ഫാഷന്‍ ലോകത്തെ സീറോ വേസ്റ്റ്

ഫാഷന്‍ ലോകത്തെ സീറോ വേസ്റ്റ്

പരമ്പരാഗത നെയ്ത്തു വിദ്യകള്‍ക്കൊപ്പം ആധുനിക ഡിസൈനുകള്‍ കൊര്‍ത്തിണക്കി ഫാഷന്‍ വസ്ത്രങ്ങളും അലങ്കാര വസ്തുക്കളും നിര്‍മിക്കുന്ന സംരംഭമാണ് സൂത്രകാര്‍ ക്രിയേഷന്‍സ്

ഉപയോഗം കഴിഞ്ഞാന്‍ വെറും പാഴ്‌വസ്തുവായി പലരും കരുതുന്ന ഒന്നാണ് പേപ്പര്‍. കട്ടി കുറഞ്ഞത്, കാലങ്ങളോളം ഈട് നില്‍ക്കുന്നില്ല എന്നിങ്ങനെ കാരണങ്ങള്‍ പലത് കണ്ടെത്തി ആളുകള്‍ ഇതിന്റെ മാറ്റ് കുറയ്ക്കുന്നു. ജനങ്ങളുടെ ഇത്തരത്തിലുള്ള ആശയം തിരുത്തി കുറിക്കുന്ന തരത്തിലാണ് പേപ്പര്‍ക്രാഫ്റ്റ് -ടെക്‌സ്‌റ്റൈല്‍ സംരംഭകയായ നീരജ പാലിസെട്ടിയുടെ സൂത്രകാര്‍ ക്രിയേഷന്‍സിന്റെ പ്രവര്‍ത്തനം. ജയ്പൂര്‍ ആസ്ഥാനമായ ഈ സ്ഥാപനം പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലുള്ള വസ്ത്രങ്ങളും വീട്, ഓഫീസ് എന്നിവ അലങ്കരിക്കുന്നതിനാവശ്യമായ പേപ്പര്‍ക്രാഫ്റ്റുകളും ബാഗുകളും അണിയിച്ചൊരുക്കുകയാണ്.

പേപ്പര്‍ കൊണ്ടു നിര്‍മിക്കുന്ന വസ്തുക്കളോടുള്ള ഭ്രമമാണ് നീരജയെ ഇത്തരത്തിലുള്ള ഒരു സംരംഭകയാക്കിയത്. പ്രകൃതിക്കും മനുഷ്യനും ഒരു തരത്തിലുമുള്ള ദ്രോഹം ചെയ്യുന്നില്ല എന്നതും ഈ സംരംഭത്തിന്റെ മാറ്റ് കൂട്ടുന്നു. അതോടൊപ്പം തന്നെ പരമ്പരാഗത വസ്ത്രനെയ്ത്തിന് കരുത്ത് പകരാനും സഹായിക്കുന്ന സംരംഭമാണിത്.

നെയ്ത്ത് കുടുംബത്തില്‍ നിന്നും ഫാഷന്‍ ലോകത്തേക്ക്

ആന്ധ്രാപ്രദേശിലെ ശ്രീകാകൂളം ജില്ലയിലെ ഒരു നെയ്ത്തു കുടുംബമാണ് നീരജയുടേത്. പൊണ്ടുറു ഗ്രാമം ഖാദിക്കും നെയ്ത്തിനും പേര് കേട്ട സ്ഥലം കൂടിയാണ്. നെയ്ത്ത് കുടുംബം ആയതുകൊണ്ടുതന്നെ സ്വാഭാവികമായും നീരജയും കാലക്രമേണ ഈ മേഖലയിലേക്ക് ചുവടുറപ്പിക്കുകയായിരുന്നു. ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ജൂട്ടും കോട്ടണും ഉപയോഗിച്ച് നെയ്ത്ത് ശീലിക്കുന്നത്. സ്‌കൂളിലെ ഒരു പ്രൊജക്്റ്റിന്റെ ഭാഗമായാണ് അത് പരിശീലിച്ചത്. പെന്‍സിലും മറ്റും സൂക്ഷിക്കാനുള്ള ഒരു ചെറിയ പഴ്‌സ് അന്ന് ഞാന്‍ സ്വയം നിര്‍മിച്ചിരുന്നു- നീരജ പറയുന്നു.

