ആറാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ; ജിഡിപി 2.6 ട്രില്യണ്‍ ഡോളര്‍

ആറാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ; ജിഡിപി 2.6 ട്രില്യണ്‍ ഡോളര്‍

നോട്ട് അസാധുവാക്കലും ജിഎസ്ടി നടപ്പാക്കാലും സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന് കരകയറി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 2.6 ട്രില്യണ്‍ ഡോളറിലെത്തിയതായി ഐഎംഎഫ്. അന്തരാഷ്ട്ര നാണയ നിധിയുടെ ഈ വര്‍ഷത്തെ ലോക സാമ്പത്തിക വീക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 2.5 ട്രില്യണ്‍ ഡോളറില്‍ നിന്നും 2.6 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നതോടെ ആറാമത്തെ ലോക സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയതായും ഐഎംഎഫ് വ്യക്തമാക്കി.

ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ ആറാം സ്ഥാനത്തെത്തിയത്. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി, യുകെ എന്നിവയാണ് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഇന്ത്യക്ക് മുന്നിലുള്ള അഞ്ച് രാജ്യങ്ങള്‍. ഇന്ത്യയുടെ പുരോഗതിയിലെ ചരിത്രപരമായ ഘട്ടമാണിതെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രാലയം പ്രതികരിച്ചു. രാജ്യത്തേക്കുള്ള നിക്ഷേപ താല്‍പ്പര്യങ്ങളെ ഈ വളര്‍ച്ച സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രാലയം പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ നയവും ഏകീകൃത ചരക്ക് സേവന നികുതിയും (ജിഎസ്ടി) സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ അതിജീവിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെന്ന് ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇവ ആവശ്യമായ പരിഷ്‌കരണങ്ങളായിരുന്നുവെന്നും സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിച്ചുവെന്നത് കാര്യമാക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നു. ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച ശുഭസൂചനകള്‍ നല്‍കുമ്പോഴും രാജ്യത്തെ തൊഴില്‍ നിയമങ്ങളിലും ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും ലോക ബാങ്കും ഐഎംഎഫ് ഗ്രൂപ്പും നിര്‍ദേശിക്കുന്നുണ്ട്.

രാജ്യത്തിന് വളര്‍ച്ച തിരിച്ചുപിടിക്കാനാകുമെന്ന വസ്തുത ഐഎംഎഫ് അംഗീകരിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ വളര്‍ച്ചാ നിഗമനത്തില്‍ ഐഎംഎഫ് മാറ്റം വരുത്തിയിട്ടില്ല. നടപ്പു വര്‍ഷം 7.4 ശതമാനത്തിന്റെയും അടുത്ത വര്‍ഷം 7.8 ശതമാനത്തിന്റെയും സാമ്പത്തിക വളര്‍ച്ചയാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. 2017ല്‍ 6.7 ശതമാനം വളര്‍ച്ചയാണ് ഐഎംഎഫ് കണക്കാക്കിയിരുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 7.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ലോക ബാങ്കിന്റെ നിഗമനം. അടുത്ത വര്‍ഷം ഇത് 7.5 ശതമാനത്തിലെത്തുമെന്നും 2020ല്‍ ഇതേ വളര്‍ച്ച തുടരുമെന്നും ലോക ബാങ്ക് വിലയിരുത്തുന്നു.

Comments

comments

Categories: Slider, Top Stories