രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇ-കൊമേഴ്‌സ് കമ്പനി ആമസോണ്‍: ജെഫ് ബെസോസ്

രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇ-കൊമേഴ്‌സ് കമ്പനി ആമസോണ്‍: ജെഫ് ബെസോസ്

2025ഓടെ ആമസോണിന്റെ ആഗോള വില്‍പ്പനയുടെ അഞ്ചിലൊരു ഭാഗം ഇന്ത്യയില്‍ നിന്നാകുമെന്ന് പ്രതീക്ഷ

ബെംഗളൂരു: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസ് ആമസോണ്‍ ആണെന്ന് ആവര്‍ത്തിച്ച് കമ്പനി സിഇഒ ജെഫ് ബെസോസ്. ആമസോണ്‍ പ്രൈം സര്‍വീസിന് ലോക വിപണികളില്‍ അതിവേഗത്തില്‍ സ്വീകാര്യത വര്‍ധിക്കുന്നുണ്ടെന്നും ബെസോസ് പറഞ്ഞു. ഓഹരിയുടമകള്‍ക്കയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ആമസോണ്‍ പ്രൈം സര്‍വീസിന് ആഗോളതലത്തില്‍ 100 മില്യണിലധികം വരിക്കാരെ നേടാനായതായി ബെസോസ് പറയുന്നു. 2017ല്‍ മാത്രം പ്രൈം വരിക്കാര്‍ക്കായി അഞ്ച് ബില്യണ്‍ ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ വില്‍പ്പന നടത്തിയത്. ആമസോണിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയാണെന്നും ബെസോസ് പറഞ്ഞു. മീഡിയ-അഡ്വടൈസ്‌മെന്റ് കമ്പനിയായ കോംസ്‌കോറിന്റെയും വിപണി നിരീക്ഷണ ഏജന്‍സിയായ സിമിലര്‍വെബിന്റെയും റിപ്പോര്‍ട്ടുകളുടെ ഉദ്ധരിച്ചാണ് രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇ-കൊമേഴ്‌സ് കമ്പനി ആമസോണാണെന്ന് ജെഫ് ബെസോസ് അറിയിക്കുന്നത്. ഡെസ്‌ക്‌ടോപ്പിലും മൊബീലിലുമായി ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന സൈറ്റ് ആമസോണ്‍ ആണെന്നും ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

ആപ്പ് മാര്‍ക്കറ്റ് ഡാറ്റ-ഇന്‍സൈറ്റ്‌സ് കമ്പനിയായ ആപ്പ് ആനി റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൊബീല്‍ ഷോപ്പിംഗ് ആപ്ലിക്കേഷന്‍ ആമസോണ്‍ ഡോട്ട് ഇന്‍ ആണെന്നും ബെസോസ് ഓഹരിയുടമകള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. ഭീമമായ നിക്ഷേപ പദ്ധതികളാണ് കമ്പനി ഇന്ത്യയില്‍ ആസൂത്രണം ചെയ്തിട്ടുള്ളതെന്നും ഇത് വിപണിയില്‍ ആമസോണിന്റെ വളര്‍ച്ചയെ സ്വാധീനിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടുമായി കടുത്ത മത്സരം നടത്തുന്നതിന് അഞ്ച് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ആമസോണ്‍ ഇന്ത്യയില്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്.
പ്രൈം സര്‍വീസ് ആരംഭിച്ച് ആദ്യ വര്‍ഷം തന്നെ മറ്റേത് രാജ്യത്തേതിനേക്കാളും കൂടുതല്‍ വരിക്കാരെ ഇന്ത്യയില്‍ ആമസോണിന് നേടാനായിട്ടുണ്ട്. വീഡിയോ വിഭാഗത്തില്‍ പ്രൈം വീഡിയോ വമ്പന്‍ മുന്നേറ്റം നടത്തുന്നതായും ബെസോസ് കത്തില്‍ അറിയിച്ചു. യുഎസിനു പുറത്ത് ആമസോണിന്റെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറുമെന്ന് 2016ല്‍ ബാങ്ക് അമേരിക്ക മെറില്‍ ലിന്‍ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2025ഓടെ ആമസോണിന്റെ ആഗോള വില്‍പ്പനയുടെ അഞ്ചിലൊരു ഭാഗം ഇന്ത്യയില്‍ നിന്നായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy