ഏകീകൃത റോഡ് നികുതി നടപ്പാക്കണമെന്ന് മന്ത്രിതല സമിതി

ഏകീകൃത റോഡ് നികുതി നടപ്പാക്കണമെന്ന് മന്ത്രിതല സമിതി

കുറഞ്ഞ നികുതിയുള്ള സംസ്ഥാനങ്ങളില്‍ പോയി കാര്‍ രജിസ്റ്റര്‍ ചെയ്തശേഷം മറ്റ് സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് തടയാന്‍ കഴിയുമെന്ന് സമിതി

ഗുവാഹാത്തി : പുതിയ വാഹനങ്ങള്‍ക്കായി രാജ്യമാകെ ഏകീകൃത റോഡ് നികുതി നടപ്പാക്കണമെന്ന് ഗതാഗത പരിഷ്‌കാരങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ നിയോഗിച്ച മന്ത്രിതല സമിതി. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത റോഡ് നികുതിയാണ് ഈടാക്കുന്നത്. കുറഞ്ഞ നികുതി നിരക്കുള്ള സംസ്ഥാനങ്ങളില്‍ പോയി കാര്‍ രജിസ്റ്റര്‍ ചെയ്തശേഷം മറ്റ് സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് തടയാന്‍ ഏകീകൃത നികുതി ഘടനയ്ക്ക് കഴിയുമെന്ന് സമിതി ചൂണ്ടിക്കാട്ടി.

ഗതാഗത മേഖലയില്‍ നടപ്പില്‍വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും സമര്‍പ്പിക്കുന്നതിന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് സമിതിയെ നിയോഗിച്ചത്. രാജസ്ഥാന്‍ ഗതാഗത മന്ത്രി യൂനസ് ഖാനാണ് മന്ത്രിതല സമിതിയുടെ ചെയര്‍മാന്‍. ഗുവാഹാത്തിയില്‍ ചേര്‍ന്ന യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കായി ‘ഒരു രാജ്യം, ഒരു നികുതി’ സമ്പ്രദായം കൊണ്ടുവരണമെന്ന് മന്ത്രിതല സമിതി ആവശ്യപ്പെട്ടു. പാസഞ്ചര്‍ വാഹനമായാലും ചരക്ക് വാഹനമായാലും, രാജ്യവ്യാപകമായി കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ സുഗമമായ ഗതാഗതത്തിന് ഒരു രാജ്യം ഒരു നികുതി സംവിധാനം സഹായകരമാകുമെന്ന് യൂനസ് ഖാന്‍ പറഞ്ഞു.

കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കായി ‘ഒരു രാജ്യം, ഒരു നികുതി’ സമ്പ്രദായം കൊണ്ടുവരണമെന്ന് മന്ത്രിതല സമിതി ആവശ്യപ്പെട്ടു

അടുത്ത മാസം ചേരുന്ന അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പത്ത് ലക്ഷത്തിന് താഴെ വില വരുന്ന വാഹനങ്ങള്‍ക്ക് 8 ശതമാനവും 10-20 ലക്ഷം രൂപ വില വരുന്ന വാഹനങ്ങള്‍ക്ക് 10 ശതമാനവും 20 ലക്ഷത്തിന് മുകളില്‍ വില വരുന്ന വാഹനങ്ങള്‍ക്ക് 12 ശതമാനവും റോഡ് നികുതി നിര്‍ദ്ദേശിച്ചു. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന റോഡ് സുരക്ഷാ ക്യാംപെയ്ന്‍ വിവിധ സംസ്ഥാനങ്ങള്‍ സംഘടിപ്പിക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു.

Comments

comments

Categories: Auto