എന്‍ഐഡി അഹമ്മദാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യ ബാച്ചില്‍ നിന്നും ബിരുദം നേടി ടെക്‌സ്്‌റ്റൈല്‍ ഡിസൈനറായ പിതാവാണ് ജീവിതത്തില്‍ ഈ യുവ സംരംഭകയ്ക്ക് ഏറ്റവും കൂടുതല്‍ പ്രചോദനമായത്. അച്ഛന്റെ പാഠങ്ങള്‍ മനസില്‍ കുറിച്ച് ടെക്‌സ്റ്റൈല്‍ ആന്‍ഡ് ക്ലോത്തിംഗില്‍ എംഎസ്‌യു ബറോഡയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ നീരജ നോട്ടിംഗാം ട്രെന്‍ഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്ദര ബിരുദവും നേടിയശേഷമാണ് ഫാഷന്‍ മേഖലയിലേക്ക് ഇറങ്ങിത്തിരിച്ചത്. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ കച്ചവടക്കാരിയായും ജയ്പൂരില്‍ ഡിസൈന്‍ പ്രൊഫസറായും വിവിധ ഇടങ്ങളില്‍ ജോലി ചെയ്ത പരിചയസമ്പത്ത് കൈമുതലാക്കിയാണ് നീരജ സ്വന്തം സംരംഭത്തിന് തുടക്കമിട്ടത്.

പേപ്പര്‍ നെയ്ത്തിന്റെ വേറിട്ട പരീക്ഷണം

സ്വദേശത്തും വിദേശത്തും ഫാഷന്‍ ലോകത്തെ വിവിധ പാഠങ്ങള്‍ ഉള്‍ക്കൊണ്ടെങ്കിലും പേപ്പറില്‍ വര്‍ണജാലങ്ങള്‍ തീര്‍ക്കുന്നതിലായിരുന്നു നീരജ കൂടുതലായും ശ്രദ്ധ പതിപ്പിച്ചത്. പേപ്പര്‍ നെയ്ത്തിനെകുറിച്ച് ജപ്പാനിലെ പല മഹത് വ്യക്തികളും പറഞ്ഞ അറിവുണ്ടായിരുന്നു. ഈ ടെക്‌നിക്കുകള്‍ ഇന്ത്യന്‍ ആശയങ്ങളുമായി പൊരുത്തപ്പെടുത്തിയെടുക്കാനായിരുന്നു നീരജയുടെ ശ്രമം. ഇതുവഴി പ്രകൃതിയോട് ഇണങ്ങുന്ന വസ്ത്രങ്ങള്‍ നെയ്യുകയും ചെയ്യാം, അതിനൊപ്പം ഇന്ത്യയിലെ പരമ്പരാഗത മെയ്ത്തുകാര്‍ക്ക് മികച്ച അവസരങ്ങള്‍ നേടിക്കൊടുക്കാനും കഴിയും- നീരജ പറയുന്നു.

രണ്ടു വര്‍ഷം മുമ്പാണ് സൂത്രകാര്‍ ക്രിയേഷന്‍സിന് നീരജ തുടക്കമിടുന്നത്. ഉപയോഗശൂന്യമായ പേപ്പര്‍, റീസൈക്കിള്‍ഡ് പേപ്പര്‍ മറ്റ് പ്രകൃതിദത്ത വസ്തുക്കള്‍ എന്നിവ ചേര്‍ത്താണ് ഇവിടെ വസ്ത്രങ്ങളും വീടിനാവശ്യമായ മറ്റ് അലങ്കാര വസ്തുക്കളും നിര്‍മിക്കുന്നത്. നൂറു ശതമാനം കൈകൊണ്ടു നിര്‍മിക്കുന്ന, വളരെ കുറച്ചു മാത്രം വൈദ്യുതി ഉപയോഗിക്കേണ്ടി വരുന്ന യന്ത്രസംവിധാനങ്ങള്‍ മാത്രം മതി എന്നതും ഈ സംരംഭത്തിന്റെ സവിശേഷതമായാണ്. തികച്ചും പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. നാട്ടുകാരായ നെയ്ത്തുകാര്‍ക്കൊപ്പം ചില അന്തര്‍ദേശീയ ഡിസൈനര്‍മാരും സൂത്രകാര്‍ ക്രിയേഷന്‍സില്‍ ജോലി ചെയ്യുന്നുണ്ട്.

