വ്യാപാര യുദ്ധം നാശത്തിനെന്ന് ഐഎംഎഫ് മേധാവി

വ്യാപാര യുദ്ധം നാശത്തിനെന്ന് ഐഎംഎഫ് മേധാവി

നിക്ഷേപക ആത്മവിശ്വാസം തകരുമെന്ന് ക്രിസ്റ്റിന്‍ ലഗാര്‍ഡെ

ന്യൂഡെല്‍ഹി: വ്യാപാര ആശങ്കകളും തര്‍ക്കങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതിനാല്‍ നിക്ഷേപത്തില്‍ ദീര്‍ഘകാല പ്രതിസന്ധി നേരിട്ടേക്കാമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റിന്‍ ലെഗാര്‍ഡെ. യുഎസ്-ചൈന വ്യാപാര യുദ്ധ സാധ്യതകള്‍ സംബന്ധിച്ച ആശങ്കകള്‍ വ്യാപകമാകുന്നതിനിടയിലാണ് ഐഎംഎഫ് മേധാവിയുടെ പ്രതികരണം.

ദേശീയ സുരക്ഷയുടെ പേരില്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് സ്റ്റീലിന്റെയും അലുമിനിയത്തിന്റെയും ഇറക്കുമതി തീരുവ യുഎസ് ഉയര്‍ത്തിയത്. ലോക വ്യാപാര സംഘടനയുടെ വ്യവസ്ഥകളെ മറികടന്ന് മറ്റ് രാജ്യങ്ങളും ഇത്തരത്തിലുള്ള നീക്കത്തെ പിന്തുടര്‍ന്നാല്‍ അത് ആഗോള വ്യാപാര വ്യവസ്ഥയ്ക്ക് വിനാശകരമാകുമെന്നാണ് പരക്കെയുള്ള വിലയിരുത്തല്‍. 150 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഇറക്കുമതിക്കാണ് യുഎസ് നടപടി ഭീഷണിയായിരിക്കുന്നത്. എന്നാല്‍ യുഎസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് ചൈനയും ഇതിന് പകരം വീട്ടി. ഇതേ തുടര്‍ന്നാണ് വ്യാപാര യുദ്ധമെന്ന ആശങ്ക ഉടലെടുത്തത്.

ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ ഇസെഡ്ടിഇക്ക് ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും ഏഴ് വര്‍ഷത്തെ വിലക്കാണ് അമേരിക്കന്‍ കമ്പനികള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

ആഗോള വളര്‍ച്ചയിലെ ഭീഷണി, വ്യാപാര തര്‍ക്കങ്ങള്‍, പ്രതിസന്ധികള്‍ എന്നിവയുടെ പ്രത്യാഘാതം ജിഡിപി കണക്കുകളില്‍ ചിലപ്പോള്‍ കണ്ടേക്കില്ല. എന്നാല്‍ അത് വിപണിയിലെ ആത്മവിശ്വാസത്തെ വല്ലാതെ ബാധിക്കും-അവര്‍ വ്യക്തമാക്കി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് വ്യാപാര വ്യവസ്ഥകളെ തകിടം മറിക്കും. എന്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരം നടത്തുന്നതെന്ന് നിക്ഷേപകര്‍ക്ക് അറിയില്ലെങ്കില്‍, വിതരണ ശൃംഖല എങ്ങിനെ സംഘടിപ്പിക്കണമെന്ന് അറിയില്ലെങ്കില്‍ നിക്ഷേപത്തിനോട് അവര്‍ വിമുഖത കാണിക്കും-ലഗാര്‍ഡെ വ്യക്തമാക്കി.

നിക്ഷേപവും വ്യാപാരവുമാണ് നിലവില്‍ വളര്‍ച്ചയെ നയിച്ചു കൊണ്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അവര്‍ വളര്‍ച്ചയ്ക്ക് വേണ്ടി ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ഈ രണ്ട് എന്‍ജിനുകളെ എന്തിന് നശിപ്പിക്കണമെന്നും ചോദിച്ചു. വ്യാപാര പ്രതിസന്ധി വര്‍ധിപ്പിക്കുന്ന തരത്തിലുള്ള നടപടികളിലേക്ക് രാജ്യങ്ങള്‍ നീങ്ങരുതെന്നും ഐഎംഎഫ് മേധാവി ആവശ്യപ്പെട്ടു.

താരിഫുകള്‍ കുറയ്ക്കുമെന്നും പരിധികള്‍ നീക്കുമെന്നും,കൂടുതല്‍ വ്യാപാര സാധ്യതകള്‍ തുറക്കുമെന്നുമുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നു. ഇത്തരത്തിലുള്ള നടപടികള്‍ നടപ്പിലാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്-അവര്‍ പറഞ്ഞു. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കുലുക്കമൊന്നുമില്ല. ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ ഇസെഡ്ടിഇക്ക് ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് അമേരിക്കന്‍ കമ്പനികള്‍ക്ക് ഏഴ് വര്‍ഷത്തെ വിലക്കാണ് അമേരിക്ക പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Comments

comments

Categories: Slider, Top Stories