പ്രീപെയ്ഡ് മൊബീല്‍ റീചാര്‍ജുകള്‍ക്ക് തളര്‍ച്ച

പ്രീപെയ്ഡ് മൊബീല്‍ റീചാര്‍ജുകള്‍ക്ക് തളര്‍ച്ച

മൊബീല്‍ പ്രീപെയ്ഡ് റീചാര്‍ജുകളില്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ഇടിവ്

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കറന്‍സി നോട്ടുകള്‍ക്ക് ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് പ്രീപെയ്ഡ് മൊബീല്‍ റീചാര്‍ജുകളുടെ എണ്ണം കുറഞ്ഞതായി ടെലികോം ഡിസ്ട്രിബ്യൂട്ടര്‍മാര്‍ അറിയിച്ചു. മൊബീല്‍ പ്രീപെയ്ഡ് റീചാര്‍ജുകളില്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ഇടിവ് വന്നിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. നോട്ട് പ്രതിസന്ധി ഉടന്‍ പരിഹരിക്കാനായില്ലെങ്കില്‍ ഇതിന്റെ ആഘാതം 20 മുതല്‍ 25 ശതമാനം വരെയായി വര്‍ധിക്കുമെന്നും ടെലികോം സേവനദാതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, നോട്ട് ക്ഷാമം ഇതുവരെ കാര്യമായ ആഘാതമൊന്നുമുണ്ടാക്കിയിട്ടില്ലെന്നാണ് മൊബീല്‍ഫോണ്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും ലഭിക്കുന്ന വിവരം. നിലവിലെ സാഹചര്യത്തെ സസൂക്ഷ്്മം നിരീക്ഷിച്ചുവരികയാണെന്നും മൊബീല്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു. ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള റീചാര്‍ജുകളില്‍ വലിയ വര്‍ധന നിരീക്ഷിച്ചതായും ഇവര്‍ പറഞ്ഞു. കറന്‍സി നോട്ടുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടെങ്കിലും ഡിജിറ്റല്‍ റീചാര്‍ജുകളിലുണ്ടായ വര്‍ധനവ് നോട്ട് അസാധുവാക്കല്‍ നയം നടപ്പാക്കിയ ശേഷം ടെലികോം കമ്പനികളുടെ വരുമാനത്തിലുണ്ടായ കുറവ് നികത്താന്‍ സഹായിക്കുമെന്നാണ് ഇവരുടെ വാദം.

കറന്‍സി നോട്ടുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടെങ്കിലും ഡിജിറ്റല്‍ റീചാര്‍ജുകളിലുണ്ടായ വര്‍ധനവ് നോട്ട് അസാധുവാക്കല്‍ നയം നടപ്പാക്കിയ ശേഷം ടെലികോം കമ്പനികളുടെ വരുമാനത്തിലുണ്ടായ കുറവ് നികത്താന്‍ സഹായിക്കുമെന്ന വാദവും ഉയരുന്നുണ്ട്

നോട്ട് പ്രതിസന്ധി മറികടക്കുന്നതിന് ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാനും ടെലികോം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ മൊബീല്‍ഫോണ്‍ ഉപയോക്താക്കളില്‍ 96 ശതമാനവും ‘പേ-ആന്‍ഡ്-യൂസ്’ മോഡലില്‍ ടെലികോം സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരാണ്. ഈ ബിസിനസ് പ്രധാനമായും ജനങ്ങളുടെ കൈവശമുള്ള പണത്തെ ആശ്രയിച്ചാണ്. നോട്ട് അസാധുവാക്കല്‍ നയം നടപ്പാക്കിയ ശേഷമുള്ള സാഹചര്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കാണാനാകുന്നത്. പ്രശ്‌നം കൂടുതല്‍ വഷളായാല്‍ ബിസിനസുകളില്‍ വലിയ നഷ്ടമുണ്ടാകുമെന്ന് എയര്‍ടെല്‍ ഡിസ്ട്രിബ്യൂട്ടര്‍ പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ നയത്തിനു ശേഷം രാജ്യത്ത് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള റീചാര്‍ജ് വൗച്ചര്‍ ഇടപാടുകളിലും ഇലക്ട്രോണിക് ടോപ്-അപ്പുകളിലും 80 ശതമാനം ഇടിവുണ്ടായിരുന്നു. നോട്ട് ക്ഷാമം ജാഗ്രതയോടെ നിരീക്ഷിക്കുന്നതായും ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വെബ്‌സൈറ്റ് വഴിയും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചും മൈഐഡിയ ആപ്പ് വഴിയും റീചാര്‍ജ് ചെയ്യാനുള്ള അവസരമുണ്ടെന്നും ഐഡിയ സെല്ലുലാര്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു. ഡിജിറ്റല്‍ റീചാര്‍ജ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താനായി ഭാരതി എയര്‍ടെലും ഐഡിയയും വോഡഫോണും നിരന്തരം ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്.

Comments

comments

Categories: Business & Economy