പേപ്പറിലെ സൂത്രകാരന്‍

അപ്‌സൈക്കിള്‍ ചെയ്ത ഉപയോഗശൂന്യമായ പേപ്പറുകള്‍ 2-4 മില്ലിമീറ്റര്‍ വലുപ്പത്തില്‍ വെട്ടിയെടുത്ത് ചര്‍ക്കയില്‍ സ്പിന്‍ ചെയ്ത് ചെറിയ നൂലുണ്ടകളാക്കി മാറ്റും. അതിനൊപ്പം ഇവ കൊണ്ടു നെയ്യുന്ന വസ്ത്രങ്ങള്‍ക്ക് ഊടും പാവും നല്‍കാനും മറ്റുമായി കൊട്ടണ്‍, അഹിംസാ സില്‍ക്ക് എന്നിവയാണ് ഉപയോഗിക്കുക. ഇവ രണ്ടും പാഴായ വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്‌തെടുക്കുന്നതു തന്നെ. ചെറിയ ഹാന്‍ഡ് ബാഗുകള്‍, പഴ്‌സുകള്‍, ഗിഫ്റ്റ് നല്‍കാനുള്ള അലങ്കാര വസ്തുക്കള്‍, ഡയറി കവറുകള്‍, ഫോട്ടോ ഫ്രെയിം, ലാംപ് ഷെയ്ഡുകള്‍, മുറികള്‍ പരസ്പരം വേര്‍തിരിക്കുന്ന ഡിവൈഡറുകള്‍ എന്നിവയെല്ലാം ഈ പേപ്പര്‍ നൂലുകള്‍ ചേര്‍ത്തിണക്കി നിര്‍മിക്കാന്‍ കഴിയും. 850 മുതല്‍ 10,000 രൂപ വരെയാണ് ഇവിടെയുള്ള ഓരോ ഉല്‍പ്പന്നങ്ങളുടേയും വില. ഉപയോഗശൂന്യമായ പേപ്പറുകളും മറ്റും കോര്‍ത്തിണക്കി ഇത്തരത്തില്‍ വീണ്ടും ഉപയോഗിക്കാനാകുമെന്ന് തെളിയിക്കുന്ന സംരംഭം ഫാഷന്‍ ലോകത്ത് സീറോ വേസ്റ്റ് എന്ന ആശയത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. അതിനൊപ്പം തന്നെ പരമ്പരാഗത നെയ്ത്തുരംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും തൊഴില്‍ സാധ്യത ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ഓണ്‍ലൈന്‍ വഴിയും എക്‌സിബിഷന്‍ വഴിയുമാണ് പ്രധാനമായും ഉല്‍പ്പന്നങ്ങളുടെ വിപണനം നടക്കുന്നത്. ഫേസ്ബുക്ക്, വേള്‍ഡ്ആര്‍ട്ട്കമ്മ്യൂണിറ്റിഡോട്ട്‌കോം എന്നിവയില്‍ പ്രദര്‍ശിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറിവരികയാണ്. വീട്ടമ്മമാരെയും പ്രാദേശിക നെയ്ത്തുകാരെയും ഉള്‍പ്പെടുത്തിയാണ് സൂത്രകാരന്റെ പ്രവര്‍ത്തനം. തുടക്കത്തില്‍ ഒരു നെയ്ത്തുജോലിക്കാരനുമായി തുടങ്ങിയ സ്ഥാപനത്തില്‍ ഇന്ന് മൂന്നു നെയ്ത്തുകാരും അഞ്ചോളം വീട്ടമ്മമാരും ജോലി ചെയ്യുന്നു. ഇന്ത്യയില്‍ മറ്റിടങ്ങളിലും വിദേശത്തുള്ളവരും സൂത്രകാരനിലെ പേപ്പര്‍നെയ്ത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യം കാണിക്കുന്നതായും നീരജ പറയുന്നു.

പരിസ്ഥിതിയോടിണങ്ങി എങ്ങനെ ജീവിക്കുമെന്നതിന് മറ്റുള്ളവര്‍ക്കൊരു മാതൃക കാണിച്ചുകൊടുക്കാനാണ് എന്റെ ശ്രമം. ജീവിതശൈലിയിലെ ചെറിയൊരു മാറ്റത്തിലൂടെ ഇത് സാധ്യമാക്കാവുന്നതേയുള്ളൂ- നീരജ പറയുന്നു. പരമ്പരാഗത നെയ്ത്തു വിദ്യകള്‍ക്കൊപ്പം ആധുനിക ഡിസൈനുകള്‍ കൊര്‍ത്തിണക്കുന്ന ഈ സംരംഭം പഴമയുടെ ഭംഗി നഷ്ടമാകാതെ കാത്തുസൂക്ഷിക്കുന്നുമുണ്ട്.

Comments

comments