ആഗോള വളര്‍ച്ചയെ ബാധിക്കുമെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ്

ആഗോള വളര്‍ച്ചയെ ബാധിക്കുമെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ്

2018ല്‍ 4.4 ശതമാനം വളര്‍ച്ചയാണ് ഉണ്ടാവുകയെന്ന് നിഗമനം

ന്യൂഡെല്‍ഹി: ലോകത്തിലെ രണ്ട് വലിയ സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാര തര്‍ക്കം ആഗോള വ്യാപാര വളര്‍ച്ചയെ ബാധിക്കുമെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു). യുഎസ്-ചൈന വ്യാപാര പ്രശ്‌നങ്ങളുടെ നിഴലിലാണ് നിലവില്‍ ആഗോള വളര്‍ച്ചയെന്നും പുതിയ സ്വതന്ത്ര വ്യാപാര കരാറുകള്‍ക്കായി ഇന്ത്യയുള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങള്‍ നീക്കം നടത്തുകയാണെന്നും ഇഐയു പറയുന്നു.

2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ശരാശരി ആഗോള വ്യാപാര വളര്‍ച്ച പ്രതിവര്‍ഷം 3.5 ശതമാനത്തില്‍ ഒതുങ്ങുമെന്നാണ് ഇഐയു പറയുന്നത്. സംരക്ഷണവാദ പ്രവണത ഉയരുമെങ്കിലും വ്യാപാര യുദ്ധം ഒഴിവാക്കപ്പെടുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2017ല്‍ ആഗോള വ്യാപാര വളര്‍ച്ച 4.7 ശതമാനമെന്ന ഉയര്‍ച്ചയിലെത്തിയെന്നും 2018ല്‍ 4.4 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോക വ്യാപാര സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുന്നത് യുഎസിനും ചൈനയ്ക്കും വന്‍ സാമ്പത്തിക പ്രശ്‌നം സൃഷ്ടിക്കുമെന്നും ലോകവ്യാപാര സംഘടന നിരീക്ഷിച്ചിരുന്നു.
യുഎസ് സ്വതന്ത്ര വ്യാപാരത്തിന് കടിഞ്ഞാണിടാന്‍ നോക്കുന്ന ഘട്ടത്തില്‍ ചൈനയ്ക്ക് ആഗോള തലത്തില്‍ സ്വതന്ത്ര വ്യാപരത്തെ മുന്നോട്ടു നയിക്കാനുള്ള അവസരമാണ് വരുന്നത്. എന്നാല്‍ ഈ ഉത്തരവാദിത്തം ഇപ്പോള്‍ ഏറ്റെടുക്കാനുള്ള താല്‍പ്പര്യമോ ശേഷിയോ ചൈനയ്ക്കില്ലെന്നാണ് ഇഐയു പറയുന്നത്. അതേസമയം ചൈനീസ് കേന്ദ്രീകൃത വ്യാപാര ഉടമ്പടിയായ ആര്‍സിഇപിയില്‍ ചര്‍ച്ചകള്‍ തുടര്‍ന്നു വരികയാണ്.

എന്നാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ ചര്‍ച്ചകള്‍ അവസാനിക്കുമെന്ന് കരുതുന്നിലിലെന്നും ഇഐയു വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള 16 രാജ്യങ്ങള്‍ ഉള്‍പ്പെട്ട സ്വതന്ത്ര വ്യാപാര കരാറാണിത്. എന്നാല്‍ ചൈനയുടെ സ്വപ്‌ന പദ്ധതിയായ ബെല്‍റ്റ് റോഡ് സംരംഭത്തില്‍ പങ്കാളികളായ രാജ്യങ്ങളിലെ നിക്ഷേപവും വ്യാപാരവും ഹ്രസ-മധ്യകാലത്തേക്കും പ്രോത്സാഹിപ്പിക്കപ്പെടും.

Comments

comments

Categories: Business & Economy