ആലപ്പുഴയുടെ സ്വന്തം കേക്ക് മേക്കര്‍

ആലപ്പുഴയുടെ സ്വന്തം കേക്ക് മേക്കര്‍

വിനോദത്തിനായി കേക്ക് ഉണ്ടാക്കി, ഒടുവില്‍ ക്യൂട്ടി പൈ എന്ന കേക്ക് ബ്രാന്‍ഡ് ഉണ്ടായ കഥയാണ് ആലപ്പുഴ സ്വദേശിനിയും ക്യൂട്ടി പൈ കേക്ക്സിന്റെ ഉടമയുമായ ഫൗസി ആര്‍ നൈസാമിന് പറയാനുള്ളത്. ദിവസം നാല് കേക്കുകള്‍ മാത്രം വില്‍ക്കുന്ന സ്ഥാപനത്തില്‍ നിന്നും പ്രതിദിനം ആയിരത്തിലേറെ കസ്റ്റമൈസ്ഡ് കേക്കുകള്‍ വിറ്റുപോകുന്ന സ്ഥാപനമായി ക്യൂട്ടി പൈ കെക്ക്‌സ് മാറിയത് ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടാണ്.ഇന്ന് തെക്കന്‍ കേരളത്തിലെ മൂന്നു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു ക്യൂട്ടി പൈ കേക്ക്സിന്റെ വിപണി.

 

സംരംഭകരാകാന്‍ ഏറെ ആഗ്രഹിച്ച് എത്തുന്നവരേക്കാള്‍ വിധിയുടെ നിയോഗം പോലെ വഴിതെറ്റി സംരംഭകത്വത്തിലേക്ക് എത്തുന്നവരായിരിക്കും ഈ മേഖലയില്‍ കൂടുതല്‍ ശോഭിക്കുക. ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എം എ യൂസഫലി ഉള്‍പ്പെടെ പല പ്രമുഖ സംരംഭകരുടെയും ജീവിതകഥയില്‍ എന്ന പോലെ, അത്തരത്തില്‍ വന്നു ചേര്‍ന്ന ഒരു വഴിത്തിരിവാണ് ഫൗസി ആര്‍ നൈസാം എന്ന ആലപ്പുഴക്കാരിയെ കേരളത്തിന്റെ ഭക്ഷ്യമേഖലയിലെ അറിയപ്പെടുന്ന ഒരു സംരംഭകയാക്കിമാറ്റിയത്.ക്യൂട്ടി പൈ കേക്ക്‌സ് എന്ന ബ്രാന്‍ഡിലൂടെ ഇന്ന് മലയാളികള്‍ക്ക് സുപരിചതമാണ് ഫൗസി ആര്‍ നൈസാം എന്ന പേര്.

മുന്‍കൂട്ടി ഉറപ്പിച്ചുകൊണ്ടല്ല ഫൗസി സംരംഭത്വത്തിലേക്ക് കടന്നുവന്നത്. എടുത്തുപറയത്തക്ക ബിസിനസ് പാരമ്പര്യം ഒന്നും ഇല്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഫൗസി ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജില്‍ നിന്ന് ഹോംസയന്‍സിലാണ് ഡിഗ്രിയെടുത്തത്. പഠന കാലയളവില്‍ തന്നെ പാചകത്തില്‍, പ്രത്യേകിച്ച് ബേക്കിംഗില്‍ ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു ഫൗസി. എന്നാല്‍ അപ്പോള്‍ ഒന്നും തന്നെ ഫൗസിയുടെ ബേക്കിംഗിന് സംരംഭകത്വ മുഖം ഉണ്ടായിരുന്നില്ല.

