എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം വഴിമുട്ടുമോ?

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം വഴിമുട്ടുമോ?

എസ്‌ജെഎമ്മിന് പിന്നാലെ എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലിനെ എതിര്‍ത്ത് ബിഎംഎസും

ന്യൂഡെല്‍ഹി: കടത്തില്‍ മുങ്ങിയ ദേശീയ എയര്‍ലൈനായ എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിച്ച് പുതിയ വഴിത്തിരിവുണ്ടാക്കാമെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി രാഷ്ട്രീയമായ തിരിച്ചടി അദ്ദേഹത്തിന് നല്‍കുമോ? എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനെ എതിര്‍ത്ത് സ്വദേശി ജാഗരണ്‍ മഞ്ചി (എസ്‌ജെഎം) ന് പിന്നാലെ ആര്‍എസ്എസിന്റെ മറ്റൊരു അനുബന്ധ സംഘടനായ ഭാരതീയ മസ്ദൂര്‍ സംഘും (ബിഎംഎസും) രംഗത്ത്. ആര്‍എസ്എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് വ്യാഴാഴ്ച്ചയാണ് നിലവിലെ രൂപത്തിലുള്ള എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്ത് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ആര്‍എസ്എസിന്റെ തന്നെ ഭാഗമായ തൊഴിലാളി സംഘടന ബിഎംഎസും രംഗത്തെത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യ വിഷയത്തില്‍ ആര്‍എസ്എസ് തലവന്‍ നടത്തിയ സ്വദേശി പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇതെന്നത് ശ്രദ്ധേയമാണ്.

എയര്‍ ഇന്ത്യയെന്നത് ദേശീയ ആസ്തിയാണ്, അത് പൊതുജനത്തിന്റേതാണ്. സര്‍ക്കാര്‍ അതിനെ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാന്‍ പാടില്ല-ബിഎംഎസ് പ്രസിഡന്റ് ഷാജി നാരായണന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. തങ്ങളുടെ നിലപാട് സര്‍ക്കാരിനെ അറിയിച്ചുവെന്നും എയര്‍ ഇന്ത്യ ജീവനക്കാരുടെ യൂണിയന് എല്ലാവിധ പിന്തുണയും നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടബാധ്യതയില്‍ വലയുന്ന ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ നിലവിലെ വ്യവസ്ഥകള്‍പ്രകാരം നടത്തുന്നതിനെതിരെയാണ് എസ്‌ജെഎം എതിര്‍പ്പുന്നയിച്ചത്. ഓഹരികള്‍ വിറ്റഴിക്കുന്നതിന് പകരമായി കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ ദേശീയ കാരിയറിന്റെ ആസ്തികള്‍ പണമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന്  എസ്‌ജെഎം ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യക്ക് പ്രവര്‍ത്തന ലാഭമുണ്ടാകുന്നുണ്ട്. എന്നാല്‍ കടബാധ്യതമൂലമാണ് നഷ്ടത്തിലേക്ക് വീണ്ടും കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ ഓഹരികള്‍ വിറ്റഴിക്കുന്നതിന് പകരമായി എയര്‍ ഇന്ത്യയുടെ ആസ്തികള്‍ വിറ്റഴിച്ചുകൊണ്ട് നഷ്ടം കുറയ്ക്കണമെന്നാണ് എസ്‌ജെഎം സഹ കണ്‍വീനര്‍ അശ്വനി മഹാജന്‍ അഭിപ്രായപ്പെട്ടത്.

എയര്‍ ഇന്ത്യ രാഷ്ട്രത്തിന്റെ സ്വത്താണ്. ജനങ്ങള്‍ക്കാണ് അതിന്റെ അവകാശം. കമ്പനിയെ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കരുത്-ബിഎംഎസ് പ്രസിഡന്റ്

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിദേശ കമ്പനികള്‍ക്ക് വിറ്റഴിക്കരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഒരു ഇന്ത്യക്കാരനോ ഇന്ത്യന്‍ കമ്പനിക്കോ മാത്രമേ എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം കൈമാറാവൂവെന്നാണ് അദ്ദേഹം പറഞ്ഞത്.

എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിനും നിയന്ത്രണാധികാരം കൈമാറുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഇതിനായുള്ള താല്‍പര്യപത്രം കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് 100 ശതമാനം ഓഹരിയുടമസ്ഥതയാണ് എയര്‍ ഇന്ത്യയിലുള്ളത്. എയര്‍ ഇന്ത്യയെ കൂടാതെ ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 100 ശതമാനം ഓഹരികളും എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളുമാണ് വില്‍ക്കാന്‍ ലക്ഷ്യമിടുന്നത്. 1930ല്‍ ടാറ്റ ഗ്രൂപ്പാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. പിന്നീട് കമ്പനി ദേശസാല്‍ക്കരിക്കപ്പെടുകയും സര്‍ക്കാര്‍ നിയന്ത്രണത്തിലാകുകയുമായിരുന്നു.

ഏകദേശം 50,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യത. കടബാധ്യതയില്‍ നിന്ന് കമ്പനിയെ കര കയറ്റുന്നതിനായി 2012മുതല്‍ 23,000 കോടി രൂപയിലധികം സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ടെങ്കിലും കമ്പനി കടത്തില്‍ മുങ്ങി തന്നെ നില്‍ക്കുകയാണ്. രണ്ട് പ്രബല ആര്‍എസ്എസ് സംഘടനകള്‍ തന്നെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെ രംഗത്തെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തലവേദന സൃഷ്ടിച്ചേക്കും. അടല്‍ ബിഹാരി വാജ്പയ് സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച സ്വകാര്യവല്‍ക്കരണ നയങ്ങളില്‍ വിവിധ ആര്‍എസ്എസ് സംഘനടകള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. അത് തുടര്‍ന്ന് വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിഴലിച്ചുവെന്ന വിലയിരുത്തലും ശക്തമായിരുന്നു.

Comments

comments

Categories: Slider, Top Stories