ഗ്രോസറി വിഭാഗത്തില്‍ ഇരട്ടി വളര്‍ച്ച നേടുമെന്ന് ആമസോണ്‍

ഗ്രോസറി വിഭാഗത്തില്‍ ഇരട്ടി വളര്‍ച്ച നേടുമെന്ന് ആമസോണ്‍

ആമസോണ്‍ ഫ്രഷ് ഇന്ത്യയില്‍ അവതരിപ്പിക്കും

ബെംഗളൂരു: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ പലചരക്കു സാധനങ്ങളുടെ വിഭാഗത്തില്‍ ഇരട്ടി വളര്‍ച്ച നേടുമെന്ന് ആമസോണ്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ തങ്ങളുടെ ബിസിനസിന്റെ പകുതിയിലധികവും ഗ്രോസറി, ഹൗസ്‌ഹോള്‍ഡ് വിഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആമസോണ്‍ അറിയിച്ചു.

വില്‍ക്കുന്ന യൂണിറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പലചരക്കുസാധനങ്ങള്‍, ക്രീം, സോപ്പ്, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യയില്‍ആമസോണിന്റൈ ഏറ്റവും വലിയ ഉല്‍പ്പന്ന വിഭാഗമെന്ന് കമ്പനിയുടെ ഇന്ത്യ മേധാവി അമിത് അഗര്‍വാള്‍ പറഞ്ഞു. ആമസോണ്‍ ഫ്രഷ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും എന്നാല്‍, എപ്പോഴായിരിക്കും ഫ്രഷ് വിഭാഗത്തിന് തുടക്കം കുറിക്കുകയെന്ന് കൃത്യമായി പറയാനാകില്ലെന്നും അഗര്‍വാള്‍ വ്യക്തമാക്കി.

പച്ചക്കറികളും മല്‍സ്യമാംസാദികളും ഐസ്‌ക്രീമുമെല്ലാം രണ്ട് മണിക്കൂറിനകം ഡെലിവെറി ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള വളര്‍ച്ച ആമസോണ്‍ ഇന്ത്യ അഞ്ച് വര്‍ഷത്തിനുള്ളില്‍ നേടുമെന്നും അഗര്‍വാള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിനും മുന്‍പാണ് യുഎസ് വിപണിയില്‍ ആമസോണ്‍ ഫ്രഷ് അവതരിപ്പിച്ചത്. ഫ്രഷ് ഗ്രോസറി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന ആമസോണിന്റെ പുതിയ ബിസിനസ് മാതൃകയാണിത്. പാന്‍ട്രി എന്ന പേരിലുള്ള സര്‍വീസ് വഴിയാണ് നിലവില്‍ ആമസോണ്‍ ഇന്ത്യയില്‍ പലചരക്ക്‌സാധനങ്ങള്‍ വില്‍ക്കുന്നത്. ഇതോടൊപ്പം ചില ഫ്രഷ് ഉല്‍പ്പന്നങ്ങളും ആമസോണ്‍ വിപണനം ചെയ്യുന്നുണ്ട്. രണ്ട് മണിക്കൂറിനുള്ളില്‍ ഉല്‍പ്പന്നങ്ങളുടെ ഡെലിവെറി വാഗ്ദാനം ചെയ്യുന്ന ആമസോണ്‍ നൗ സര്‍വീസിനായി രാജ്യത്തെ നാല് നഗരങ്ങളില്‍ നിന്നുള്ള പ്രാദേശിക കച്ചവടക്കാരുമായും കമ്പനി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്.

യുഎസിനു പുറത്ത് ആമസോണിന് ഏറ്റവും കൂടുതല്‍ സജീവ ഉപയോക്താക്കളുള്ള വിപണിയാണ് ഇന്ത്യ. ഒരു ദശാബ്ദത്തിനുള്ളില്‍ 200 ബില്യണ്‍ ഡോളര്‍ വളര്‍ച്ച നേടാന്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിക്കാകുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിരീക്ഷണം. മൊബീല്‍ ഡാറ്റ നിരക്കുകള്‍ കുറഞ്ഞ തലത്തിലേക്ക് പോകുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ പ്രചാരം വര്‍ധിക്കുമെന്നും ഇത് വിപണി വളര്‍ച്ചയ്ക്ക് സഹായമാകുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു. വിപണിയിലെ ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് ആണസോണ്‍ നോക്കുന്നത്. കമ്പനിക്ക് ഇന്ത്യയില്‍ 100 മില്യണിലധികം രജിസ്റ്റേഡ് ഉപയോക്താക്കളാണ് ഇപ്പോഴുള്ളത്. അടുത്ത 100 മില്യണ്‍ ഉപയോക്തക്കളെ കൂടി നേടാനാണ് കമ്പനിയുടെ ശ്രമമെന്നും അമിത് അഗര്‍വാള്‍ പറഞ്ഞു.

Comments

comments

Categories: Business & Economy