വീട്ടിലെ അംഗങ്ങളുടെ പിറന്നാളുകള്‍ക്കും കൂട്ടുകാരുടെ വിവാഹവാര്‍ഷികത്തിനും ഒക്കെയായിരുന്നു ഫൗസി കേക്കുകള്‍ ഉണ്ടാക്കിയിരുന്നത്. പഠിച്ചത് ഹോം സയന്‍സ് ആയതിനാല്‍ തന്നെ, പ്രിസര്‍വേറ്റിവുകള്‍ ഉപയോഗിച്ച് ഭക്ഷണത്തിലൂടെ മനുഷ്യന്റെ ആരോഗ്യത്തെ തകരാറിലാക്കാന്‍ ഫൗസിക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഫൗസിയുടെ കേക്കുകള്‍ക്ക് ഷെല്‍ഫ് ലൈഫ് വളരെ കുറവായിരുന്നു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ഉടനെ ആലപ്പുഴ സ്വദേശിയായ, ഫുഡ് ബിസിനസ് ചെയ്തിരുന്ന നൈസാമിനെ വിവാഹം ചെയ്തു. വാസ്തവത്തില്‍ ആ വിവാഹത്തിലൂടെയാണ് ഫൗസിയുടെ തലവര മാറുന്നത്.

ടീച്ചര്‍ ബേക്കര്‍ ആകുന്നു

വിവാഹശേഷം ഫൗസി സെന്റ് ജോസഫ്സ് സ്‌കൂളില്‍ അധ്യാപികയായി ജോലിക്ക് കയറി. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായി ജോലിയില്‍ തുടരുമ്പോഴും ഫൗസി കേക്കുകളുടെ ലോകത്ത് വ്യാപൃതയായിരുന്നു. കേക്കുകളിലെ പുത്തന്‍ രുചി പരീക്ഷണങ്ങളില്‍ ആയിരുന്നു ഫൗസിയുടെ ശ്രദ്ധ. വിപണിയില്‍ പുതുതായി ഏതു കേക്ക് എത്തിയാലും ഫൗസി അത് തന്റെ അടുക്കളയില്‍ പരീക്ഷിച്ചിരിക്കും. മാത്രമല്ല, തന്റേതായ രുചിക്കൂട്ടുകള്‍ പ്രത്യേകം വികസിപ്പിച്ചെടുത്ത് ഫൗസി തന്റേതായ ഫ്‌ലേവറുകളില്‍ കേക്കുകള്‍ നിര്‍മിക്കുകയും ചെയ്തിരുന്നു.

500 രൂപയുടെ വാനില കേക്ക് മുതല്‍ തുടങ്ങുന്നതാണ് ക്യൂട്ടിപൈയിലെ കേക്കുകള്‍. വെഡ്ഡിംഗ് ഗൗണിന്റെ രൂപത്തില്‍ ചെയ്ത ഒരു കേക്കിന് ഒരു ലക്ഷം രൂപ വരെ ചെലവായിട്ടുണ്ട്. സാധാരണയായി 500 രൂപയ്ക്കും 1000 രൂപയ്ക്കും ഇടക്കുള്ള കേക്കുകളാണ് ക്യൂട്ടി പൈയില്‍ നിന്നും അധികവും വിറ്റു പോകുന്നത്. കസ്റ്റമൈസ്ഡ് കേക്കുകളുടെ വില വലുപ്പം, തീം, അത് ചെയ്യാന്‍ എടുക്കുന്ന സമയം, ഉപയോഗിച്ചിരിക്കുന്ന വസ്തുക്കള്‍ എന്നിവയെ ആശ്രയിച്ചിരിക്കും

