ഐഎംഎഫും ലോകബാങ്കും ചേര്‍ന്ന് വായ്പാ സംവിധാനം സുതാര്യമാക്കണമെന്ന് ആവശ്യം

ഐഎംഎഫും ലോകബാങ്കും ചേര്‍ന്ന് വായ്പാ സംവിധാനം സുതാര്യമാക്കണമെന്ന് ആവശ്യം

കടം വര്‍ധിക്കുന്നത് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നു

ന്യൂഡെല്‍ഹി: വരുമാനം കുറഞ്ഞ വികസ്വര രാജ്യങ്ങളുടെ (എല്‍ഐഡിസി) പൊതു കടം കുറയ്ക്കുന്നതിന് ലോക ബാങ്കും ഐഎംഎഫും മറ്റ് അന്താരാഷ്ട്ര സംഘടനകളും ചേര്‍ന്ന് പൊതു വായ്പാ സംവിധാനം കൂടുതല്‍ സുതാര്യമാക്കുന്നതിനുള്ള വ്യക്തമായ നയപരിപാടി വികസിപ്പിക്കണമെന്ന് ഇന്ത്യ. ലോകബാങ്കിന്റെയും ഐഎംഎഫിന്റെ വസന്തകാല സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജി20 രാഷ്ട്രങ്ങളുടെ ധനമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അസാന്നിധ്യത്തിലാണ് സുഭാഷ് ഗാര്‍ഗ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. വികസ്വര രാജ്യങ്ങളില്‍ കടക്കെണി പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതില്‍ ചൈനയുടെ സാമ്പത്തികനയങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

കടബാധ്യത വര്‍ധിക്കുന്നത് കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ തടസം സൃഷ്ടിക്കുന്നതായി ഗാര്‍ഗ് പറഞ്ഞു. തുല്യ വളര്‍ച്ച, മാന്ദ്യത്തില്‍ നിന്നും കരകയറാനുള്ള ശേഷി, സാമ്പത്തികം, സഹകരണം, പൊതു-സ്വകാര്യ നിക്ഷേപം തുടങ്ങിയ കാര്യങ്ങളില്‍ ഈ രാജ്യങ്ങള്‍ വെല്ലുവിളി നേരിടുകയാണ്. അതുകൊണ്ട് കടം സംബന്ധിച്ച ആശങ്കകള്‍ കുറയ്ക്കുന്നതിന് വായ്പാദാതാവിന്റെയും വായ്പയെടുക്കുന്ന രാജ്യത്തിന്റെയും ഭാഗത്തുനിന്നുകൊണ്ട് പൊതുകടം കൂടുതല്‍ സുതാര്യമാക്കുന്നതിനുള്ള ഒരു സംവിധാനം ഐഎംഎഫും ലോകബാങ്കും മറ്റ് അന്താരാഷ്ട്ര സംഘടനകളും നേര്‍ന്ന് വികസിപ്പിക്കണമെന്നും ഗാര്‍ഗ് ആവശ്യപ്പെട്ടു. ഉഭയകക്ഷി-പ്രാദേശിക സാമ്പത്തിക കരാറുകള്‍ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസ്വര രാജ്യങ്ങളുടെ വര്‍ധിക്കുന്ന കടവും ഇതു സംബന്ധിച്ച ആശങ്കകള്‍ക്കും പരിഹാരം കാണേണ്ടതുണ്ടെന്ന് യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരും ആവശ്യപ്പട്ടിട്ടുണ്ട്. കടം സുതാര്യവും സുസ്ഥിരവുമാക്കുന്നതിന് ലോക ബാങ്കും ഐഎംഎഫും സംയുക്തമായി ഒരു കര്‍മ പദ്ധതി അവതരിപ്പിക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുചിന്‍ നിര്‍ദേശിച്ചു. ഭാവി പരിപാടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും സംഘടനകള്‍ തമ്മില്‍ ശക്തമായ സഹകരണം ഉറപ്പുവരുത്താനും സഹായകമാകുന്നതായിരിക്കണം കര്‍മ പദ്ധതിയെന്നും മുചിന്‍ ആവശ്യപ്പെട്ടു. അംഗരാഷ്ട്രങ്ങളില്‍ നിന്നും കടം സംബന്ധിച്ച സമഗ്രമായ വിവരങ്ങള്‍ ശേഖരിക്കാനും ആനുകൂല്യങ്ങളില്ലാത്ത വായ്പാ നയങ്ങളും വായ്പാ പരിധിയും കര്‍മ പദ്ധതിയില്‍ ഉറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതുകടം വര്‍ധിക്കുന്നതില്‍ ബ്രിട്ടീഷ് ചാന്‍സ്‌ലര്‍ ഫിലിപ് ഹോമണ്ടും ആശങ്ക പ്രകടിപ്പിച്ചു. കുറഞ്ഞ വരുമാനമുള്ള 44 ശതമാനം വികസ്വര രാജ്യങ്ങളും ഇത്തരം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. 2013ല്‍ വെറും 21 ശതമാനം രാജ്യങ്ങള്‍ മാത്രം ഈ വെല്ലുവിളി അഭിമുഖീകരിച്ച സ്ഥാനത്താണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy