2017-18 : മാരുതി സുസുകി ഓള്‍ട്ടോ ബെസ്റ്റ്-സെല്ലിംഗ് പാസഞ്ചര്‍ വാഹനം

2017-18 : മാരുതി സുസുകി ഓള്‍ട്ടോ ബെസ്റ്റ്-സെല്ലിംഗ് പാസഞ്ചര്‍ വാഹനം

ആദ്യ പത്ത് കാറുകളില്‍ ഏഴെണ്ണവും മാരുതി സുസുകിയുടേതാണ്. മറ്റ് മൂന്ന് കാറുകള്‍ ഹ്യുണ്ടായുടേതും

ന്യൂഡെല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവുമധികം വിറ്റുപോയ പാസഞ്ചര്‍ വാഹനം മാരുതി സുസുകി ഓള്‍ട്ടോ. ടോപ് 10 ബെസ്റ്റ് സെല്ലിംഗ് പാസഞ്ചര്‍ വാഹനങ്ങളില്‍ മാരുതി സുസുകി ഓള്‍ട്ടോ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്. ആദ്യ പത്ത് കാറുകളില്‍ ഏഴെണ്ണവും മാരുതി സുസുകിയുടേതാണ്. മറ്റ് മൂന്ന് കാറുകള്‍ ഹ്യുണ്ടായുടേതും. ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ രണ്ട് കമ്പനികള്‍ക്കുമുള്ള ആധിപത്യം വ്യക്തമാക്കുന്നതാണ് ടോപ് 10 പട്ടിക.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) കണക്കുകള്‍ പ്രകാരം 2017-18 ല്‍ 2,58,539 യൂണിറ്റ് മാരുതി സുസുകി ഓള്‍ട്ടോയാണ് വിറ്റത്. മുന്‍ സാമ്പത്തിക വര്‍ഷം വിറ്റത് 2,41,635 യൂണിറ്റ്. 6.99 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നേടിയത്. കോംപാക്റ്റ് ഡിസൈന്‍, കുറഞ്ഞ പരിപാലന ചെലവുകള്‍, ഇന്ധനക്ഷമത, വിശ്വാസ്യത, താങ്ങാവുന്ന വില എന്നിവയാണ് മാരുതി സുസുകി ഓള്‍ട്ടോയുടെ ജനപ്രീതി വര്‍ധിപ്പിച്ചത്.

മാരുതി സുസുകിയുടെ കോംപാക്റ്റ് സെഡാനായ ഡിസയറിന്റെ പുതിയ വേര്‍ഷനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. സാമ്പത്തിക വര്‍ഷം 1,96,990 യൂണിറ്റ് ഡിസയറാണ് വിറ്റത്. പ്രീമിയം ഹാച്ച്ബാക്കായ മാരുതി സുസുകി ബലേനോ ടോപ് 10 പട്ടികയില്‍ മൂന്നാമതായി ഇടംപിടിച്ചു. 1,90,480 യൂണിറ്റ് മാരുതി ബലേനോയാണ് വിറ്റത്. 2016-17 ല്‍ ടോപ് 10 പട്ടികയില്‍ ഏഴാം സ്ഥാനത്തായിരുന്നു ബലേനോ.

മാരുതി സുസുകി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഈയിടെ പുറത്തിറക്കിയ വേര്‍ഷന്‍ നാലാം സ്ഥാനം നിലനിര്‍ത്തി. 2017-18 ല്‍ 1,75,928 യൂണിറ്റ് സ്വിഫ്റ്റ് വില്‍ക്കാന്‍ കഴിഞ്ഞു. 2016-17 ല്‍ വിറ്റത് 1,66,885 യൂണിറ്റ്. മാരുതി സുസുകി വാഗണ്‍ആര്‍ ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1,68,644 യൂണിറ്റ് വാഗണ്‍ആര്‍ വില്‍ക്കാനാണ് കഴിഞ്ഞത്. 1,72,346 യൂണിറ്റ് വിറ്റ 2016-17 ല്‍ വാഗണ്‍ആര്‍ രണ്ടാം സ്ഥാനത്തായിരുന്നു.

കുറഞ്ഞ പരിപാലന ചെലവുകള്‍, ഇന്ധനക്ഷമത, താങ്ങാവുന്ന വില എന്നിവയാണ് ഓള്‍ട്ടോയുടെ ജനപ്രീതി വര്‍ധിപ്പിച്ചത്

ഹ്യുണ്ടായുടെ കോംപാക്റ്റ് കാറായ ഗ്രാന്‍ഡ് ഐ10 ആറാമത്തെ ബെസ്റ്റ് സെല്ലിംഗ് മോഡലാണ്. 2017-18 ല്‍ 1,51,113 യൂണിറ്റാണ് വിറ്റത്. 2016-17 ല്‍ 1,46,228 യൂണിറ്റ് ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 വിറ്റപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു. മാരുതി സുസുകിയുടെ കോംപാക്റ്റ് എസ്‌യുവിയായ വിറ്റാര ബ്രെസ്സയാണ് പട്ടികയില്‍ ഏഴാം സ്ഥാനത്ത്. 1,48,462 യൂണിറ്റ് വിറ്റാര ബ്രെസ്സ വിറ്റു. മുന്‍ വര്‍ഷം വിറ്റാര ബ്രെസ്സ ഒമ്പതാം സ്ഥാനത്തായിരുന്നു. ഹ്യുണ്ടായുടെ പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് ഐ20 എട്ടാം സ്ഥാനത്താണ്. 1,36,182 യൂണിറ്റാണ് വിറ്റത്. 2016-17 ല്‍ ആറാം സ്ഥാനത്തായിരുന്നു.

Comments

comments

Categories: Auto