അങ്ങനെ, ഭര്‍ത്താവിന്റെ വീട്ടിലും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കിടയിലും ഒക്കെ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഫൗസിയുടെ കേക്കുകള്‍ താരമായി.പഴച്ചാറുകളില്‍ നിന്നുള്ള കേക്ക് നിര്‍മാണം ഫൗസിയുടെ വേറിട്ട ശൈലി ആയിരുന്നു. കേക്ക് നിര്‍മാണം പതുക്കെ ഹിറ്റായി. ഫൗസിയെത്തേടി കേക്കിനായി ഓര്‍ഡറുകള്‍ വന്നു തുടങ്ങുന്നു എന്ന ഘട്ടം എത്തിയപ്പോള്‍, ഭര്‍ത്താവ് നൈസാം ആണ് , അധ്യാപനം വിട്ട് കേക്ക് ബേക്കിംഗിലേക്ക് തിരിയാന്‍ ഫൗസിയെ ഉപദേശിച്ചത്.എന്നാല്‍ , ഇഷ്ടമുള്ള മേഖലയാണ് എങ്കിലും ഏതൊരു തുടക്കക്കാരിയെയും പോലെ വിജയിക്കുമോ എന്ന ആശങ്ക ഫൗസിയെ വിടാതെ പിന്തുടര്‍ന്നിരുന്നു. ഈ സമയത്ത് ബിസിനസിലെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചതും ആത്മവിശ്വാസം പകര്‍ന്നും കൂടെ നിന്നത് ഭര്‍ത്താവാ നൈസാം ആയിരുന്നു.

”ജീവിതത്തിന്റെ ദിശമാറ്റിയ കേക്ക് നിര്‍മാണം കരിയര്‍ ആയി എടുക്കാം എന്ന് തീരുമാനിച്ചുറച്ചപ്പോഴാണ് ജര്‍മനിയില്‍ കേക്ക് നിര്‍മാണത്തിന്റെ അഡ്വാന്‍സ് കോഴ്സിന് ചേരുന്നത്. പഠനം കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ ആദ്യം ആലോചിച്ചത് കേക്ക് ബേക്കിംഗ് പഠിപ്പിക്കുന്നതിനായി ക്രാഷ് കോഴ്സ് തുടങ്ങുക എന്നതായിരുന്നു. എന്നാല്‍ ഭര്‍ത്താവ് നൈസാമാണ് വേറൊരു വഴികാട്ടി തന്നത്. നിന്റെ അറിവുകള്‍ ഒരു മുറിയില്‍ കുറച്ചു പേര്‍ക്ക് പറഞ്ഞുകൊടുക്കുന്നതില്‍ മാത്രമൊതുങ്ങേണ്ടതല്ല, അത് പ്രാക്ടിക്കല്‍ ആക്കാനുള്ള വഴികള്‍ ആലോചിക്കാന്‍ അദ്ദേഹം പറഞ്ഞു. അദ്ദേഹം നല്‍കിയ ആ ആത്മവിശ്വാസത്തില്‍ നിന്നുമാണ് ക്യൂട്ടി-പൈ ഉണ്ടാവുന്നത്” ഫൗസി പറയുന്നു.

”നൈസാമാണ് ഇഷ്ടമുള്ള മേഖല തെരഞ്ഞെടുത്താല്‍ മാത്രമേ ഒരു വ്യക്തി ശോഭിക്കുകയുള്ളൂ എന്ന് ഫൗസിയെ പറഞ്ഞു മനസിലാക്കിയത്. ബിസിനസ് തുടങ്ങിയാല്‍ വിജയിക്കുമോ എന്ന പേടിക്ക് അടിസ്ഥാനം ഇല്ലാതാക്കിയ അദ്ദേഹം, സ്വന്തം ബ്രാന്‍ഡ് എന്ന സ്വപ്നം ഫൗസിയില്‍ നിറച്ചു. അങ്ങനെ 2012 ല്‍ ആലപ്പുഴയില്‍ ക്യൂട്ടി പൈ കേക്ക്‌സ് എന്ന ബ്രാന്‍ഡ് നെയിമില്‍ ഫൗസി തന്റെ ആദ്യ സ്ഥാപനം ആരംഭിച്ചു.

