ഐഡിയ പേമെന്റ്‌സ് ബാങ്കിലെ 15-20% ഓഹരികള്‍ വില്‍ക്കാന്‍ ആദിത്യ ബിര്‍ള

ഐഡിയ പേമെന്റ്‌സ് ബാങ്കിലെ 15-20% ഓഹരികള്‍ വില്‍ക്കാന്‍ ആദിത്യ ബിര്‍ള

ബാങ്കിനെ 1,000 കോടി രൂപ മൂല്യത്തിലെത്തിക്കാന്‍ നീക്കം

മുംബൈ: നിക്ഷേപ സമാഹരണത്തിനായി ഐഡിയ പേമെന്റ്‌സ് ബാങ്കിന്റെ ന്യൂനപക്ഷ ഓഹരികള്‍ വില്‍ക്കാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് തയാറെടുക്കുന്നു. 200 കോടി രൂപയുടെ ധനസമാഹരണത്തിനായി പതിനഞ്ച് ശതമാനത്തിനും ഇരുപത് ശതമാനത്തിനും ഇടയിലുള്ള ഓഹരികള്‍ വില്‍ക്കുന്നതിനാണ് നീക്കം.പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് മാസം പിന്നിടുന്ന സംരംഭത്തെ 1000 കോടി രൂപയുടെ മൂല്യനിര്‍ണയത്തിലെത്തിക്കാനാണ് ഇതുവഴി ബിര്‍ള ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ഐഡിയ സെല്ലുലാറിന് 51 ശതമാനവും ആദിത്യ ബിര്‍ള നുവൊയ്ക്ക് 49 ശതമാനവും ഓഹരിയുടമസ്ഥതയാണ് ബാങ്കിലുള്ളത്. ഓഹരി വില്‍പ്പന വഴി ലഭിക്കുന്ന നിക്ഷേപം ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് ഉപയോഗിക്കാനാണ് തീരുമാനം. രാജ്യത്തെ മുന്‍നിര മൊബീല്‍ സേവനദാതാക്കളായ ഐഡിയയ്ക്ക് കീഴിലുള്ള ബാങ്ക് പ്രവര്‍ത്തനമടക്കമുള്ള കാര്യങ്ങളില്‍ നിലവില്‍ വന്‍ വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്.

ചെറുകിട ധനകാര്യ ബാങ്കുകളെന്ന ആശയം വളരെ സ്വീകാര്യമായ ഒന്നാണെങ്കിലും പേമെന്റ് ബാങ്ക് സംവിധാനം ചെലവ് സമ്മര്‍ദ്ദങ്ങളെ നേരിടുന്നുണ്ടെന്ന് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഓഹരി വിറ്റഴിച്ചു കൊണ്ട് നിക്ഷേപം സമാഹരിക്കുന്നതിനോട് ഐഡിയ പ്രതികരിച്ചിട്ടില്ല.

ഐഡിയ സെല്ലുലാറിന് 51 ശതമാനവും ആദിത്യ ബിര്‍ള നുവൊയ്ക്ക് 49 ശതമാനവും ഓഹരിയുടമസ്ഥതയാണ് ബാങ്കിലുള്ളത്. ഓഹരി വില്‍പ്പന വഴി ലഭിക്കുന്ന നിക്ഷേപം ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് ഉപയോഗിക്കാനാണ് തീരുമാനം

പേമെന്റ്‌സ് ബാങ്ക് മേഖലയിലേക്ക് ഏറ്റവും പുതുതായി പ്രവേശിച്ചത് ഐഡിയയാണ്. ഫെബ്രുവരിയിലാണ് ഐഡിയ പേമെന്റ്‌സ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. 2015 ഓഗസ്റ്റില്‍ 12 കമ്പനികള്‍ക്ക് പേമെന്റ്‌സ് ബാങ്ക് തുടങ്ങുന്നതിനുള്ള ലൈസന്‍സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയിരുന്നു. ഐഡിയയുടെ മുഖ്യ എതിരാളിയും രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളുമായ ഭാരതി എയര്‍ടെലാണ് പേമെന്റ്‌സ് ബാങ്ക് മേഖലയില്‍ പ്രവേശിച്ച ആദ്യത്തെ ടെലികോം സംരംഭം. 2016 നവംബറിലാണ് എയര്‍ടെലിന്റെ പേമെന്റ്‌സ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്.

ചെറിയ സേവിംഗ്‌സ് എക്കൗണ്ടുകള്‍, കുടിയേറ്റ തൊഴിലാളികള്‍, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍, ചെറിയ ബിസിനസുകള്‍, അസംഘടിത മേഖലാ സ്ഥാപനങ്ങള്‍ മറ്റ് ഉപയോക്താക്കള്‍ എന്നിവര്‍ക്കായി പേമെന്റ് അല്ലെങ്കില്‍ പണമയക്കല്‍ സേവനങ്ങള്‍ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന പേമെന്റ് ബാങ്ക് മോഡലിന് റിസര്‍വ് ബാങ്ക് പിന്തുണ നല്‍കുന്നുണ്ട്. ഇതുവഴി കൂടുതല്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനാണ് ആര്‍ബിഐ ശ്രമിക്കുന്നത്.

എന്നാല്‍ മറ്റ് ബാങ്കുകളെ പോലെ ലോണുകള്‍, ക്രെഡിറ്റ്് കാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്യാന്‍ പേമെന്റ്‌സ് ബാങ്കിന് സാധിക്കില്ല. എന്നാല്‍ 1 ലക്ഷം രൂപ വരെയുള്ള നിക്ഷേപം സ്വീകരിക്കാന്‍ സാധിക്കും. നിക്ഷേപത്തിന്റെ 75 ശതമാനവും നിര്‍ബന്ധമായും സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കേണ്ടതായുമുണ്ട്. വാണിജ്യ ബാങ്കുകളില്‍ നിന്നുയരുന്ന കടുത്ത മത്സരത്തെ നേരിടാന്‍ മൊബീല്‍ ഡെപ്പോസിറ്റുകള്‍ക്ക് ആക്രമണോത്സുക നിരക്കുകള്‍ ഈ ബാങ്കുകള്‍ നല്‍കേണ്ടി വരും.

Comments

comments

Categories: More