കരിക്ക് കച്ചവടത്തിനൊരു പ്രൊഫഷണല്‍ ടച്ച്

കരിക്ക് കച്ചവടത്തിനൊരു പ്രൊഫഷണല്‍ ടച്ച്

പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത് പായ്ക്കറ്റിലാക്കിയ ജ്യൂസുകള്‍ക്കു പകരം പ്രകൃതിദത്തമായ കരിക്കിന്‍വെള്ളം വില്‍ക്കുന്ന സംരംഭമാണ് ടെന്‍കോ ഫുഡ്‌സ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭം ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളിലായി വിപണനം നടത്തുന്നു

പ്രകൃതിദത്ത പാനീയങ്ങളുടെ രുചി ഒന്നു വേറെ തന്നെയാണ്. കടുത്ത വേനല്‍ക്കാലത്ത് ഒന്നു ഫ്രഷ് ആകാന്‍ കരിക്കിന്‍ വെള്ളത്തിനോളം വരില്ല മറ്റൊന്നും. ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളും പരിശോധിച്ചാല്‍ തെരുവോരങ്ങളില്‍ നിരനിരയായി കരിക്ക് കച്ചവടക്കാരെ കാണാം. ഈ തെരുവോര കച്ചവടത്തെ അല്‍പ്പമൊന്നു പ്രൊഫഷണലാക്കി അവതരിപ്പിച്ചിരിക്കുകയാണ് മണികണ്ഠന്‍ തന്റെ ടെന്‍കോ ഫുഡ്‌സ് (Tenco Food) എന്ന സംരംഭത്തിലൂടെ.

വഴിയോരങ്ങളില്‍ കാറും ബൈക്കും നിര്‍ത്തി കരിക്കിന്‍ വെള്ളം കുടിക്കുന്നവര്‍ കുറവല്ല, എന്നാല്‍ അവ വാങ്ങി സൂക്ഷിക്കാനും സൗകര്യപ്രദമായി കൈകാര്യം ചെയ്യുന്നതിനുമുള്ള ബുദ്ധിമുട്ട് ചെറുതല്ല. മാത്രവുമല്ല എല്ലായിടങ്ങളിലും ഇവ സുലഭവുമല്ല. ഇക്കാരണത്താലാണ് ടിന്നിലടച്ച മറ്റു പ്രശസ്തമായ ബിവറേജുകളേക്കാളും പലപ്പോഴും ഇവയുടെ സ്ഥാനം ചെറുതായിപ്പോകുന്നത്. ഈ വസ്തുത മനസിലാക്കിയാണ് മണികണ്ഠന്‍ ടെന്‍കോ ഫുഡ്‌സിന് തുടക്കമിടുന്നത്. മണികണ്ഠന്റെ കൃഷി പശ്ചാത്തലമുള്ള കുടുംബമായത് സംരംഭത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു. അതോടെ അക്‌സെഞ്ച്വറിലെ ജോലി ഉപേക്ഷിച്ച് ആ യുവാവ് പുതിയ കമ്പനിക്ക് തുടക്കമിടുകയും ചെയ്തു. അര്‍പിത ബഹുഗുണ, സന്തോഷ് പാട്ടീല്‍ എന്നിവരാണ് കമ്പനിയുടെ സഹസ്ഥാപകര്‍.

കരിക്ക് ട്രിം ചെയ്യാന്‍ യന്ത്രം

കരിക്ക് പലപ്പോഴും ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് അതിന്റെ ആവരണത്തിന്റെ കാഠിന്യത്താല്‍ സൗകര്യപ്രദമായി അത്ര എളുപ്പത്തില്‍ തുറക്കാന്‍ കഴിയാത്തതിനാലാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടുകൊണ്ടാണ് ടെന്‍കോയുടെ പ്രവര്‍ത്തനം. കരിക്കിന്റെ മൂടി വളരെ ഭംഗിയായി ട്രിം ചെയ്യാവുന്ന യന്ത്രവും അവര്‍ തന്നെ കണ്ടെത്തി. ഈ യന്ത്രത്തിന്റെ സഹായത്താല്‍ കരിക്ക് ഭാഗീകമായോ പൂര്‍ണമായോ ട്രിം ചെയ്ത് കട്ടി കുറയ്ക്കാനാകും. ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ഒരു സ്പൂണ്‍ അഥവാ കത്തി ഉപയോഗിച്ച് തുറക്കാവുന്ന രീതിയിലാക്കിയാണ് വില്‍പ്പന നടക്കുന്നത്.