”പ്രിസര്‍വേറ്റിവുകള്‍ ചേര്‍ക്കാതെ ബേക്കറുടെ സ്വന്തം കൈ കൊണ്ട് നിര്‍മിക്കുന്ന കേക്ക് എന്നതായിരുന്നു ക്യൂട്ടി പൈ കേക്കുകളുടെ പ്രധാന പ്രത്യേകത. പ്രിസര്‍വേറ്റിവുകള്‍ ചേര്‍ക്കാത്തതിനാല്‍ ഷെല്‍ഫ് ലൈഫ് വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ ഓര്‍ഡര്‍ ലഭിക്കുന്നതിന് അനുസരിച്ചു മാത്രമാണ് ഞാന്‍ കേക്കുകള്‍ നിര്‍മിച്ചിരുന്നത്. പ്രവര്‍ത്തനം തുടങ്ങി ആദ്യവര്‍ഷം ദിവസം നാലുകേക്കുകള്‍ മാത്രാമാണ് വിറ്റു പോയിരുന്നത്. ഇപ്പോഴത് ആയിരത്തില്‍ എത്തി നില്‍ക്കുന്നു” ഫൗസി ആര്‍ നൈസാം പറയുന്നു.

കച്ചവടം പൂട്ടേണ്ടി വന്നാലും ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ല

ഉപഭോക്താക്കളുടെ ആരോഗ്യം തകര്‍ത്തുകൊണ്ട് കൊള്ളലാഭം നേടേണ്ട ആവശ്യം തനിക്കില്ല എന്ന് തുടക്കം മുതല്‍ക്കേ ഫൗസി തന്നെ പറഞ്ഞു പഠിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വിപണിയിലെ മറ്റു ബേക്കര്‍മാരോട് കിടപിടിച്ചു നില്‍ക്കുക എന്നത് ഏറെ ശ്രമകരമായ ഒന്നായിരുന്നു. എന്നാല്‍ ഗുണമേന്മ ,രുചി എന്നീ ഘടകങ്ങളെ കൈമുതലാക്കിയാണ് ഫൗസി ഈ കടമ്പ കടന്നത്. കച്ചവടം പൂട്ടേണ്ടി വന്നാലും ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ല , തന്റെ ബേക്കിംഗില്‍ ഫൗസി പുലര്‍ത്തിയ ഈ നിഷ്‌കര്‍ഷത ഉപഭോക്താക്കള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. അങ്ങനെ ക്യൂട്ടി പൈ കേക്ക്സിന്റെ രുചിപ്പെരുമ ആലപ്പുഴയുടെ അതിര്‍ത്തികടന്നും വ്യാപിക്കാന്‍ തുടങ്ങി.

ആലപ്പുഴ കളക്ട്രേറ്റിനോട് ചേര്‍ന്ന് പൂര്‍ണമായും യൂറോപ്യന്‍ മാതൃകയില്‍ നിര്‍മിച്ച വലിയ കെട്ടിടത്തിലേക്ക് രുചികരമായ കേക്കുകള്‍ തേടി ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ ഭര്‍ത്താവ് നൈസാം കാണിച്ചു തന്ന വഴി തന്നെയായിരുന്നു ശരിയെന്ന് ഫൗസിക്ക് മനസിലായി. ഇന്ന് പ്രതിദിനം ആയിരത്തോളം കേക്കുകള്‍ ക്യൂട്ടി പൈ കേക്ക്‌സില്‍നിന്നും വിറ്റു പോകുന്നു.

