2017-18 : യുവി സെഗ്‌മെന്റില്‍ മാരുതി സുസുകി ഒന്നാമത്

2017-18 : യുവി സെഗ്‌മെന്റില്‍ മാരുതി സുസുകി ഒന്നാമത്

ആഭ്യന്തര വിപണിയിലെ യൂട്ടിലിറ്റി വാഹന സെഗ്‌മെന്റില്‍ 27.5 ശതമാനത്തില്‍ കൂടുതലാണ് വിപണി വിഹിതം

ന്യൂഡെല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷം യൂട്ടിലിറ്റി വാഹന സെഗ്‌മെന്റില്‍ മാരുതി സുസുകി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2017-18 ല്‍ ആഭ്യന്തര വിപണിയിലെ യൂട്ടിലിറ്റി വാഹന സെഗ്‌മെന്റില്‍ 27.5 ശതമാനത്തിലധികമാണ് മാരുതി സുസുകിയുടെ വിപണി വിഹിതം.

വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ, എസ്-ക്രോസ് എന്നീ മോഡലുകള്‍ നേടിയെടുത്ത വിജയമാണ് മാരുതി സുസുകിയെ സഹായിച്ചത്. 2017-18 ല്‍ 2,53,759 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങള്‍ മാരുതി സുസുകി വിറ്റു. മുന്‍ വര്‍ഷം വിറ്റതാകട്ടെ 1,95,741 യൂണിറ്റ്. 29.6 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ച.

മാരുതി സുസുകി കൈവരിച്ച ഈ നേട്ടത്തില്‍ ഉപയോക്താക്കളെ നന്ദി അറിയിക്കുന്നതായി മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ആര്‍എസ് കല്‍സി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ യൂട്ടിലിറ്റി വാഹന മോഡലുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതാണ് സെഗ്‌മെന്റില്‍ ഒന്നാം സ്ഥാനം പിടിച്ചെടുക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം വിലയിരുത്തി.

രൂപകല്‍പ്പന, സാങ്കേതികവിദ്യകള്‍, യാത്രാസുഖം എന്നീ കാര്യങ്ങളില്‍ വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എര്‍ട്ടിഗ എന്നീ യൂട്ടിലിറ്റി വാഹനങ്ങള്‍ വിപണിയില്‍ ശ്രദ്ധിക്കപ്പെട്ടതായി ആര്‍എസ് കല്‍സി കൂട്ടിച്ചേര്‍ത്തു. 2017-18 ല്‍ വിറ്റാര ബ്രെസ്സയുടെ വില്‍പ്പന 36.7 ശതമാനവും എസ്-ക്രോസിന്റെ വില്‍പ്പന 44.4 ശതമാനവും എര്‍ട്ടിഗയുടെ വില്‍പ്പന 4.1 ശതമാനവും വര്‍ധിച്ചു.

വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ, എസ്-ക്രോസ് മോഡലുകള്‍ നേടിയെടുത്ത വിജയമാണ് മാരുതി സുസുകിയെ സഹായിച്ചത്

2018 മാര്‍ച്ച് 31 അനുസരിച്ച് മാരുതി സുസുകിയുടെ 2,627 സെയില്‍സ് ഔട്ട്‌ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. മാരുതി സുസുകി അരീന, നെക്‌സ, കൊമേഴ്‌സ്യല്‍ വിഭാഗങ്ങളിലായാണ് ഇത്രയും ഔട്ട്‌ലെറ്റുകള്‍. വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ ബ്രാന്‍ഡുകള്‍ മാരുതി സുസുകി അരീന വഴി വില്‍ക്കുമ്പോള്‍ എസ്-ക്രോസ് ലഭിക്കുന്നത് നെക്‌സ ഷോറൂമുകളിലാണ്.

Comments

comments

Categories: Auto