നോട്ട് ക്ഷാമത്തിന് വെള്ളിയാഴ്ചത്തോടെ പരിഹാരമുണ്ടാകും: രജ്‌നിഷ് കുമാര്‍

നോട്ട് ക്ഷാമത്തിന് വെള്ളിയാഴ്ചത്തോടെ പരിഹാരമുണ്ടാകും: രജ്‌നിഷ് കുമാര്‍

ഒരാഴ്ചയ്ക്കുള്ളില്‍ 70,000 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ വിതരണത്തിന് എത്തും

ന്യൂഡെല്‍ഹി: നോട്ട് ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങളില്‍ വേണ്ടത്ര നോട്ടുകള്‍ ലഭ്യമാക്കികൊണ്ട് പ്രശ്‌നത്തിന് വെള്ളിയാഴ്ച തന്നെ പരിഹാരം കാണുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ രജ്‌നിഷ് കുമാര്‍. എടിഎമ്മുകളുടെ പ്രവര്‍ത്തനത്തിലും 500 രൂപ അടക്കമുള്ള നോട്ടുകളുടെ ലഭ്യതയിലും ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ നേരിടുന്നതെന്നും രജ്‌നിഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

രാജ്യമൊട്ടാകെ നോട്ട് ക്ഷാമം ഇല്ലെന്നും തെലങ്കാന, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നോട്ട് ക്ഷാമം രൂക്ഷമായിട്ടുള്ളതെന്നും രജ്‌നിഷ് കുമാര്‍ പറഞ്ഞു. ജനങ്ങള്‍ പണം പൂഴ്ത്തിവെക്കുന്നതാണ് ഇതിനു കാരണമെന്നും പണം പിന്‍വലിക്കുന്നതിനനുസരിച്ച് വിനിമയം ചെയ്യപ്പെട്ടില്ലെങ്കില്‍ രാജ്യത്ത് നോട്ടുകളുടെ അപര്യാപ്തതയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മധ്യപ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അസാധാരണമായി കറന്‍സി നോട്ടുകളുടെ ആവശ്യകത വര്‍ധിച്ചതായി നേരത്തെ കേന്ദ്ര ധനമന്ത്രാലയം അറിയിച്ചിരുന്നു. ഈ മാസം ആദ്യ 13 ദിവസങ്ങളില്‍ കറന്‍സി ആവശ്യകതയില്‍ 45,000 കോടി രൂപയുടെ വര്‍ധനവുണ്ടായതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

വര്‍ധിച്ച ആവശ്യകത പരിഗണിച്ച് രാജ്യത്ത് നോട്ടുകള്‍ അച്ചടിക്കുന്ന പ്രസ്സുകളുടെ അച്ചടി സമയം 24 മണിക്കൂറാക്കി വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ പ്രതിദിനം 18 മണിക്കൂര്‍ മുതല്‍ 19 മണിക്കൂര്‍ വരെയാണ് അച്ചടി പ്രസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് പ്രസ്സുകളുടെയും പ്രവര്‍ത്തന സമയം 24 മണിക്കൂറാക്കി വര്‍ധിപ്പിച്ച് കറന്‍സി ക്ഷാമം പരിഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

500, 200 രൂപാ നോട്ടുകളായിരിക്കും ഇത്തരത്തില്‍ അച്ചടിക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ 70,000 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ വിതരണത്തിന് തയാറാക്കാനാണ് പദ്ധതി. നിലവില്‍ നേരിടുന്ന നോട്ട് ക്ഷാമം പ്രാദേശികമായ പ്രശ്‌നം മാത്രമാണെന്നാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും പറയുന്നത്. ഈ മേഖലകളിലെ കറന്‍സി ക്ഷാമം പരിഹരിക്കുന്നതിന് 500 രൂപാ നോട്ടുകളുടെ അച്ചടി അഞ്ചിരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് അറിയിച്ചിരുന്നു.

Comments

comments

Categories: Slider, Top Stories