യുബര്‍ ഈറ്റ്‌സ് കൂടുതല്‍ നഗരങ്ങളിലേക്ക്

യുബര്‍ ഈറ്റ്‌സ് കൂടുതല്‍ നഗരങ്ങളിലേക്ക്

കൊല്‍ക്കത്ത: കാബ് സേവനദാതാക്കളായ യുബറിന്റെ ഫുഡ് ഡെലിവറി സേവനമായ യുബര്‍ ഈറ്റ്‌സ് ഇന്ത്യയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക്. ഗുവാഹത്തി, ലക്‌നൗ, അഹമ്മദാബാദ് എന്നി നഗരങ്ങളിലേക്ക് ചുവടുവെക്കുന്നതിനൊപ്പം നിലവില്‍ സേവനമുള്ള 11 നഗരങ്ങളില്‍ സാന്നിധ്യം ശക്തമാക്കാനും പദ്ധതിയുണ്ടെന്ന് യുബര്‍ ഈറ്റ്‌സ് മേധാവി ഭവിക് റാത്തോഡ് പറഞ്ഞു.

വികസനത്തിന്റെ ഭാഗമായി കൂടുതല്‍ റെസ്റ്റൊറന്റുകളുമായി സഹകരിക്കും. നിലവില്‍ ഇന്ത്യയിലെ 11 നഗരങ്ങളിലായി 12,000 റെസ്റ്റൊറന്റുകളാണ് യുബര്‍ ഈറ്റ്‌സുമായി സഹകരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ റെസ്‌റ്റൊറന്റുകളുടെ എണ്ണത്തില്‍ മൂന്നിരട്ടി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ഭവിക് റാത്തോഡ് പറഞ്ഞു. യുബറിന്റെ റൈഡ് ഷെയറിംഗ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെടുത്തി യുബര്‍ ഈറ്റ്‌സിന് കൂടുതല്‍ പ്രമോഷണല്‍ ഓഫറുകള്‍ നല്‍കുകയും യുബര്‍ ഈറ്റ്‌സുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാവുന്ന മറ്റ് ബിസിനസ് മാതൃകകള്‍ പരീക്ഷിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2014 ല്‍ ലോസ് ഏഞ്ചല്‍സില്‍ ആരംഭിച്ച യുബര്‍ ഈറ്റ്‌സ് ഇന്ന് 200 ലധികം നഗരങ്ങളില്‍ ലഭ്യമാണ്. ഇന്ത്യയില്‍ ഫുഡ്പാണ്ട, സൊമാറ്റോ, സ്വിഗ്ഗി എന്നിവരുമായിട്ടാണ് യുബര്‍ ഈറ്റ്‌സ് മത്സരിക്കുന്നത്.

Comments

comments

Categories: Business & Economy