തൊഴില്‍ ശക്തി വെട്ടിക്കുറക്കല്‍ ക്വാല്‍കോം ആരംഭിച്ചു

തൊഴില്‍ ശക്തി വെട്ടിക്കുറക്കല്‍ ക്വാല്‍കോം ആരംഭിച്ചു

ന്യൂഡെല്‍ഹി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ് നിര്‍മ്മാണ കമ്പനിയായ ക്വാല്‍കോം ചെലവ് ചുരുക്കലിന്റെ ഭാഗമായി തൊഴില്‍ ശക്തി കുറയ്ക്കുന്നു. വാര്‍ഷിക ചെലവുകള്‍ 1ബില്യണ്‍ ഡോളര്‍ കുറയ്ക്കുമെന്ന് നിക്ഷേപകര്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ക്വാല്‍കോം ഇന്‍ക് വ്യക്തമാക്കി. മുഴുവന്‍ സമയ, ഭാഗിക തൊഴില്‍വിഭാഗങ്ങളില്‍ വെട്ടിക്കുറയ്ക്കല്‍ നടക്കുന്നതായി കമ്പനി വക്താവ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തമായ കണക്ക് കമ്പനി പുറത്തുവിട്ടിട്ടില്ല. ദീര്‍ഘകാല വളര്‍ച്ചയ്ക്കും വിജയത്തിനും പിന്തുണ നല്‍കുന്നതിന് തൊഴില്‍ശക്തി കുറയ്‌ക്കേണ്ടതുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തലെന്നും വക്താവ് വ്യക്തമാക്കി.

തൊഴില്‍ശക്തി വെട്ടിക്കുറയ്ക്കലില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് വിരമിക്കല്‍ പാക്കേജുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 2017 സെപ്റ്റംബറിലെ കണക്ക്പ്രകാരം 33,800 മുഴുവന്‍ സമയ, താല്‍ക്കാലിക ജീവനക്കാര്‍ ക്വാല്‍കോമിന് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. പിരിച്ചു വിടുന്ന ജീവനക്കാരുടെ എണ്ണം വളരെ വലുതാണെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാര്‍ഷിക ചെലവില്‍ ഒരു ബില്യണ്‍ ഡോളര്‍ കുറയ്ക്കുന്നതിന് ബിസിനസിലുടനീളം വെട്ടിക്കുറയ്ക്കല്‍ നടത്തുമെന്ന് ജനുവരിയില്‍ ക്വാല്‍കോം വ്യക്തമാക്കിയിരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായ് പ്രവര്‍ത്തിക്കുന്ന ബ്രോഡ്‌കോം 117 ബില്യണ്‍ ഡോളറിന് ക്വാല്‍കോമിനെ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ട്രംപ് ഭരണകൂടം ഈ നീക്കത്തെ തടഞ്ഞു. അതിനാല്‍ വരുമാന വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ക്വാല്‍കോം.

Comments

comments

Categories: Business & Economy