വിപണി മൂല്യത്തില്‍ ആപ്പിളിന് നഷ്ടം 60 ബില്യണ്‍ ഡോളര്‍

വിപണി മൂല്യത്തില്‍ ആപ്പിളിന് നഷ്ടം 60 ബില്യണ്‍ ഡോളര്‍

2017ന്റെ നാലാം പാദത്തില്‍ ആഗോള തലത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ആവശ്യകതയില്‍ ഇടിവ് നേരിട്ടിരുന്നു

തായ്‌പെയ്: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ വിപണി മൂല്യത്തില്‍ 60 ബില്യണ്‍ ഡോളറിലധികം നഷ്ടം കുറിച്ചതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ഏറ്റവും വലിയ വിതരണക്കാരയ തായ്‌വാന്‍ സെമികണ്ടക്റ്റര്‍ മാനുഫാക്ച്ചറിംഗ് കമ്പനി തങ്ങളുടെ പ്രകടന റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെയാണ് വിപണിയില്‍ ആപ്പിള്‍ നഷ്ടം നേരിട്ടത്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ആവശ്യകത കുറയുമെന്നും ഇത് കമ്പനിയുടെ വരുമാനത്തില്‍ പ്രതിഫലിച്ചേക്കുമെന്നുമുള്ള തായ്‌വാന്‍ സെമികണ്ടക്റ്ററിന്റെ നിഗമനമാണ് ആപ്പിളിനെ നഷ്ടത്തിലേക്ക് നയിച്ചത്.

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഈ വര്‍ഷം കാര്യമായ ഇടിവുണ്ടാകുമെന്നാണ് തായ്‌വാന്‍ സെമികണ്ടക്റ്ററിന്റെ വിലയിരുത്തല്‍. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം രണ്ട് ദിവസങ്ങളിലായി ആപ്പിളിന്റെ ഓഹരികള്‍ ഏകദേശം ഏഴ് ശതമാനത്തോളം ഇടിഞ്ഞതായാണ് വിവരം. ആപ്പിള്‍ ഓഹരികളെ മാത്രമല്ല ഈ റിപ്പോര്‍ട്ട് ബാധിച്ചത്. ആഗോള തലത്തിലുള്ള മറ്റ് നിരവധി ചിപ് നിര്‍മാണ കമ്പനികളും ഇതോടെ വിപണിയില്‍ നഷ്ടം നേരിട്ടു. അനലോഗ് ഡിവൈസ്, ഡയലോഗ് സെമികണ്ടക്റ്റര്‍, ക്വാല്‍കോം, ക്വര്‍വോ എന്നിവയാണ് വിപണി മൂല്യത്തില്‍ നഷ്ടം കുറിച്ച പ്രധാന കമ്പനികള്‍.

കഴിഞ്ഞ വര്‍ഷം ചൈനയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഇടിവ് നേരിട്ടിരുന്നു. 2009 മുതലുള്ള കാലയളവില്‍ ഇതാദ്യമായാണ് ചൈനയിലെ സ്മാര്‍ട്ട്‌ഫോണ്‍ ആവശ്യകതയില്‍ ഇടിവ് നേരിടുന്നത്. ആഗോളതലത്തിലും 2017ന്റെ നാലാം പാദത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ആവശ്യകതയില്‍ ഇടിവ് നേരിട്ടിരുന്നു. 2004 മുതലുള്ള കാലയളവിനിടെ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയിലുണ്ടായ ആദ്യ ഇടിവായിരുന്നു അത്. ഈ വര്‍ഷവും ഇതേ പ്രവണതയുണ്ടാകുമെന്നാണ് തായ്‌വാന്‍ സെമികണ്ടക്റ്ററിന്റെ നിരീക്ഷണം.

അടുത്ത ഐഫോണ്‍ മോഡലുകളുടെ നിര്‍മാണത്തിനായി എല്‍ജിയുടെ ഒലെഡ് ഡിസ്‌പ്ലേകളും സ്‌ക്രീനുകളും ലഭ്യമാക്കുന്നതിനുള്ള ആപ്പിളിന്റെ ശ്രമങ്ങള്‍ മാനുഫാക്ച്ചറിംഗ് രംഗത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായും ഇതും വിപണിയില്‍ കമ്പനി തിരിച്ചടി നേരിടാന്‍ കാരണമായതായും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സാംസംഗിന്റെ ഒലെഡ് ഡിസ്‌പ്ലേകളാണ് ആപ്പിള്‍ ഐഫോണ്‍ എക്‌സിനായി ഉപയോഗിക്കുന്നത്. ഐഫോണ്‍ 8, 8 പ്ലസ് മോഡലുകളില്‍ ഉപയോഗിക്കുന്ന എല്‍സിഡി പാനലുകള്‍ വിതരണം ചെയ്യുന്നത് എജിയാണ്. ആപ്പിള്‍ വാച്ച് സ്‌ക്രീനിന്റെ ഡിസ്‌പ്ലേയും എല്‍ജി നിര്‍മിച്ചതാണ്. അതേസമയം, ആപ്പിള്‍ സ്വന്തമായി ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ ഡിസൈന്‍ ചെയ്യാനും നിര്‍മിക്കാനും തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2019ല്‍ പുറത്തിറക്കുന്ന എല്ലാ മോഡലുകള്‍ക്കും ആപ്പിള്‍ സ്വന്തം ഒലെഡ് ഡിസ്‌പ്ലേ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy