തൊഴില്‍മേഖലയില്‍ ഇന്ത്യകൂടുതല്‍  വനിതാ സാന്നിധ്യം ഉറപ്പാക്കണം

തൊഴില്‍മേഖലയില്‍ ഇന്ത്യകൂടുതല്‍  വനിതാ സാന്നിധ്യം ഉറപ്പാക്കണം

വാഷിംഗ്ടണ്‍: ഔദ്യോഗിക തൊഴില്‍ മേഖലയില്‍ കൂടുതല്‍ വനിതാ സാന്നിധ്യം ഉറപ്പാക്കുന്നതില്‍ ഇന്ത്യ ശ്രദ്ധ നല്‍കണമെന്ന് ഐഎംഎഫ് ഏഷ്യ പസഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്റ്റര്‍ കെന്‍ കാങ്. അടുത്ത കാലത്തായി ഇന്ത്യ തൊഴില്‍ മേഖല നവീകരിക്കുന്ന കാര്യത്തില്‍ വലിയ പുരോഗതിയാണ് കൈവരിച്ചത്. ഐഎംഎഫിന്റെ ആസ്ഥാനമായ വാഷിംഗ്ടണില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നു നയങ്ങള്‍ക്കാണ് ഇനി രാജ്യം പ്രധാന്യം നല്‍കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നാമതായി കൂടുതല്‍ മെച്ചപ്പെട്ട ബിസിനസ് അന്തരീഷം സൃഷ്ടിക്കുന്നതിന് വനിതാ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കികൊണ്ട് തൊഴില്‍ വിപണിയിലും ഉല്‍പ്പന്ന മേഖലയിലും രാജ്യം കൈവരിച്ച പുരോഗതി തുടരാന്‍ ശ്രമിക്കണം, രണ്ടാമതായി ഈ മേഖലയിലെ സങ്കീര്‍ണമായ നിയമ നിയന്ത്രങ്ങള്‍ കുറക്കണം, മൂന്നാമതായി കാര്‍ഷിക മേഖല, വിതരണ ശൃംഖലകള്‍ എന്നിവിടങ്ങളിലെ വിതരണ ക്ഷാമം പരിഹരിക്കണം.

ഇന്ത്യയുടെ പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് പണപ്പെരുപ്പ ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള ഉദാരമായ സമീപനങ്ങളാണ്. ധനനയ ചട്ടക്കൂട് ബലപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട ധനനയ സമിതി (മോണിറ്ററി പോളിസി കമ്മിറ്റി)യെയും അദ്ദേഹം പരാമര്‍ശിച്ചു. 2016ലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്റ്റില്‍ ഭേദഗതി വരുത്തി ധന നയസമിതിക്ക് വഴി തുറന്നത്. പണപ്പെരുപ്പ ലക്ഷ്യം എത്തിപ്പിടിക്കുന്നതില്‍ നിര്‍ണായകമായ വായ്പ നിരക്ക് നിശ്ചിയിക്കുന്നത് ധനനയസമിതിയാണ്.

കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടിയും നിഷ്‌ക്രിയ വായ്പകളില്‍ മേല്‍ നടപടി സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്ന പൊതു മേഖലാ ബാങ്കുകള്‍ക്ക് അനുവദിച്ച റീകാപ്പിറ്റലൈസേഷന്‍ പ്ലാനും പുതിയ പാപ്പരത്വ നിയമം വഴി നടത്തിയ പല പ്രധാന നിയമ പരിഷ്‌കരണങ്ങളും നേട്ടങ്ങളായി. ഇന്ത്യയിലെ ഈ നവീകരണ പ്രവണത തുടരുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും തെരഞ്ഞെടുപ്പു കാലത്തും ഇത് തുടരണമെന്നും കെന്‍ കാങ് പറഞ്ഞു.

Comments

comments

Categories: World