ഐഡിയയുടെ അപേക്ഷ പരിശോധിക്കുകയാണെന്ന് ഡിഐപിപി

ഐഡിയയുടെ അപേക്ഷ പരിശോധിക്കുകയാണെന്ന് ഡിഐപിപി

35 ശതമാനം വിപണി വിഹിതമുള്ള ഒരു കമ്പനി രൂപീകരിക്കാനാണ് ഐഡിയയും വോഡഫോണും ലക്ഷ്യമിട്ടിരിക്കുന്നത്

ന്യൂഡെല്‍ഹി : 100 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് അനുവദിക്കണമെന്ന ഐഡിയയുടെ ശുപാര്‍ശ പരിഗണിച്ച് വരികയാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ (ഡിഐപിപി). വോഡഫോണുമായി ചേര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയെ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഐഡിയയുടെ അപേക്ഷ.

ഓട്ടോമാറ്റിക് റൂട്ടിന് കീഴില്‍ ഒരു വിദേശ കമ്പനിക്ക് ഇന്ത്യന്‍ ടെലികമ്മ്യൂണിക്കഷന്‍ കമ്പനിയിലെ 49 ശതമാനം വരെ ഓഹരികള്‍ വാങ്ങുന്നതിന് നിലവിലെ പ്രത്യക്ഷ വിദേശ നിക്ഷേപ നയം അനുമതി നല്‍കുന്നുണ്ട്. 49 ശതമാനത്തിന് മുകളിലുള്ള ഓഹരി വാങ്ങലിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.

2017ലാണ് ഐഡിയ-വോഡഫോണ്‍ ലയനം പ്രഖ്യാപിച്ചത്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് 23 ബില്യണ്‍ ഡോളര്‍ മൂല്യവും 35 ശതമാനം വിപണി വിഹിതവുമുള്ള ഒരു കമ്പനി രൂപീകരിക്കാനാണ് ഐഡിയയും വോഡഫോണും ലക്ഷ്യമിട്ടിരിക്കുന്നത്. 2018 മാര്‍ച്ച് 31ലെ കണക്ക്പ്രകാരം ഐഡിയയുടെ 34 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകര്‍ക്ക് കീഴിലാണ്. 7.49 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന് കീഴിലും ബാക്കി പൊതു ഓഹരിയുടമസ്ഥര്‍ക്ക് കീഴിലുമാണുള്ളത്. ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോണ്‍ ഗ്രൂപ്പ് പിഎല്‍സിയാണ് വോഡഫോണ്‍ ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരികളും കൈവശം വെച്ചിരിക്കുന്നത്.

ലയന ശേഷമുണ്ടാകുന്ന കമ്പനിയില്‍ വോഡഫോണിന് 45.1 ശതമാനം ഓഹരിയുടമസ്ഥതതയുണ്ടാകും. 3,900 കോടി രൂപ നല്‍കി 4.9 ശതമാനം ഓഹരികള്‍ ഐഡിയയുടെ ഉടമകളായ ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്വന്തമാക്കുമെന്നുമാണ് ഇരു കമ്പനികളും മാര്‍ച്ചില്‍ നടത്തിയ ലയന പ്രഖ്യാപനത്തില്‍ പറഞ്ഞത്. വോഡഫോണുമായുള്ള ലയനത്തിന് അനുമതി നല്‍കുന്നതിന് മുമ്പായി ഐഡിയ സെല്ലുലാര്‍ ലിമിറ്റഡില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നത്് സംബന്ധിച്ച ഡിഐപിപിയുടെ അഭിപ്രായത്തിനായി ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കാത്തിരിക്കുകയാണ്. ലയനത്തിന് ഐഡിയക്ക് മുന്നിലുള്ള പ്രധാന കടമ്പയും ഇതാണ്.

Comments

comments

Categories: Slider, Top Stories