‘കാര്‍ബണ്‍ ന്യൂട്രല്‍’ ആകാന്‍ എസ്ബിഐ

‘കാര്‍ബണ്‍ ന്യൂട്രല്‍’ ആകാന്‍ എസ്ബിഐ

2030ഓടെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെന്നു എസ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്

മുംബൈ: അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ചുകൊണ്ട് ‘കാര്‍ബണ്‍ ന്യൂട്രല്‍’ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിലുള്ള പ്രതിബദ്ധത ലോക ഭൗമ ദിനത്തില്‍ ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കാര്‍ബണ്‍ ന്യൂട്രല്‍ ആകാനുള്ള ശ്രമത്തിന്റെ ഭാഗമായി വിവിധ ശാഖകളിലും ഓഫീസുകളിലുമായി 6.23 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദന ശേഷിയുള്ള 151 സോളാര്‍ റൂഫ്‌ടോപ് സൈറ്റുകളാണ് എസ്ബിഐ സ്ഥാപിച്ചത്. ഇത് വഴി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി രാജ്യത്തുടനീളമുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസുകളിലെയും ശാഖകളിലെയും ഊര്‍ജ ആവശ്യകത നിറവേറ്റുന്നതിനായിരിക്കും ഉപയോഗിക്കുക.

കാര്‍ബണ്‍ പുറന്തള്ളലില്‍ നിന്നും എസ്ബിഐയെ മുക്തമാക്കാനാണ് ശ്രമം. തിരുവനന്തപുരം സര്‍ക്കിളില്‍ മാത്രം അഞ്ച് റൂഫ്‌ടോപ്പ് സൈറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. 155 കിലോവാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളവയാണിവ.

മൂന്ന് മെഗാവാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പാനലുകളും കാറ്റില്‍ നിന്നും 15 മെഗാവാട്ട് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സംവിധാനവും നേരത്തെ എസ്ബിഐ ഒരുക്കിയിട്ടുണ്ട്. പരിസ്ഥിത-ഊര്‍ജ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇതിനോടകം പത്ത് കാറ്റാടി യന്ത്രങ്ങളും ബാങ്ക് രാജ്യത്ത് വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. 1.5 മെഗാവാട്ട് ഊര്‍ജോല്‍പ്പാദന ശേഷിയുള്ളവയാണ് ഇവ ഓരോന്നും. മഹാരാഷ്ട്ര (6), ഗുജറാത്ത് (1), തമിഴ്‌നാട് (3) എന്നീ സംസ്ഥാനങ്ങളിലാണ് എസ്ബിഐ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. 2010 മുതല്‍ ഇതുവഴി ബാങ്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

പുനഃസ്ഥാപിത ഊര്‍ജ സ്രോതസുകളെ ആശ്രയിക്കുന്നത് വര്‍ധിപ്പിച്ചുകൊണ്ട് വൈദ്യുതി ചെലവില്‍ പ്രതിവര്‍ഷം 30 കോടി രൂപ ലാഭിക്കാനാകുമെന്നാണ് എസ്ബിഐയുടെ കണക്കുകൂട്ടല്‍. കാറ്റാടി യന്ത്രങ്ങളിലൂടെ മാത്രം വൈദ്യുതി ചെലവില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി 125 കോടി രൂപയിലധികമാണ് എസ്ബിഐക്ക് ലാഭിക്കാനായിട്ടുള്ളത്. 2030ഓടെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനുള്ള നീക്കവും എസ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആകുന്നതിനുള്ള ഒരു മാര്‍ഗ്ഗ രേഖയും ബാങ്ക് തയാറാക്കിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories