നെക്‌സോണ്‍ ടാറ്റ മോട്ടോഴ്‌സിന്റെ ബെസ്റ്റ്-സെല്ലര്‍ യുവി

നെക്‌സോണ്‍ ടാറ്റ മോട്ടോഴ്‌സിന്റെ ബെസ്റ്റ്-സെല്ലര്‍ യുവി

ടാറ്റ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആകെ യൂട്ടിലിറ്റി വാഹന വില്‍പ്പനയില്‍ 53.47 ശതമാനം സംഭാവന ചെയ്തത് നെക്‌സോണ്‍

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിനെ സംബന്ധിച്ചിടത്തോളം നെക്‌സോണ്‍ ഗെയിം ചേഞ്ചറായി മാറിക്കഴിഞ്ഞു. കമ്പനിയുടെ ഇന്ത്യയിലെ ആകെ യൂട്ടിലിറ്റി വാഹന വില്‍പ്പനയില്‍ 53.47 ശതമാനം സംഭാവന ചെയ്തിരിക്കുന്നത് നെക്‌സോണ്‍ ആണ്. വിപണിയില്‍ പുറത്തിറക്കി ഏഴ് മാസത്തിനുള്ളില്‍ കോംപാക്റ്റ് എസ്‌യുവിയുടെ 27,747 യൂണിറ്റുകളാണ് വിറ്റത്. 2017-18 ല്‍ ടാറ്റ മോട്ടോഴ്‌സ് ആകെ വിറ്റ യൂട്ടിലിറ്റി വാഹനങ്ങളുടെ എണ്ണം 51,891 യൂണിറ്റാണ്. കഴിഞ്ഞ മാസം 4,605 യൂണിറ്റ് നെക്‌സോണ്‍ വില്‍ക്കാന്‍ ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞു. നെക്‌സോണിന്റെ വില്‍പ്പന സംബന്ധിച്ച പ്രതിമാസ ശരാശരി ഏകദേശം 4,000 യൂണിറ്റാണ്.

2018 സാമ്പത്തിക വര്‍ഷം യുവി സെഗ്‌മെന്റില്‍ അതിവേഗ വളര്‍ച്ച പ്രകടിപ്പിച്ച കമ്പനികളിലൊന്നാണ് ടാറ്റ മോട്ടോഴ്‌സ്. 51,891 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങള്‍ വിറ്റു. 2017 സാമ്പത്തിക വര്‍ഷം 18,652 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങളാണ് വിറ്റത്. 178.20 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ച ! സാമ്പത്തിക വര്‍ഷാവസാന മാസമായ 2018 മാര്‍ച്ചില്‍ മാത്രം 7,753 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങള്‍ വിറ്റു. 2017 മാര്‍ച്ചില്‍ 2,401 യൂണിറ്റ് വിറ്റ സ്ഥാനത്താണിത്. ടാറ്റ മോട്ടോഴ്‌സ് കൈവരിച്ചത് 223 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ച.

നെക്‌സോണ്‍, പ്രീമിയം എസ്‌യുവിയായ ഹെക്‌സ എന്നീ വാഹനങ്ങള്‍ക്ക് ആവശ്യകത വര്‍ധിച്ചതാണ് ടാറ്റ മോട്ടോഴ്‌സിന്റെ വിസ്മയാവഹമായ പ്രകടനത്തിന് കാരണം. നെക്‌സോണ്‍ വില്‍ക്കുന്നതിന് 25,000 ല്‍ കൂടുതല്‍ ബുക്കിംഗ് സ്വീകരിച്ചതായി ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. ചില സ്ഥലങ്ങളില്‍ വേരിയന്റുകള്‍ അനുസരിച്ച് ഇപ്പോള്‍ ഏഴ് ആഴ്ച്ച വരെയാണ് വെയ്റ്റിംഗ് പിരീഡ്.

എക്‌സ്ഇസഡ് പ്ലസ്, എക്‌സ്ടി എന്നീ ടോപ് വേരിയന്റുകളാണ് ടാറ്റ നെക്‌സോണിന്റെ ആകെ വില്‍പ്പനയില്‍ കൂടുതല്‍ സംഭാവന ചെയ്തത്. ഡുവല്‍ ടോണ്‍ പെയിന്റ് ഷേഡ് ഓപ്ഷന്‍ നല്‍കുന്ന എക്‌സ്ഇസഡ് പ്ലസ് വേരിയന്റിനാണ് ഏറ്റവും ജനപ്രീതി. എക്‌സ്ഇസഡ് പ്ലസ് (ഡുവല്‍ ടോണ്‍) ഡീസല്‍ വേരിയന്റിന് 9.62 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മാരുതി വിറ്റാര ബ്രെസ്സയുടെ ടോപ് വേരിയന്റിനേക്കാള്‍ 11,000 രൂപയും ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ ടോപ് വേരിയന്റിനേക്കാള്‍ 1.27 ലക്ഷം രൂപയും കുറവ് !

ടാറ്റ നെക്‌സോണിന്റെ 65 ശതമാനത്തിലധികം ഉപയോക്താക്കളും 35 വയസ്സില്‍ താഴെയുള്ളവരാണ്. നെക്‌സോണിന്റെ എഎംടി വേരിയന്റ് വൈകാതെ പുറത്തിറക്കും

മില്ലേനിയലുകളെയാണ് ടാറ്റയുടെ കോംപാക്റ്റ് എസ്‌യുവി ലക്ഷ്യം വെയ്ക്കുന്നത്. 21 ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പ്രായപൂര്‍ത്തിയായ വ്യക്തികളാണ് മില്ലേനിയല്‍. ജനറേഷന്‍ വൈ എന്നും ഇവര്‍ അറിയപ്പെടുന്നു. ടാറ്റ നെക്‌സോണിന്റെ 65 ശതമാനത്തിലധികം ഉപയോക്താക്കളും 35 വയസ്സില്‍ താഴെയുള്ളവരാണെന്ന് ഡീലര്‍മാര്‍ വെളിപ്പെടുത്തി. ഹാര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഡ്രൈവിംഗ് മോഡുകള്‍ എന്നിവ യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നു. നെക്‌സോണിന്റെ എഎംടി വേരിയന്റ് വൈകാതെ പുറത്തിറക്കും.

Comments

comments

Categories: Auto