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ലിഥിയം ബാറ്ററികള്‍ക്ക് ഈയിടെയാണ് അനുമതി ലഭിച്ചത്. ഫണ്ടിംഗിനായി വിവിധ നിക്ഷേപകരുമായി ചര്‍ച്ച നടത്തിവരികയാണ് ഇപ്പോള്‍ മൈക്രോമാക്‌സ്. ഇലക്ട്രിക് വാഹന മേഖലയില്‍ പ്രവേശിക്കുകയാണെന്ന് മൈക്രോമാക്‌സ് സഹ സ്ഥാപകന്‍ രാജേഷ് അഗര്‍വാള്‍ സ്ഥിരീകരിച്ചു. എന്നാല്‍ കാര്യങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രിക് വാഹന സെഗ്‌മെന്റ് വലിയ അവസരങ്ങളാണ് കാഴ്ച്ചവെയ്ക്കുന്നതെന്ന് മറ്റൊരു എക്‌സിക്യൂട്ടീവ് പറഞ്ഞു.

ബജാജ് ഓട്ടോ, മഹീന്ദ്ര & മഹീന്ദ്ര, ടിവിഎസ്, പിയാജിയോ എന്നീ കമ്പനികള്‍ മാത്രമാണ് നിലവില്‍ ഇലക്ട്രിക് മൂന്നുചക്രവാഹന സെഗ്‌മെന്റില്‍ മത്സരിക്കുന്നത്. ഇലക്ട്രിക് റിക്ഷ വിപണി അസംഘടിതമാണ്. ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ മികച്ച സാധ്യതകളാണ് കാണുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനാല്‍ ഇലക്ട്രിക് മൂന്നുചക്ര, ഇരുചക്ര വാഹനങ്ങള്‍ക്ക് വരും നാളുകളില്‍ വലിയ ആവശ്യകത പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. യുബര്‍, ഒല തുടങ്ങിയ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വലിയ തോതില്‍ വാങ്ങിക്കൂട്ടും. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ്. ഈ അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്താനാണ് മൈക്രോമാക്‌സ് തീരുമാനം.

പ്രോട്ടോടൈപ്പ് വാഹനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചാല്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റിന് സ്ഥലം കണ്ടെത്തുന്ന ജോലികള്‍ ആരംഭിക്കും. പുണെ, ബെംഗളൂരു, ചെന്നൈ എന്നീ സ്ഥലങ്ങളാണ് പരിഗണിക്കുന്നത്. മൈക്രോമാക്‌സിന്റെ ലിഥിയം അയണ്‍ ബാറ്ററികള്‍ക്ക് പതിനഞ്ച് ദിവസം മുമ്പാണ് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. ഇലക്ട്രിക് റിക്ഷകളില്‍ ബാറ്ററി ഉപയോഗിക്കാവുന്ന ബാറ്ററി ഇപ്പോള്‍ വിപണിയില്‍ ലഭിക്കും.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റുന്നതോടെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മേഖല മൈക്രോമാക്‌സ് ഉപേക്ഷിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഷഓമി, ഓപ്പോ, വിവോ, ലെനോവോ തുടങ്ങിയ ചൈനീസ് കമ്പനികളാണ് മാതൃ വിപണിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഭീഷണിയായത്. 2017 വര്‍ഷാന്ത്യ കണക്കുകളനുസരിച്ച് മൊബീല്‍ ഫോണ്‍ വിപണിയുടെ 54 ശതമാനം ഈ കമ്പനികളാണ് കയ്യാളുന്നത്. പുതിയ വഴി തേടുന്ന ആദ്യ ഹാന്‍ഡ്‌സെറ്റ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായിരിക്കും മൈക്രോമാക്‌സ്. ചൈനീസ് കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി കാരണം നിലവിലെ മൊബീല്‍ ഫോണ്‍ ബിസിനസ് ശക്തിപ്പെടുത്താന്‍ കഴിയാതെ കിതയ്ക്കുകയാണ് കമ്പനി.

ഫണ്ടിംഗിനായി വിവിധ നിക്ഷേപകരുമായി ചര്‍ച്ച നടത്തിവരികയാണ് കമ്പനി. പുതിയ വഴി തേടുന്ന ആദ്യ ഹാന്‍ഡ്‌സെറ്റ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായിരിക്കും മൈക്രോമാക്‌സ്

മൈക്രോമാക്‌സിന്റെ ആകെ വരുമാനത്തില്‍ ഇരുപത് ശതമാനമാണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് സംഭാവന ചെയ്യുന്നത്. ഏകദേശം 6,000 കോടി രൂപ. പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതോടെ 2019 മാര്‍ച്ചില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് സംഭാവന ചെയ്യുന്ന വരുമാന വിഹിതം 30 ശതമാനമായിരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ലാപ്‌ടോപ്, ടാബ്‌ലെറ്റ്, ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍ എന്നിവയാണ് മൈക്രോമാക്‌സ് വില്‍ക്കുന്നത്. വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, എയര്‍ കൂളര്‍ എന്നിവ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഈയിടെ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Auto