ഡീസല്‍ കാറുകളുടെ നികുതി വര്‍ധിപ്പിക്കും

ഡീസല്‍ കാറുകളുടെ നികുതി വര്‍ധിപ്പിക്കും

ഡീസല്‍ വാഹന നികുതി രണ്ട് ശതമാനം വര്‍ധിപ്പിക്കണമെന്ന് റോഡ് ഗതാഗത മന്ത്രാലയം

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് വൈകാതെ വീണ്ടും വില വര്‍ധിക്കും. ഡീസല്‍ വാഹന നികുതി രണ്ട് ശതമാനം വര്‍ധിപ്പിക്കുന്നതിന് റോഡ് ഗതാഗത മന്ത്രാലയം ശുപാര്‍ശ ചെയ്തുകഴിഞ്ഞു. അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി കുറയ്ക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശം വെച്ചിട്ടുണ്ട്. ചരക്ക് സേവന നികുതി അനുസരിച്ച് നിലവില്‍ ഡീസല്‍, പെട്രോള്‍ കാറുകള്‍ തമ്മില്‍ നികുതിഭേദമില്ല. പകരം കാറുകളുടെ എന്‍ജിന്‍ ശേഷിയും വലുപ്പവുമാണ് പരിഗണിച്ചിരുന്നത്.

ജിഎസ്ടി പ്രകാരം നാല് മീറ്ററില്‍ താഴെ നീളവും 1.5 ലിറ്ററില്‍ താഴെ എന്‍ജിന്‍ ശേഷിയുള്ളതുമായ ഡീസല്‍ കാറുകള്‍ക്ക് 31 ശതമാനം നികുതിയാണ് ഈടാക്കുന്നത്. രണ്ട് ശതമാനം വര്‍ധിപ്പിക്കുന്നതോടെ നികുതി 33 ശതമാനമാകും. അതായത് ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്പുള്ള ഏതാണ്ട് അതേ നിരക്ക്. നിലവില്‍ ഉയര്‍ന്ന നികുതി ചുമത്തിയ വാഹനങ്ങളുടെ നികുതി, ഡീസല്‍ വാഹനങ്ങളെന്ന പേരില്‍ വീണ്ടും വര്‍ധിപ്പിക്കുന്നത് വിപണിയില്‍ ആവശ്യക്കാര്‍ കുറയുന്നതിന് കാരണമാകും.

ജനപ്രിയ കാറുകളായ മാരുതി സുസുകി സ്വിഫ്റ്റ്, ഡിസയര്‍, ഹ്യുണ്ടായ് ഐ20, സബ്‌കോംപാക്റ്റ് എസ്‌യുവികളായ ഫോഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍, മാരുതി സുസുകി വിറ്റാര ബ്രെസ്സ, ഈയിടെ പുറത്തിറക്കുന്ന പുതിയ ഹോണ്ട അമേസ് ഉള്‍പ്പെടെയുള്ള സബ് കോംപാക്റ്റ് സെഡാനുകള്‍ എന്നിവയെ എല്ലാം നികുതി വര്‍ധന ബാധിക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി കുറയ്ക്കണമെന്നും റോഡ് ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു

അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കാനുള്ള നീക്കം സ്വാഗതാര്‍ഹമാണ്. ചരക്ക് സേവന നികുതി അനുസരിച്ച് ഇലക്ട്രിക് കാറുകള്‍ക്ക് 12 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്. നികുതി കുറയ്ക്കുന്നതോടെ ഇലക്ട്രിക് കാറുകളുടെ വില കുറയും.

Comments

comments

Categories: Auto