ബ്രാന്‍ഡ്-ന്യൂ ഫോക്സ്വാഗണ് എന്ന പ്രതിച്ഛായ സൃഷ്ടിക്കുകയാണ് ലക്ഷ്യം
വോള്‍ഫ്സ്ബര്‍ഗ് : 2019 ല്‍ ഫോക്സ്വാഗണ് പുതിയ ലോഗോ സ്വീകരിക്കും. നിലവില്‍ ഉപയോഗിക്കുന്ന ലോഗോയേക്കാള്‍ കൂടുതല്‍ ആധുനികമായിരിക്കും പുതിയത്. ഒരുപക്ഷേ കമ്പനിയുടെ ചരിത്രത്തില്‍ ഇതാദ്യമായി വി, ഡബ്ല്യു എന്നീ അക്ഷരങ്ങള്‍ ഇല്ലാതെയുള്ള ആദ്യ ലോഗോ ആയിരിക്കും ഇനി ഉപയോഗിക്കുന്നത്. 1930 കളുടെ അവസാനം മുതല്‍ ഫോക്സ്വാഗണ് ലോഗോകളില്‍ വി, ഡബ്ല്യു അക്ഷരങ്ങള്‍ കാണാം.
പുതിയ ലോഗോ ഏതുവിധത്തിലായിരിക്കണമെന്ന് ഫോക്സ്വാഗണ് തീരുമാനിച്ചിട്ടില്ലെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ഫോക്സ്വാഗണ് വിവിധ പരസ്യ കമ്പനികളെ സമീപിക്കും. തുടര്‍ന്ന് പുതിയ ലോഗോയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. നിലവിലെ ലോഗോ വളരെയധികം ജര്‍മ്മന്‍ സ്വഭാവം പുലര്‍ത്തുന്നുവെന്നാണ് പുതിയ മാനേജ്മെന്റ് ചിന്തിക്കുന്നത്. ലോഗോ മാറ്റാന്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ തീരുമാനിക്കാനുള്ള പ്രധാന കാരണം ഇതാണ്. ഫോക്സ്വാഗണ് ബ്രാന്‍ഡിനെ പലപ്പോഴും വിഡബ്ല്യു എന്ന് ചുരുക്കി വിളിക്കുന്നവര്‍ കുറവല്ല.
ഒരുപക്ഷേ കമ്പനിയുടെ ചരിത്രത്തില്‍ ഇതാദ്യമായി വി, ഡബ്ല്യു എന്നീ അക്ഷരങ്ങള്‍ ഇല്ലാതെയുള്ള ആദ്യ ലോഗോ ആയിരിക്കും ഇനി ഉപയോഗിക്കുന്നത്
ലോഗോ മാറ്റുന്നത് തികച്ചും സ്വാഭാവികമെന്നാണ് ഫോക്സ്വാഗണ് നിലപാട്. കൊക്ക-കോള, ആപ്പിള്‍ തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകളും നേരത്തെ ലോഗോ പരിഷ്കരിച്ചിരുന്നു. എന്നാല്‍ നിലവിലെ ലോഗോ മാറ്റുന്നത് മറ്റൊരു റിസ്ക് എടുക്കലായിരിക്കും. ഡീസല്‍ എന്‍ജിനുകളുടെ കാര്‍ബണ്‍ ബഹിര്‍ഗമന പരിശോധനയില്‍ തട്ടിപ്പ് നടത്തിയതിന്റെയും മൃഗങ്ങളില്‍ വാഹന പുക പരീക്ഷണം നടത്തിയതിന്റെയും വിവാദങ്ങളില്നിന്നുള്ള പാപ മോക്ഷവും പുനര്ജനിയുമാകും പുതിയ ലോഗോ എന്ന് ഫോക്സ്വാഗണ് കരുതുന്നു. മാത്രമല്ല, ഫോക്സ്വാഗണ് ഐഡി ഇലക്ട്രിക് കാറുകള്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങും. ബ്രാന്‍ഡ്-ന്യൂ ഫോക്സ്വാഗണ് എന്ന പ്രതിച്ഛായ സൃഷ്ടിക്കുകയാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍.