ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുത്താന്‍ നിര്‍ദ്ദേശം

ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുത്താന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ബിസിസിഐ ഉടച്ചുവാര്‍ക്കണമെന്ന് ലോ കമ്മീഷന്റെ റിപ്പോര്‍ട്ട്. ബിസിസിഐയെ ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനായി പ്രഖ്യാപിച്ച് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറി. ഭരണഘടനയുടെ 12 മത്തെ അനുഛേദത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്‌പോട്‌സ് ഫെഡറേഷനായി ബിസിസിഐയെ പ്രഖ്യാപിക്കണം എന്നും റിപ്പോര്‍ട്ടിലുണ്ട്.

സര്‍ക്കാര്‍ നേരിട്ട് നിയമസഹായം നല്‍കുന്നില്ലെങ്കിലും നികുതി ഇളവുകള്‍ ബിസിസിഐക്ക് നല്‍കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബിസിസിഐ പൊതുമേഖലാ സ്ഥാപനമാകുന്നതോടെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരും. അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പോലെ കേന്ദ്രസര്‍ക്കാരിന് കീഴില്‍ ബിസിസിഐ വരുമ്പോള്‍ പൊതുതാത്പര്യ ഹര്‍ജികള്‍ ബിസിസിഐക്കെതിരെ നല്‍കാം. ടീം സെലക്ഷനേയും കളിക്കാരുമായുള്ള കരാറിനേയും ചോദ്യം ചെയ്യാനാകും. ഇതോടെ താരങ്ങളുടേയും ഉദ്യോഗസ്ഥരുടേയും പരിശീലകരുടേയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കിന്നതിന് ബിസിസിഐ ബാധ്യസ്ഥരാകും. കേന്ദ്ര ഉത്തേജകവിരുദ്ധ ഏജന്‍സിയായ നാഡയ്ക്ക് ക്രിക്കറ്റ് താരങ്ങളേയും പരിശോധിക്കാം. 124 പേജുള്ള റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാരിന് ലോ കമ്മീഷന്‍ നല്‍കിയത്. ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് മുദ്ഗല്‍ ലോധ സമിതികള്‍ ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശ പരിശോധിക്കാന്‍ സുപ്രീംകോടതിയാണ് ലോ കമ്മീഷനെ ചുമതലപ്പെടുത്തിയത്.

Comments

comments

Categories: Sports