വാഹന വില്‍പ്പനയ്ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാകും

വാഹന വില്‍പ്പനയ്ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാകും

മോഷണം പോയാല്‍ വാഹനം കണ്ടെത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് സഹായകമാകും

ന്യൂഡെല്‍ഹി: 2019 ജനുവരി 1 മുതല്‍ വിവിധ സുരക്ഷാ സംവിധാനങ്ങളടങ്ങിയ അതി സുരക്ഷാ രജിസ്‌ട്രേഷന്‍ പ്ലേറ്റുകളു(എച്ച്എസ്ആര്‍പി) മായാണ് എല്ലാ മോട്ടോര്‍ വാഹനങ്ങളും പുറത്തിറങ്ങുകയെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. എച്ച്എസ്ആര്‍പി സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ട് പത്ത് വര്‍ഷത്തോളമായെങ്കിലും ഇത് പിന്തുടരാത്ത നിരവധി സംസ്ഥാനങ്ങള്‍ ഇപ്പോഴും ഉണ്ടെന്നാണ് കേന്ദ്രം പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ക്കശമായ നടപടി സ്വീകരിച്ചിരിക്കുന്നത്.

ആവശ്യമെങ്കില്‍ തേഡ് രജിസ്ര്‌ടേഷന്‍ മാര്‍ക്ക് ഉള്‍പ്പടെയുള്ള സുരക്ഷാ ലൈസന്‍സ് പ്ലേറ്റുകള്‍ ജനുവരി 1 മുതല്‍ നിര്‍മിക്കുന്ന എല്ലാ വാഹനങ്ങളിലും ഉണ്ടാകണമെന്നും അത്തരം പ്ലേറ്റുകളില്‍ ഡീലര്‍മാര്‍ രജിസ്രട്രേഷന്‍ മാര്‍ക് ഘടിപ്പിക്കുമെന്നും കരട് നിര്‍ദേശത്തില്‍ റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു. പഴയ വാഹനങ്ങളിലും വാഹന നിര്‍മാതാക്കള്‍ നല്‍കുന്ന ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കണമെന്ന് ഡീലര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ എച്ച്‌സ്ആര്‍പി സംവിധാനം കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തുന്നത് പരിശോധിച്ച് വരികയാണെന്നും ഇതിനായി പൊതുജനങ്ങളില്‍ നിന്നടക്കം മേയ് 10ന് മുമ്പായി അഭിപ്രായങ്ങള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ ഉടന്‍ വാങ്ങാന്‍ സാധിക്കുമെന്നും അതിന് വേണ്ടി വരുന്ന ചെലവ് വാഹനങ്ങളുടെ വിലയില്‍ ഉള്‍പ്പെടുത്തുമെന്നും കേന്ദ്ര റോഡ്,ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഈ മാസം ആദ്യം പറഞ്ഞിരുന്നു.

അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകള്‍ ലേസര്‍ വിദ്യ ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിക്കും. രജിസ്‌ട്രേഷന്‍ നടത്തുന്ന വാഹനത്തിന്റെ വിവരങ്ങള്‍ കോഡുമായി ബന്ധിക്കുന്നതിലൂടെ മോഷണമടക്കമുള്ള കാര്യങ്ങളില്‍ നിന്നും സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. ഇതില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ പ്ലേറ്റുകള്‍ പൂര്‍ണമായും നശിക്കുകയും ചെയ്യും.

Comments

comments

Categories: Slider, Top Stories