സിരുമലൈക്കാട്ടിലെ വൈദ്യുതി വിപ്ലവം

സിരുമലൈക്കാട്ടിലെ വൈദ്യുതി വിപ്ലവം

പ്ലാസ്റ്റിക്ക് കുപ്പിയും കുഴലും പോലുള്ള ചെലവുകുറഞ്ഞ ഘടകങ്ങള്‍ കൊണ്ട് സ്ഥാപിച്ച സൗരോര്‍ജ യൂണിറ്റുകള്‍ തമിഴ്‌നാട്ടിലെ ആദിവാസിഗ്രാമത്തിലെ ജീവിതം മാറ്റിമറിച്ച കഥ

നമ്മുടെ നിത്യജീവിതത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന മേഖലയാണ് ഊര്‍ജരംഗം. സുലഭമായി ശ്വസിക്കുന്ന വായുവും സൂര്യപ്രകാശവും പോലെ നാം അറിയാതെ തന്നെ നമ്മുടെ തിരക്കേറിയ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും നടന്നു പോകുന്നത് വൈദ്യുതിയടക്കമുള്ള ഊര്‍ജോപഭോഗത്താലാണെന്നു പറയാം. പണ്ടത്തെപ്പോലെ മണ്ണെണ്ണവിളക്കും വിശറിയുമല്ല, സ്വിച്ചില്‍ വിരലമര്‍ത്തിയാല്‍ തെളിയുന്ന ബള്‍ബുകളും കറങ്ങുന്ന പങ്കകളും ഇന്ന് കേരളത്തിലെ ഏതു വീട്ടിലും കാണാം. രാത്രിയെ പകലാക്കുന്ന പ്രഭാവലയം വീടുകളെയും തെരുവുകളെയും ചുറ്റി നില്‍ക്കുന്നു. എന്നാല്‍ എപ്പോഴെങ്കിലും ഇതെല്ലം നിലയ്ക്കുന്ന ഒരവസ്ഥയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? വേനല്‍ക്കാലത്ത് ഉണ്ടാകാറുള്ള അര മണിക്കൂര്‍ പവര്‍കട്ടും ലോഡ്‌ഷെഡിംഗും നമ്മില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത വിവരിക്കേണ്ടതില്ലല്ലോ. രണ്ടു വര്‍ഷമായി സംസ്ഥാനത്ത് പവര്‍കട്ട് ഒഴിവാക്കിയിരിക്കുന്നതു തന്നെ കേരളീയരുടെ ഭാഗ്യമാണ്. എന്നാല്‍ ഈ ആര്‍ഭാടം രാജ്യത്തെ എല്ലാവര്‍ക്കും കരഗതമായിട്ടില്ലെന്ന വസ്തുത കൂടി ഓര്‍ക്കണം. വിദൂര ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗിരിവര്‍ഗപ്രദേശങ്ങളിലും വൈദ്യുതി ഇന്നും കിട്ടാക്കനിയാണ്. കേരളീയര്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങളുടെ മൂല്യമറിയണമെങ്കില്‍ ഇക്കാര്യങ്ങളിലൂടെ ഒന്നു കണ്ണോടിക്കണം.

