സെയ്ല്‍സ് ജീവനക്കാരെ പിരിച്ചുവിട്ട് ഹാന്‍ഡ്‌സെറ്റ് നിര്‍മാണ കമ്പനികള്‍

സെയ്ല്‍സ് ജീവനക്കാരെ പിരിച്ചുവിട്ട് ഹാന്‍ഡ്‌സെറ്റ് നിര്‍മാണ കമ്പനികള്‍

ഇ- കൊമേഴ്‌സിലെ ഓഫര്‍ വില്‍പ്പന ഔട്ട്‌ലെറ്റുകളിലെ വില്‍പ്പനയെ ബാധിച്ചെന്ന് നിരീക്ഷണം

ന്യൂഡെല്‍ഹി: ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി സെയ്ല്‍സ് വിഭാഗത്തില്‍ നിന്നും ആയിരക്കണക്കിന് ജീവനക്കാരെ മൊബീല്‍ ഹാന്‍ഡ്‌സെറ്റ് കമ്പനികള്‍ പിരിച്ചുവിടുന്നതായി കണ്ടെത്തല്‍. പ്രവര്‍ത്തന ചെലവ് ചുരുക്കുന്നതിനായി നിരവധി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതായും ഈ മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നു.
ലാവ, ഇന്റക്‌സ്, മൈക്രോമാക്‌സ്, കാര്‍ബണ്‍, ഓപ്പോ, വിവോ തുടങ്ങിയവയാണ് സെയല്‍സ് ജിവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച പ്രമുഖ ഹാന്‍ഡ് നിര്‍മാണ കമ്പനികള്‍. നിരവധി കമ്പനികള്‍ ഇത്തരത്തില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നുണ്ടെന്നും കൂടുതല്‍ ജീവനക്കാരെ നിലനിര്‍ത്താനുള്ള സാമ്പത്തിക സാഹചര്യമില്ലാത്തതാണ് കമ്പനികളെ പിരിച്ചുവിടല്‍ നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നും മൊബീല്‍ ഫോണ്‍ റീട്ടെയ്ല്‍ രംഗത്തുനിന്നുള്ളവര്‍ പറഞ്ഞു. മള്‍ട്ടിബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലാണ് ഈ പ്രവണത കൂടുതലായും കണ്ടുവരുന്നതെന്നും ഇവര്‍ പറയുന്നു.

ചില സന്ദര്‍ഭങ്ങളില്‍ മുന്‍ മാസങ്ങളെ അപേക്ഷിച്ച് മൂന്നിലൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിട്ട ബ്രാന്‍ഡുകളുമുണ്ട്. മൊബീല്‍ ആവശ്യകതയില്‍ ഇടിവുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ കൂട്ടപിരിച്ചുവിടല്‍ നടക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിപണിയിലെ കടുത്ത മത്സരവും വരുമാനത്തിലുള്ള സമ്മര്‍ദവും ഇതിനുകാരണമാണെന്നും ഇവര്‍ പറഞ്ഞു. വിപണി മത്സരങ്ങള്‍ തീര്‍ച്ചയായും ഇന്ത്യന്‍ കമ്പനികളെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തൊഴിലാളികളുടെ എണ്ണം കുറച്ച് ചെലവ് കുറയ്ക്കാന്‍ കമ്പനികള്‍ നോക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ ഇന്ത്യ (ഐഡിസി) അസോസിയേറ്റ് റിസര്‍ച്ച് ഡയറക്റ്റര്‍ നവ്‌കേന്ദര്‍ സിംഗ് പറഞ്ഞു.

ഇ-കൊമേഴ്‌സ് കമ്പനികള്‍ പ്രത്യക്ഷമായും പരോക്ഷമായും നല്‍കുന്ന വിലക്കിഴിവ് ഓഫറുകളാണ് റീട്ടെയ്ല്‍ ഷോപ്പുകളെ അടച്ചുപൂട്ടലിലേക്ക് നയിക്കുന്നതെന്നും ഇത് തൊഴില്‍ നഷ്ടമുണ്ടാക്കുന്നതായും ലാവ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഹരി ഓം റായ് കുറ്റപ്പെടുത്തി. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 11,000 ജീവനക്കാരില്‍ 4000 പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. ചില ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ വിലക്കിഴിവ് ഓഫറുകള്‍ നല്‍കുന്നതിലൂടെ പ്രത്യക്ഷ വിദേശ നിക്ഷേപ നയങ്ങള്‍ (എഫ്ഡിഐ) ലംഘിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും റായ് വ്യക്തമാക്കി.

Comments

comments

Categories: More