പ്രവര്‍ത്തനം ആരംഭിച്ച് നാലുവര്‍ഷത്തിനുള്ളില്‍ ആലപ്പുഴയും കോട്ടയവും ഉള്‍പ്പെടെ തെക്കന്‍ കേരളത്തിലെ നാല് ജില്ലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ ക്യൂട്ടി പൈ കേക്ക്‌സിനു കഴിഞ്ഞു. അടുത്തതായി എറണാകുളം ജില്ലയില്‍ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ ഇരിക്കുകയാണ് ഫൗസി. വ്യത്യസ്തമായ ബേക്കിംഗിലൂടെ തന്റേതായ രുചിയിടം കണ്ടെത്തിയ ഫൗസിയുടെ ക്യൂട്ടി പൈ എന്ന സ്ഥാപനത്തിന്റെ ഫ്രാന്‍ഞ്ചൈസികള്‍ തേടി നിരവധിപേരാണ് എത്തുന്നത്. എന്നാല്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ലാത്തതിനാല്‍ ഫ്രാഞ്ചൈസി നല്‍കുന്നതിനെ പറ്റി താന്‍ ചിന്തിക്കുന്നില്ല എന്ന് ഫൗസി പറയുന്നു. ഫൗസിയുടെ മേല്‍നോട്ടത്തിലല്ലാതെ ഒരു കാര്യവും ക്യൂട്ടി പൈയില്‍ നടക്കില്ല. ഓരോ കേക്കിന്റെയും രുചിക്കൂട്ട് ഉണ്ടാക്കുന്നത് മുതല്‍ കേക്ക് വാങ്ങാനെത്തുന്നവരുടെ താത്പര്യങ്ങളറിയുന്നത് വരെ എല്ലായിടത്തും ഫാസിയുടെ കൈകള്‍ എത്തിയിരിക്കും. ഉപഭോക്താക്കളുടെ താല്പര്യം നേരിട്ട് ചോദിച്ചറിഞ്ഞാണ് ഓരോ പുതിയ രുചിക്കൂട്ടും ഫൗസി വികസിപ്പിക്കുന്നത്.

വിപണിയില്‍ ലഭിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളാണ് ഫൗസി കേക്ക് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഓര്‍ഗാനിക് വെണ്ണയും മറ്റും എത്ര കഷ്ടപ്പെട്ടിട്ടാണ് എങ്കിലും ഫൗസി കണ്ടെത്തിയിരിക്കും. ഫൗസി ഉണ്ടാക്കുന്ന കേക്കുകളുടെ ഗുണനിലവാരത്തില്‍ കാര്യത്തില്‍ ഉറപ്പുള്ളതിനാല്‍ കേക്കിന് ഷെല്‍ഫ് ലൈഫ് കുറവാണ് എന്ന് ആരും പരാതി പറയാനും വരാറില്ല.”ഷെല്‍ഫ് ലൈഫ് കൂടുതല്‍ ലഭിക്കണം എങ്കില്‍ പ്രിസര്‍വേറ്റിവുകള്‍ ചേര്‍ക്കണം, ഞാന്‍ അതിന് തയ്യാറല്ല. എന്റെ കേക്കുകള്‍ പരമാവധി രണ്ടു ദിവസം മാത്രമാണ് കേടുകൂടാതെ നില്‍ക്കുക. ആരോഗ്യമാണോ പണലാഭമാണോ വേണ്ടത് എന്ന് സ്വയം ചിന്തിച്ച് ഉറപ്പിച്ച് എത്തുന്നവര്‍ മാത്രം ക്യൂട്ടി പൈ കേക്കുകള്‍ വാങ്ങിയാല്‍ മതി” ഫൗസി പറയുന്നു.

കസ്റ്റമൈസ്ഡ് കേക്കുകളാണ് താരം

കേക്ക് ബേക്കിംഗിലെ പുതു പുത്തന്‍ ട്രെന്‍ഡുകള്‍ അതേ പോലെ പിന്തുടരുന്നതാണ് ക്യൂട്ടി പൈയുടെ വിജയത്തിനുള്ള പ്രധാന കാരണം. അതിനാല്‍ തന്നെ ഇപ്പോള്‍ ഫൗസി ശ്രദ്ധയൂന്നുന്നത് കസ്റ്റമൈസ്ഡ് കേക്കുകളിലാണ്. വെഡ്ഡിംഗ്, ബിത്രോത്തല്‍, ബാപ്ത്തിസം, വിവാഹവാര്‍ഷികം, തുടങ്ങിയ അവസരങ്ങള്‍ക്കായി പ്രത്യേക തീമിലും പാറ്റേണിലും ഡിസൈന്‍ ചെയ്ത കേക്കുകള്‍ ഫൗസി നിര്‍മിക്കുന്നു. ഓര്‍ഡര്‍ നല്‍കുന്നതിന് അനുസരിച്ച് മാത്രമാണ് ഇത്തരം കേക്കുകളുടെ നിര്‍മാണം.കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ രൂപത്തിലും ഭാവത്തിലും ഉള്ള കേക്കുകളും ഫൗസി നിര്‍മിക്കുന്നു. സാധരണ കേക്കുകളേക്കാള്‍ ശ്രമകരവും ചെലവേറിയതുമാണ് ഇത്തരം കസ്റ്റമൈസ്ഡ് കേക്കുകളുടെ നിര്‍മാണം. എന്നാല്‍ ഇത്തരം കേക്കുകള്‍ക്കാണ് ഇപ്പോള്‍ ആവശ്യാക്കാര്‍ ഏറെ ഉള്ളത് എന്ന് ഫൗസി തന്നെ വ്യക്തമാക്കുന്നു. ഇതിന് പുറമെ ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷവേളകളില്‍ ക്യൂട്ടി പൈ കേക്കുകള്‍ക്ക് മികച്ച വില്പനയാണുള്ളത്.

