2017-18 : കയറ്റുമതി കാറുകളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഫോഡ് ഇക്കോസ്‌പോര്‍ട്

2017-18 : കയറ്റുമതി കാറുകളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഫോഡ് ഇക്കോസ്‌പോര്‍ട്

ടോപ് 10 പട്ടികയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നീ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് സ്ഥാനം ലഭിച്ചില്

ന്യൂഡെല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്ത കാറുകളില്‍ ഫോഡ് ഇക്കോസ്‌പോര്‍ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2016-17 ല്‍ ഇക്കോസ്‌പോര്‍ട് ഒന്നാം സ്ഥാനത്തായിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സാണ് (സിയാം) പാസഞ്ചര്‍ വാഹന സെഗ്‌മെന്റിലെ ടോപ് 10 കയറ്റുമതി കാറുകളുടെ കണക്കുകള്‍ പുറത്തുവിട്ടത്.

കോംപാക്റ്റ് എസ്‌യുവിയായ ഇക്കോസ്‌പോര്‍ടിന്റെ 90,599 യൂണിറ്റുകളാണ് ഫോഡ് ഇന്ത്യ കയറ്റുമതി ചെയ്തത്. 2016-17 ല്‍ 79,539 യൂണിറ്റായിരുന്നു കയറ്റുമതി. ടോപ് 10 പട്ടികയില്‍ ഹ്യുണ്ടായ്, മാരുതി സുസുകി കമ്പനികള്‍ ഇടംപിടിച്ചപ്പോള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നീ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് സ്ഥാനം ലഭിച്ചില്ല.

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന അവസാനിപ്പിച്ചെങ്കിലും കയറ്റുമതി കാറുകളില്‍ രണ്ടാം സ്ഥാനം ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുടെ ബീറ്റ് കരസ്ഥമാക്കി. 2018 സാമ്പത്തിക വര്‍ഷം കോംപാക്റ്റ് ഹാച്ച്ബാക്കിന്റെ 83,140 യൂണിറ്റാണ് കയറ്റുമതി ചെയ്തത്. മുന്‍ സാമ്പത്തിക വര്‍ഷം 70,735 യൂണിറ്റായിരുന്നു. പുണെയിലെ തലേഗാവ് പ്ലാന്റില്‍നിന്ന് ചിലി, മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍, പെറു, അര്‍ജന്റീന എന്നിവിടങ്ങളിലേക്കാണ് ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ഷെവര്‍ലെ ബീറ്റ് കയറ്റി അയയ്ക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ വെന്റോയാണ് 2017-18 വര്‍ഷത്തെ ടോപ് 10 കയറ്റുമതി പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 77,005 യൂണിറ്റ് വെന്റോ കയറ്റുമതി ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷം 71,539 യൂണിറ്റായിരുന്നു കയറ്റുമതി. ഫോഡ് ഇന്ത്യയുടെ ഫിഗോ, ഫിഗോ ആസ്പയര്‍ എന്നീ രണ്ട് മോഡലുകളും ടോപ് 10 പട്ടികയില്‍ ഇടംപിടിച്ചു. യഥാക്രമം നാല്, ഒമ്പത് സ്ഥാനങ്ങളാണ് കരസ്ഥമാക്കിയത്. 61,241 യൂണിറ്റ് ഫോഡ് ഫിഗോയും 29,308 യൂണിറ്റ് ഫിഗോ ആസ്പയറും കയറ്റുമതി ചെയ്തു.

നിസ്സാന്‍ മൈക്ര, ഹ്യുണ്ടായ് എക്‌സെന്റ് എന്നിവ ഇത്തവണ ടോപ് 10 പട്ടികയില്‍നിന്ന് പുറത്തായി

ഹ്യുണ്ടായ് ക്രേറ്റ, ഗ്രാന്‍ഡ് ഐ10 എന്നിവ യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. 50,820 യൂണിറ്റ് ഹ്യുണ്ടായ് ക്രേറ്റ, 44,907 യൂണിറ്റ് ഗ്രാന്‍ഡ് ഐ10 കയറ്റി അയച്ചു. ഏഴാം സ്ഥാനത്ത് മാരുതി സുസുകി ബലേനോയാണ്. 41,433 യൂണിറ്റ് കയറ്റുമതി ചെയ്തു. എട്ടാം സ്ഥാനം നേടിയത് നിസ്സാന്‍ സണ്ണിയാണ്. കയറ്റുമതി 34,075 യൂണിറ്റ്. 2017-18 ല്‍ പത്താം സ്ഥാനത്ത് മാരുതി ഇഗ്നിസാണ്. 22,969 യൂണിറ്റ് കയറ്റുമതി ചെയ്തു. 2016-17 ല്‍ യഥാക്രമം നാല്, പത്ത് സ്ഥാനങ്ങളിലുണ്ടായിരുന്ന നിസ്സാന്‍ മൈക്ര, ഹ്യുണ്ടായ് എക്‌സെന്റ് എന്നിവ ഇത്തവണ ടോപ് 10 പട്ടികയില്‍നിന്ന് പുറത്തായി.

Comments

comments

Categories: Auto