132. 42 കോടിയിലധികം ജനസംഖ്യയുള്ള രാജ്യത്ത് വൈദ്യുതി ലഭിച്ചിട്ടില്ലാത്ത വീടുകള്‍ നിരവധിയാണ്. വീട്ടില്‍ വെളിച്ചം പോയിട്ട്, പാചകം, ശുചീകരണം, ആരോഗ്യ ശുചിത്വം തുടങ്ങിയ നിത്യനിദാന കാര്യങ്ങള്‍ക്കു പോലും അവര്‍ ബുദ്ധിമുട്ടുന്നു. വൈദ്യുതിവിളക്കുകള്‍ ഇല്ലാത്തത് പാവപ്പെട്ടവരുടെ അടിസ്ഥാനവിദ്യാഭ്യാസ പുരോഗതിയെയും തദ്വാരാ ജീവിതനിലവാരത്തെത്തന്നെയും ദോഷകരമായി ബാധിക്കുന്നു. തമിഴ്‌നാട്ടിലെ സിരുമലൈക്കാട് എന്ന ഗോത്രഗ്രാമവാസികളുടെ കാര്യം തന്നെയെടുക്കുക. 7,500 വീടുകളാണ് ഇവിടെ ആകെയുള്ളത്, അതില്‍ 3,000 ഭവനങ്ങളിലും വൈദ്യുതി കണക്ഷന്‍ കിട്ടിയിട്ടില്ല. ഇതു മൂലം ഇവര്‍ക്ക് ഒരുപാടു ജോലിസമയം നഷ്ടപ്പെടുന്നുണ്ട്. ദിണ്ടിഗല്‍, മധുര എന്നീ വന്‍ നഗരങ്ങള്‍ക്ക് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ സ്ഥലമെന്നോര്‍ക്കണം. വൈദ്യുതിക്കായുള്ള ഇവിടത്തെ ജനങ്ങളുടെ കാത്തിരിപ്പിന് സ്വാതന്ത്ര്യകാലഘട്ടം മുതലുള്ള ചരിത്രമുണ്ട്. പല വികസനങ്ങളും താഴെത്തട്ടില്‍ എത്താത്ത ഭരണപരമായ വീഴ്ച ഇവിടെയും സംഭവിച്ചെന്നു മാത്രം. എന്നാല്‍ അങ്ങനെ മുട്ടുമടക്കാന്‍ സിരുമലൈക്കാട്ടിലെ ജനങ്ങള്‍ തയാറല്ലായിരുന്നു. അവര്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടാനാരംഭിച്ചു. അങ്ങനെയിരിക്കെ ഒരു വഴി തെളിഞ്ഞു വന്നു. പുനരുപയോഗഊര്‍ജമെന്ന ആധുനികകാലത്തെ ഏറ്റവും മെച്ചപ്പെട്ട സാധ്യത. കാര്യക്ഷമവും പരിസ്ഥിതി സൗഹാര്‍ദപരവുമായ മാര്‍ഗമെന്ന നിലയില്‍ ഏറ്റവും ഉചിതമായൊരു സംരംഭത്തിന് അവര്‍ സാക്ഷ്യം വഹിച്ചു.

132. 42 കോടിയിലധികം ജനസംഖ്യയുള്ള രാജ്യത്ത് വൈദ്യുതി ലഭിച്ചിട്ടില്ലാത്ത വീടുകള്‍ നിരവധിയാണ്. വീട്ടില്‍ വെളിച്ചം പോയിട്ട്, പാചകം, ശുചീകരണം, ആരോഗ്യ ശുചിത്വം തുടങ്ങിയ നിത്യനിദാന കാര്യങ്ങള്‍ക്കു പോലും അവര്‍ ഇതിനാല്‍ ബുദ്ധിമുട്ടുന്നു. വൈദ്യുതിവിളക്കുകള്‍ ഇല്ലാത്തത് പാവപ്പെട്ടവരുടെ അടിസ്ഥാനവിദ്യാഭ്യാസ പുരോഗതിയെയും തദ്വാരാ ജീവിതനിലവാരത്തെത്തന്നെയും ദോഷകരമായി ബാധിക്കുന്നു