കോട്ടയം, ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളിലെ ക്യൂട്ടി പൈ ഔട്ട് ലെറ്റ് വഴിയാണ് കസ്റ്റമൈസ്ഡ് കേക്കുകളുടെ വില്പന അധികവും നടക്കുന്നത്. എത്ര തിരക്കുള്ള ദിവസവും കേക്കുകളുടെ പ്രീ-മിക്സ് ഫൗസി നേരിട്ടാണ് ചെയ്യുന്നത്. ഉന്നത ഗുണനിലവാരമുള്ള ചേരുവകള്‍ മാത്രമാണ് ഫൗസി കേക്ക് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഇതില്‍ പലതും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്.

നൂറിലധികം ഫ്‌ലേവറുകളിലുള്ള കേക്കുകള്‍ ഇന്ന് ക്യൂട്ടി-പൈയില്‍ ഉണ്ട്. പഴച്ചാറുകളില്‍ നിന്നുള്ള കേക്കുകള്‍ക്കാണ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ പ്രിയം കൂടുതല്‍. പാഷന്‍ ഫ്രൂട്ടില്‍ നിന്നുള്‍പ്പെടെ വിവിധ പഴങ്ങളുടെ കേക്കുകള്‍ ഫൗസി ഇവിടെ ഒരുക്കിയിരിക്കുന്നു.” മുന്‍കൂട്ടി തയ്യാറാക്കി വച്ചിരിക്കുന്ന കേക്കുകള്‍ വാങ്ങാന്‍ എത്തുന്നവരായല്ല ഞങ്ങള്‍ ഉപഭോക്താക്കളെ കാണുന്നത്. ഓരോ ഉപഭോക്താക്കളെയും പ്രത്യേകം ഗൗനിക്കുന്നു. അവരോട് നേരിട്ട് സംസാരിച്ച്, ഓരോരുത്തരുടേയും ഇഷ്ടങ്ങളും താത്പര്യങ്ങളും മനസ്സിലാക്കി അവര്‍ക്കുള്ള കേക്കുകള്‍ തെരഞ്ഞെടുത്ത് നല്‍കുന്നു. ചിലര്‍ക്ക് ചോക്ലേറ്റ് ഇഷ്ടമായിരിക്കില്ല, മറ്റുചിലര്‍ക്ക് വാനില ഫ്‌ലേവര്‍ ഒട്ടും പിടിക്കില്ല. ഓരോരുത്തരുടേയും താത്പര്യങ്ങള്‍ വേറെയാണ്. ഇത്തരത്തില്‍ ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ഫ്‌ലേവറുകള്‍ നിര്‍ദ്ദേശിക്കാന്‍ ഞാന്‍ ഒരു ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓര്‍ഡര്‍ നല്‍കാന്‍ ആണെങ്കില്‍ അവരാണ് കസ്റ്റമറോട് കൂടുതല്‍ ഡീറ്റെയ്ല്‍ ആയി സംസാരിക്കുക.” ഫൗസി പറയുന്നു

