പോര്‍ഷെ, ഔഡി ഓഫീസുകള്‍ റെയ്ഡ് ചെയ്തു

പോര്‍ഷെ, ഔഡി ഓഫീസുകള്‍ റെയ്ഡ് ചെയ്തു

ഡീസല്‍ എന്‍ജിന്‍ ബഹിര്‍ഗമനങ്ങളില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം അന്വേഷിക്കുന്നു

ഇങ്കോള്‍സ്റ്റാറ്റ് : വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെയുടെയും ഔഡിയുടെയും ഓഫീസുകളില്‍ ജര്‍മ്മന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി. വാഹന ബഹിര്‍ഗമനവുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും കൃത്രിമം കാണിച്ചതായ ആരോപണം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി. ബവേറിയ, ബേഡന്‍ വര്‍ട്ടംബര്‍ഗ് എന്നിവിടങ്ങളിലെ പത്തോളം ഓഫീസുകളിലായിരുന്നു പരിശോധന. 33 പ്രോസിക്യൂട്ടര്‍മാരും 160 ഓളം പൊലീസ് ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തു. കൂടാതെ ഇങ്കോള്‍സ്റ്റാറ്റിലെയും നെകാര്‍സുല്‍മിലെയും ഔഡി പ്ലാന്റുകളിലും ജര്‍മ്മന്‍ പൊലീസ് പരിശോധന നടത്തി.

കഴിഞ്ഞ മാസം മ്യൂണിക്കിലെയും ഓസ്ട്രിയയിലെയും ബിഎംഡബ്ല്യു ആസ്ഥാനങ്ങള്‍ പൊലീസ് റെയ്ഡ് ചെയ്തിരുന്നു. പോര്‍ഷെയിലെയും ഔഡിയിലെയും നിലവിലെയും മുന്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് അന്വേഷണം നടക്കുന്നത്. ഡീസല്‍ പാസഞ്ചര്‍ കാറുകളിലെ എമിഷന്‍ കണ്‍ട്രോള്‍ സംവിധാനങ്ങളില്‍ ഇവര്‍ കൃത്രിമം നടത്തിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്.

പോര്‍ഷെ എക്‌സിക്യൂട്ടീവ് ബോര്‍ഡിലെ മൂന്ന് പേരാണ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതെന്ന് ഒരു പ്രോസിക്യൂട്ടറുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.മൂന്ന് പേരില്‍ ഒരാള്‍ പോര്‍ഷെ എക്‌സിക്യൂട്ടീവ് ബോര്‍ഡിലെ അംഗവും മറ്റൊരാള്‍ സീനിയര്‍ മാനേജറുമാണ്. മൂന്നാമത്തെയാള്‍ ഇപ്പോള്‍ പോര്‍ഷെയുടെ ഭാഗമല്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നു.

33 പ്രോസിക്യൂട്ടര്‍മാരും 160 ഓളം പൊലീസ് ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തു

ഡീസല്‍ എന്‍ജിനുകളിലെ കാര്‍ബണ്‍ ബഹിര്‍ഗമന കണക്കുകളില്‍ കൃത്രിമം കാണിക്കുന്നതിന് പതിനായിരക്കണക്കിന് വാഹനങ്ങളില്‍ വ്യാജ ഉപകരണങ്ങള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ബിഎംഡബ്ല്യുവിനെതിരെ യുഎസ്സില്‍ കഴിഞ്ഞ മാസം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 2009 നും 2013 നുമിടയില്‍ വിറ്റ ബിഎംഡബ്ല്യു എക്‌സ്5, 335ഡി മോഡല്‍ ഡീസല്‍ കാറുകളിലാണ് കൃത്രിമം കാണിച്ചിരിക്കുന്നതെന്നാണ് ആരോപണം. ചില വാഹനങ്ങളില്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചിരുന്നതായി ഫെബ്രുവരിയില്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ സമ്മതിച്ചിരുന്നു.

Comments

comments

Categories: Auto