കുടിലുകളിലും മറ്റും വൈദ്യുതിയെത്തിക്കാന്‍ ശ്രമിക്കുന്ന ലിറ്റെര്‍ ഓഫ് ലൈറ്റ് എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ പെപ്‌സി മുന്‍കൈയെടുത്തു നടത്തുന്ന പദ്ധതിയിലൂടെയാണ് നാട്ടുകാരുടെ ആഗ്രഹത്തിന് സാഫല്യം കൈവന്നത്. സിരുമലൈക്കാടുകാരില്‍ വിപ്ലവകരമായ മാറ്റം വരുത്താന്‍ ഇതിനായി. ഉള്‍ക്കാട്ടില്‍ കഴിയുന്ന ഇവിടത്തുകാര്‍ക്ക് പകല്‍ പോലും പ്രകാശം കിട്ടുമായിരുന്നില്ല. പ്രകാശ സ്രോതസുകളുടെ അഭാവമായിരുന്നു കാരണം. മണ്ണെണ്ണയായിരുന്ന പ്രധാന ഇന്ധനം. പലപ്പോഴും ഇതിനു ക്ഷാമം നേരിട്ടു. ദരിദ്രരായ ഇവിടത്തെ നിവാസികള്‍ തങ്ങള്‍ക്കു കിട്ടുന്ന വരുമാനത്തിന്റെ സിംഹഭാഗവും മണ്ണെണ്ണ വാങ്ങാനാണു ചെലവഴിച്ചിരുന്നത്. അങ്ങനെ പ്രതിമാസം 300 രൂപയെങ്കിലും ചെലവാകുമെന്ന സാഹചര്യമുണ്ടായി. കുട്ടികളുടെ സ്‌കൂള്‍വിദ്യാഭ്യാസം പോലും മുടങ്ങുന്ന സ്ഥിതിയെത്തി. ഈ സമയത്താണ് ലിറ്റെര്‍ ഓഫ് ലൈറ്റ്- പെപ്‌സി പദ്ധതിയുമായി ഇവിടെ രംഗപ്രവേശം ചെയ്യുന്നത്. ഒരു പെപ്‌സി കുപ്പിയും അതിന്റെ മുകളിലെ വാര്‍പ്പും ഉപയോഗിച്ചാണ് അവര്‍ ഇവിടെ വൈദ്യുതി എത്തിച്ചത്. കുപ്പിയില്‍ വെള്ളം നിറച്ച്, അതിനു മുകളില്‍ ഒരു ഓട് വെച്ച് അടച്ച് വീടിന്റെ ഒരു മേല്‍ക്കൂരയില്‍ ഉറപ്പിച്ച് വെക്കുന്നു. ഊര്‍ജതന്ത്രത്തിലെ പ്രകാശത്തിന്റെ അപവര്‍ത്തനനിയമമാണ് ഈ പദ്ധതി അടിസ്ഥാനമാക്കിയത്. ഇതു വഴി വീടുകൡ വെളിച്ചമെത്തിക്കാനായി.