ഉപഭോക്താക്കളുടെ ആരോഗ്യം തകര്‍ത്തുകൊണ്ട് കൊള്ളലാഭം നേടേണ്ട ആവശ്യം തനിക്കില്ല എന്ന് തുടക്കം മുതല്‍ക്കേ ഫൗസി തന്നെ പറഞ്ഞു പഠിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വിപണിയിലെ മറ്റു ബേക്കര്‍മാരോട് കിടപിടിച്ചു നില്‍ക്കുക എന്നത് ഏറെ ശ്രമകരമായ ഒന്നായിരുന്നു. എന്നാല്‍ ഗുണമേന്മ , രുചി എന്നീ ഘടകങ്ങളെ കൈമുതലാക്കിയാണ് ഫൗസി ഈ കടമ്പ കടന്നത്

500 രൂപയുടെ വാനില കേക്ക് മുതല്‍ തുടങ്ങുന്നു ക്യൂട്ടിപൈയിലെ കേക്ക് വില്പന. വെഡ്ഡിംഗ് ഗൗണിന്റെ രൂപത്തില്‍ ചെയ്ത ഒരു കേക്കിന് ഒരു ലക്ഷം രൂപ വരെ ചെലവായിട്ടുണ്ട്. സാധാരണയായി 500 രൂപയ്ക്കും 1000 രൂപയ്ക്കും ഇടക്കുള്ള കേക്കുകളാണ് ക്യൂട്ടി പൈയില്‍ നിന്നും അധികവും വിറ്റു പോകുന്നത്. കസ്റ്റമൈസ്ഡ് കേക്കുകളുടെ വില അതിന്റെ വലുപ്പം, തീം, അത് ചെയ്യാന്‍ എടുക്കുന്ന സമയം, ഉപയോഗിച്ചിരിക്കുന്ന വസ്തുക്കള്‍ എന്നിവയെ ആശ്രയിച്ചിരിക്കും.

വിജയരഹസ്യം കുടുംബത്തിന്റെ പിന്തുണ

അധ്യാപികയായിരുന്ന ഒരു വ്യക്തിയെ, അവളുടെ താല്പര്യം മനസിലാക്കി വിദേശത്ത് വിട്ട് പഠിപ്പിച്ച് സ്വന്തമായി ഒരു സ്ഥാപനം ആരംഭിപ്പിച്ച് ഓരോ ചുവടും ആത്മവിശ്വാസം നല്‍കി കൂടെ നടന്ന കുടുബാംഗങ്ങളാണ് തന്റെ വിജയത്തിന് പിന്നിലെ രഹസ്യമെന്ന് ഫൗസി പറയുന്നു . എന്റെ ഭര്‍ത്താവ് ആണ് ഏറ്റവും ബെസ്റ്റ് ടേസ്റ്റ് അനലൈസര്‍. നൈസാം രുചിച്ച് നല്ലതെന്ന് പറഞ്ഞാല്‍ അത് നല്ലതായിരിക്കും. മോശമായത് അതുപോലെ തുറന്നു പറയുകയും ചെയ്യും. ഇപ്പോള്‍ എന്റെ ഏക മകന്‍ ഫര്‍ഹാനും എനിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു. സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയാണ് എങ്കിലും അവനും കേക്ക് മിക്‌സിംഗിന്റെയും ബേക്കിംഗിന്റെയും ഒക്കെ ഭാഗമാകുന്നുണ്ട് ഇപ്പോള്‍.

ഭാവി പദ്ധതികള്‍

കേരളത്തിലെ ഏറ്റവും മികച്ച കേക്ക് ബ്രാന്‍ഡ് ആക്കി ക്യൂട്ടി പൈ കേക്ക്സിനെ മാറ്റുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ഒപ്പം കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കുക, കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുക. ഈ വര്‍ഷത്തോടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കൂടുതല്‍ വിപുലപ്പെടുത്തും .

Comments

comments