കരിക്കിന്റെ മൂടി വളരെ ഭംഗിയായി ട്രിം ചെയ്യാവുന്ന യന്ത്രവും ടെന്‍കോ ടീം കണ്ടെത്തിയിട്ടുണ്ട്. ഈ യന്ത്രത്തിന്റെ സഹായത്താല്‍ കരിക്ക് ഭാഗീകമായോ പൂര്‍ണമായോ ട്രിം ചെയ്ത് കട്ടി കുറയ്ക്കാനാകും. ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ഒരു സ്പൂണ്‍ അഥവാ കത്തി ഉപയോഗിച്ച് തുറക്കാവുന്ന രീതിയിലാക്കിയാണ് വില്‍പ്പന നടക്കുന്നത്

ചെറിയ കുട്ടികള്‍ക്കുപോലും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഓപ്പണറും ഞങ്ങളുടെ പക്കലുണ്ട്. ദിനംപ്രതി നാലായിരത്തോളം കരിക്കുകള്‍ ഇപ്പോള്‍ വിപണനം ചെയ്യുന്നു. ഒന്നര വര്‍ഷം മുമ്പ് കമ്പനിക്ക് തുടക്കമിടുമ്പോള്‍ ദിവസം 50 കരിക്കുകള്‍ വില്‍പ്പന നടത്തിയ നിലയില്‍ നിന്നാണ് ഈ വളര്‍ച്ച- മണികണ്ഠന്‍ പറയുന്നു.

വിപണി കൈയടക്കിയ തന്ത്രം

ടെന്‍കോ ഫുഡ്‌സ് തങ്ങളുടെ സംരംഭത്തിലേക്കുള്ള ആദ്യ യന്ത്രത്തിന് രൂപം നല്‍കിയത് വെറും മൂന്നു മാസങ്ങള്‍ കൊണ്ടാണ്. ” കരിക്ക് ട്രിം ചെയ്യാനുള്ള പുതിയ യന്ത്രത്തിന്റെ ഫീഡ്ബാക്ക് നേരിട്ട് അറിയുന്നതിനായി അവ ആദ്യം നല്‍കിയത് സുഹൃത്തുക്കള്‍ക്കാണ്. അവരില്‍ നിന്നുള്ള പ്രതികരണം മികച്ചതായിരുന്നു. അതോടെ സംരംഭക രംഗത്തേക്കുള്ള യാത്രയ്ക്കും തുടക്കമായി”, മണികണ്ഠന്‍ പറയുന്നു.

അസംഘടിതമായ കരിക്ക് വിപണി സാധാരണക്കാര്‍ക്ക് എന്നപോലെതന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും സൗകര്യപ്രദമാംവിധം ലഭ്യമാക്കാനായി പിന്നീടുള്ള ഇവരുടെ ശ്രമം. ടെന്‍കോയെ കുറിച്ചുള്ള ചിന്ത ഉദിച്ചതോടെ തനിക്കൊപ്പം 20 വര്‍ഷമായി ജോലി ചെയ്തിരുന്ന അര്‍പിത ബഹുഗുണയെ കൂടി മണികണ്ഠന്‍ തന്റെ ടീമില്‍ ഉള്‍പ്പെടുത്തി. സോഫ്റ്റ്‌വെയര്‍ ഡെവലപ്പിംഗില്‍ 14 വര്‍ഷത്തെ പരിചയസമ്പത്തുള്ള അര്‍പിത ടെന്‍കോയില്‍ ടെക്‌നോളജി വിഭാഗത്തിന് നേതൃത്വം നല്‍കുന്നു. വെജ്‌വാല എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭത്തിലൂടെ ലാസ്റ്റ് മൈല്‍ ഡെലിവറിയില്‍ അനുഭവ സമ്പത്തുള്ള സന്തോഷ് പാട്ടീലാണ് ടെന്‍കോ ടീമിലെ മറ്റൊരംഗം. മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗില്‍ മികവു തെളിയിച്ച അക്ഷയ്, സെയില്‍സ് വിഭാഗം കൈകാര്യം ചെയ്യുന്ന ഗൗതം എന്നിവരും ടെന്‍കോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകുന്നു. ഇവര്‍ക്കെല്ലാം പുറമെ ടെന്‍കോയിലെ ട്രിമ്മിംഗ് യന്ത്രത്തിന്റെയും ഓപ്പണറിന്റെയും ബുദ്ധികേന്ദ്രമായ വിഷ്ണു കൂടി ചേരുന്നതോടെ ടെന്‍കോ വിപണിയിലെ താരമായി മാറുകയാണ്. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍ പഠനം പൂര്‍ത്തിയാക്കിയ വിഷ്ണു യുഎസില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ശേഷം വേറിട്ട യന്ത്രങ്ങള്‍ നിര്‍മിക്കാനുള്ള പാഷനുമായാണ് ഇന്ത്യയിലേക്ക് തിരികെ എത്തിയത്. ടെന്‍കോയിലൂടെ വിഷ്ണുവിന്റെ കരിയര്‍ ഗ്രാഫിനും തുടക്കം കുറിക്കപ്പെട്ടു. പ്രാദേശിക തലത്തില്‍ നാളികേര കച്ചവടക്കാരുടെ മികച്ച സഹകരണം കൂടിയായപ്പോള്‍ കരിക്കിന്‍ കച്ചവടം തീര്‍ത്തും പ്രൊഫഷണല്‍ ടച്ചായി മാറി. അവരില്‍ നിന്നും മുടങ്ങാതെയുള്ള വിതരണമാണ് കച്ചവടം സ്ഥായിയായി മുന്നോട്ടു പോകാന്‍ കാരണമെന്നും മണികണ്ഠന്‍ പറയുന്നു.