വീടുകളില്‍ മാത്രം വിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ ഒതുങ്ങുന്നതായിരുന്നില്ല ലിറ്റെര്‍ ഓഫ് ലൈറ്റിന്റെ പ്രവര്‍ത്തനം. പിവിസി പൈപ്പുകളും സൗരോര്‍ജ പാനലുകളും കുപ്പികളും അടങ്ങുന്ന സംവിധാനത്തിലൂടെ തെരുവിളക്കുകള്‍ സ്ഥാപിക്കാനും സംഘടനയ്ക്കു സാധിച്ചു. ഇതിലൂടെ തെരുവുകള്‍ രാത്രിയിലും പ്രകാശമാനമായി. ഇവിടത്തുകാര്‍ക്ക് തൊഴില്‍സമയം നാലു മണിക്കൂര്‍ കൂടുതലായി ലഭ്യമാക്കാനും ഇതിലൂടെ കഴിഞ്ഞു. ദൗത്യം കഠിനമായിരുന്നെന്ന് ലിറ്റെര്‍ ഓഫ് ലൈറ്റിന്റെ സ്ഥാപകന്‍ പങ്കജ് ദീക്ഷിത് വ്യക്തമാക്കുന്നു. ലൈറ്റുകള്‍ വനാന്തര്‍പ്രദേശങ്ങളിലേക്ക് അയയ്ക്കുകയെന്നത് ദുര്‍ഘടം പിടിച്ച ജോലിയായിരുന്നു. റോഡുകളെന്നു പറയാന്‍ മാത്രം പാതകള്‍ വികസിച്ചിട്ടില്ലായിരുന്നു. ഏറ്റവും ചെലവു കുറഞ്ഞ അസംസ്‌കൃതവസ്തുക്കളാണ് സൗരോര്‍ജ തെരുവുവിളക്കുകളുടെ നിര്‍മാണത്തിനുപയോഗിച്ചത്. പുനഃചംക്രമണം ചെയ്ത പ്ലാസ്റ്റിക്ക്, പിവിസി പൈപ്പ്, പ്ലാസ്റ്റിക്ക് കുപ്പികള്‍ എന്നിവയാണ് പ്രധാന അസംസ്‌കൃതവസ്തുക്കള്‍. മൂന്നു നാലു വര്‍ഷത്തേക്ക് ഇവ അറ്റകുറ്റപ്പണി വിമുക്തമായിരിക്കുമെന്ന് ദീക്ഷിത് അവകാശപ്പെടുന്നു. ഇവിടം കൊണ്ട് ദൗത്യമവസാനിപ്പിക്കാന്‍ തയാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാന്തപ്രദേശങ്ങളിലെ നാനൂറോളം വീടുകളില്‍ക്കൂടി വൈദ്യുതി എത്തിക്കേണ്ടതുണ്ട്.

ഒരു പെപ്‌സി കുപ്പിയും അതിന്റെ മുകളിലെ വാര്‍പ്പും ഉപയോഗിച്ചാണ് അവര്‍ ഇവിടെ വൈദ്യുതി എത്തിച്ചത്. കുപ്പിയില്‍ വെള്ളം നിറച്ച്, അതിനു മുകളില്‍ ഒരു ഓട് വെച്ച് അടച്ച് വീടിന്റെ ഒരു മേല്‍ക്കൂരയില്‍ ഉറപ്പിച്ച് വെക്കുന്നു. ഊര്‍ജതന്ത്രത്തിലെ പ്രകാശത്തിന്റെ അപവര്‍ത്തനനിയമമാണ് ഈ പദ്ധതി അടിസ്ഥാനമാക്കിയത്

സിരുമലൈക്കാട്ടിലെ ലിറ്റെര്‍ ഓഫ് ലൈറ്റ്- പെപ്‌സി പദ്ധതി അവിടെ താമസിക്കുന്നവരുടെ ജീവിതം മാറ്റിമറിച്ചിരിക്കുന്നു. ഇന്നു ഞങ്ങളുടെ കുടിലുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ മിന്നുന്നു, ഇത് ജീവിതത്തിന് വലിയ പ്രത്യാശയുടെ പ്രകാശമാണു പകര്‍ന്നിരിക്കുന്നതെന്ന് ഗ്രാമവാസിയായ രാമസാമി പറയുന്നു. കുട്ടികള്‍ ആഹ്ലാചിത്തരാണ്. ഇന്ന് അവര്‍ക്ക് സൂര്യനസ്തമിക്കും മുമ്പ് ഗൃഹപാഠം തിരക്കിട്ടു ചെയ്തു തീര്‍ക്കേണ്ട ആവശ്യമില്ല. രാത്രിയിലും ഇരുന്നു പഠിക്കാം. പഠിത്തം ഇടയ്ക്ക്‌വെച്ചു നിര്‍ത്തിവെക്കേണ്ടി വരുമോയെന്ന ആശങ്കയില്ലെന്നും അദ്ദേഹം പറയുന്നു. സന്ധ്യക്കും ഇവിടത്തെ കുട്ടികള്‍ വീടിനു പുറത്തിറങ്ങുന്നു. വീട്ടമ്മമാര്‍ക്ക് രാത്രിയിലും പാചകം ചെയ്യാം, നാളത്തേക്ക് വേണ്ടി കൂടുതല്‍ ഭക്ഷണം കരുതുകയുമാകാം. കര്‍ഷകനായ സെല്‍വത്തിന് മുമ്പ് തന്റെ കൃഷിയിടത്തില്‍ നിന്ന് വൈകുന്നേരമാകുമ്പോള്‍ തന്നെ തിരിക്കേണ്ടിയിരുന്നു. ചക്ക, നാരകം എന്നിവയാണ് അദ്ദേഹം നട്ടു വളര്‍ത്തുന്നത്. ഇരുട്ടു വീഴുമ്പോഴേക്കും വിളവെടുപ്പ് മതിയാക്കി തിരികെ പോരേണ്ട സാഹചര്യം ബിസിനസിനെ ബാധിച്ചിരുന്നു. ഫലങ്ങള്‍ തടുത്തു കൂട്ടിയിടാനും മറ്റും കുറച്ചു കൂടുതല്‍ സമയം കിട്ടിയിരുന്നെങ്കില്‍ എന്നു പലപ്പോഴും അദ്ദേഹം ആലോചിച്ചിട്ടുണ്ട്. എന്നാല്‍ വെളിച്ചം മങ്ങുന്നതോടെ കിട്ടുന്നത് കൊണ്ടാണ് ബിസിനസ് ക്രമീകരിച്ചിരുന്നത്. എന്നാല്‍ സൗരോര്‍ജമെത്തിയതോടെ അദ്ദേഹത്തിന് രാത്രിയിലും ജോലി ചെയ്യാനാകുന്നു. ഇത് തന്റെ ബിസിനസിനെ പരിപോഷിപ്പിച്ചുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വിളവെടുപ്പു കഴിഞ്ഞ് ഫലങ്ങളെല്ലാം അടുത്ത ദിവസത്തേക്ക് വേണ്ടി അടുക്കിവെക്കാനും കണക്കുകള്‍ പരിശോധിക്കാനുമൊക്കെ കഴിയുന്നു.

സിരുമലൈക്കാട്ടിലെ ലിറ്റെര്‍ ഓഫ് ലൈറ്റ്- പെപ്‌സി പദ്ധതി അവിടെ താമസിക്കുന്നവരുടെ ജീവിതം മാറ്റിമറിച്ചു. വനമേഖലയില്‍ 34 തെരുവുവിളക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി ഈ പ്രാന്തവല്‍കൃത സമൂഹത്തിന് പുതിയ വെളിച്ചം നല്‍കുന്നു. രണ്ടു വര്‍ഷം പിന്നിടുന്ന പദ്ധതി ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളിലടക്കം 20 ഗ്രാമങ്ങളില്‍ കൂടി നടപ്പാക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