വിതരണവും വരുമാനവും

തുടക്കത്തില്‍ പ്രതിദിനം 50 കരിക്കുകളായിരുന്നു വില്‍പ്പന നടന്നിരുന്നത്. ഇന്ന് അതിന്റെ എണ്ണം നാലായിരത്തോളമായി. 30 ലക്ഷത്തിനോടടുത്താണ് ഇപ്പോഴത്തെ പ്രതിമാസ വരുമാനം. ഈ വേനല്‍ക്കാലത്തോടെ ഈ തോത് ഇരട്ടിക്കുമെന്നാണ് പ്രതീക്ഷ- മണികണ്ഠന്‍ പറയുന്നു.
ഹൈപ്പര്‍സിറ്റി, മോര്‍, ബിഗ് ബസാര്‍, മെട്രോ, നീല്‍ഗിരീസ്, നാംധാരിസ്, നേച്ചേഴ്‌സ് ബാസ്‌കറ്റ് തുടങ്ങിയ ഓഫ്‌ലൈന്‍ സ്റ്റോറുകളിലേക്ക് ടെന്‍കോ ഉല്‍പ്പന്നങ്ങള്‍ വിതരണത്തിന് എത്തുന്നുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍, ബിഗ് ബാസ്‌കറ്റ്, ഗ്രോഫേഴ്‌സ്, സോപ്‌നൗ, ദൂത്‌വാലാ എന്നിവയിലും ഇവരുടെ സേവനം സജീവമാണ്.

മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ടെക്‌സൈയുടെ റിപ്പോര്‍ട്ട് പ്രകാരം 2016ല്‍ പായ്ക്ക് ചെയ്ത കരിക്കിന്‍ വെള്ളത്തിന്റെ ഇന്ത്യന്‍ വിപണി 15. 38 മില്യണ്‍ ഡോളറില്‍ എത്തിനില്‍ക്കുകയാണ്. തുടര്‍ന്നുള്ള അഞ്ച് വര്‍ഷത്തില്‍ മേഖലയില്‍ മികച്ച വളര്‍ച്ച പ്രഖ്യാപിക്കുന്ന റിപ്പോര്‍ട്ടില്‍ 2022 ഓടെ സമാന വിപണി 40. 73 മില്യണ്‍ ഡോളറിലെത്തുമെന്നും പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

വിപണി സാധ്യതകള്‍ മുന്‍കൂട്ടിയറിഞ്ഞ് നിരവധി സംരംഭങ്ങള്‍ മേഖലയിലേക്ക് കടക്കുന്നുണ്ട്. വഡോദര ആസ്ഥാനമായ മന്‍പസന്ത് ബിവറേജസും ഇതിന് ഉദാഹരണമാണ്. ബെംഗളൂരുവിന് പുറമെ ചെന്നൈ, ഹൈദരാബാദ്, പൂനെ, മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. കൂടാതെ കരിക്കിന്‍ വെള്ളത്തിനു പുറമെ കോക്കനട്ട് മില്‍ക്ക്, കോക്കനട്ട് ഫ്‌ളേക്‌സ്, കോക്കനട്ട് ഷുഗര്‍, വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ എന്നീ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത് അടക്കമുള്ള പരിപാടികള്‍ ആലോചിക്കുന്നുണ്ട്.

Comments

comments

Categories: FK Special, Slider