കര്‍ഷകനായ തിവേന്ദ്രന്റെ കാര്യവും മെച്ചപ്പെട്ടിരിക്കുന്നു. ദിവസത്തില്‍ ഏറിയ പങ്കും പാടത്തും തൊഴുത്തിലും കഴിയേണ്ടി വരുന്ന അദ്ദേഹത്തെയും സമയക്കുറവ് അലട്ടിയിരുന്നു. മൃഗപരിപാലനത്തിനാണ് അദ്ദേഹത്തിന് കൂടുതല്‍ സമയം വേണ്ടി വരുന്നത്. മൃഗങ്ങളെ മേയ്ക്കാനും കുളിപ്പിക്കാനും വൈകുന്നേരം കൂടുതല്‍ സമയം ചെലവിടേണ്ടി വരും. തൊഴുത്തില്‍ വിളക്കു കത്തിക്കാന്‍ വേണ്ടി മണ്ണെണ്ണ വാങ്ങാനാണ് വരുമാനത്തിന്റെ കൂടുതല്‍ പങ്കും ചെലവാക്കേണ്ടി വന്നിരുന്നത്. എന്നാല്‍ ലിറ്റെര്‍ ഓഫ് ലൈറ്റ്- പെപ്‌സി പദ്ധതി വഴി വൈദ്യുതി എത്തിയതോടെ അദ്ദേഹത്തിന്റെ ജോലിഭാരത്തിനൊപ്പം സാമ്പത്തികഭാരവും കുറഞ്ഞിരിക്കുന്നു. ചെലവു കുറഞ്ഞ വൈദ്യുതി ലഭ്യമായതോടെ വൈകുന്നേരം തൊഴുത്തിലും പാടത്തും കൂടുതല്‍ സമയം വിനിയോഗിക്കാനായി. മണ്ണെണ്ണവിളക്കിനെ ആശ്രയിക്കാതെ ഇന്ന് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പറ്റുന്നു. മൂന്ന് പുത്രന്മാരും മകളുമടങ്ങിയ നിര്‍ധന കുടുംബത്തെ ഇത് കുറച്ചൊന്നുമല്ല സഹായിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയ്‌ക്കെല്ലാം ഊര്‍ജം അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ നേരിടുന്ന വിരോധാഭാസം, ഇവിടെ പാവപ്പെട്ടവരാണ് പണക്കാരേക്കാള്‍ ഊര്‍ജച്ചെലവു വഹിക്കുന്നത് എന്നതാണ്. അവര്‍ വരുമാനത്തിന്റെ ഏറിയ പങ്കും മണ്ണെണ്ണ വാങ്ങാന്‍ ചെലവാക്കുന്നു. അവര്‍ക്ക് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വാങ്ങാനുള്ള പണമില്ലാത്തതാണ് കാരണം. ഇതിനായി വായ്പ പോലും അവര്‍ക്ക് ലഭിക്കുന്നില്ല.

വീടുകള്‍ക്കു പുറമെ ഗ്രാമത്തില്‍ 34 തെരുവുവിളക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി ഈ പ്രാന്തവല്‍കൃത സമൂഹത്തിന് പുതിയ വെളിച്ചം നല്‍കുന്നു. നല്ല റോഡുകള്‍ പോലും ഇല്ലാത്ത പ്രദേശത്ത് ആശുപത്രികളോ മറ്റു സുരക്ഷാ സൗകര്യങ്ങളോ ഇല്ലായിരുന്നു. വൈദ്യുതി ലഭ്യമായതോടെ ഇതര മേഖലകളിലും വികസനം സാധ്യമാകുമെന്ന വിശ്വാസം ഇവര്‍ക്കു വന്നിട്ടുണ്ട്. പദ്ധതി ആരംഭിച്ചിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് വീടുകളില്‍ വൈദ്യുതി എത്തിക്കാനായത്. 20 ഗ്രാമങ്ങളില്‍ കൂടി പദ്ധതി നടത്താനുള്ള ശ്രമം പുരോഗമിക്കുന്നു. തമിഴ്‌നാടിനു പുറമെ ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളിലും ഇതു നടപ്പാക്കും. ഗ്രാമീണ മേഖലകളിലും ഇതരസംസ്ഥാനങ്ങളിലുമാണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. സര്‍ക്കാരും അധികൃതരും ഇതിനെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട്. പുനഃചംക്രമണം എന്ന ലളിതമായ ആശയം, അടിസ്ഥാന ഊര്‍ജതന്ത്രം, ചെറിയതോതിലുള്ള ഇന്നൊവേഷന്‍ എന്നിവ യോജിപ്പിച്ചാല്‍ ഗ്രാമീണഇന്ത്യയുടെ ഊര്‍ജപ്രതിസന്ധിക്കു പരിഹാരമാകും. സിരുമലൈക്കാടുകാരെപ്പോലെ പാവപ്പെട്ട ജനങ്ങള്‍ക്ക് ജീവിതം കൂടുതല്‍ കാര്യക്ഷമവും അനായാസകരവും സന്തോഷപൂര്‍ണവുമാക്കാന്‍ ഇതിലൂടെ കഴിയും. ഇത് ഒരു ചെറിയ കാര്യമല്ല.

Comments

comments

Categories: FK Special, Slider