2018 ബിഎംഡബ്ല്യു എക്‌സ്3 അവതരിപ്പിച്ചു

2018 ബിഎംഡബ്ല്യു എക്‌സ്3 അവതരിപ്പിച്ചു

എക്‌സ്‌പെഡിഷന്‍ വേരിയന്റിന് 49.99 ലക്ഷവും ലക്ഷ്വറി ലൈന്‍ വേരിയന്റിന് 56.70 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : മൂന്നാം തലമുറ ബിഎംഡബ്ല്യു എക്‌സ്3 ഇന്ത്യയില്‍ അവതരിപ്പിച്ചു. എക്‌സ്‌ഡ്രൈവ് 20ഡി എക്‌സ്‌പെഡിഷന്‍ വേരിയന്റിന് 49.99 ലക്ഷം രൂപയും എക്‌സ്‌ഡ്രൈവ് 20ഡി ലക്ഷ്വറി ലൈന്‍ വേരിയന്റിന് 56.70 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. ന്യൂ-ജെന്‍ എക്‌സ്3 യുടെ മാനുഫാക്ച്ചറിംഗ്/അസംബ്ലിംഗ് ജോലികള്‍ ബിഎംഡബ്ല്യു ചെന്നൈ പ്ലാന്റില്‍ ആരംഭിച്ചിരുന്നു.

ഇന്ത്യയില്‍ ബിഎംഡബ്ല്യുവിന്റെ ഏറ്റവും ജനപ്രിയ എസ്‌യുവികളിലൊന്നാണ് എക്‌സ്3. ലുക്കുകളും ഡിസൈനും പരിഗണിക്കുമ്പോള്‍, പുതു തലമുറ എക്‌സ്3 കൂടുതല്‍ അഗ്രസീവാണ്. വലിയ കിഡ്‌നി ഗ്രില്ല്, വേര്‍തിരിച്ചുനല്‍കിയ ഹെഡ്‌ലാംപ് ക്ലസ്റ്ററുകള്‍ (ഇപ്പോള്‍ പൂര്‍ണ്ണമായും എല്‍ഇഡികള്‍) എന്നിവയാണ് അഗ്രസീവ് ലുക്ക് സമ്മാനിക്കുന്നത്. വലിയ എയര്‍ ഇന്‍ടേക്കുകളും എല്‍ഇഡി ഫോഗ് ലാംപുകളുമായി ഫ്രണ്ട് ബംപര്‍ പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു. 18 ഇഞ്ച് അലോയ് വീലുകള്‍ ഇനി സ്റ്റാന്‍ഡേഡായി ലഭിക്കും. 21 ഇഞ്ച് അലോയ് വീലുകള്‍ ടോപ് വേരിയന്റില്‍ ഓപ്ഷണലാണ്. പിന്‍ഭാഗത്ത്, റാപ്എറൗണ്ട് 3ഡി എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ പുതിയതാണ്.

എസ്‌യുവിയുടെ ഉള്‍ഭാഗം സമഗ്രമായി പരിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം ആറാം തലമുറ ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ്. ടച്ച്‌സ്‌ക്രീന്‍, വോയ്‌സ് കണ്‍ട്രോള്‍ എന്നിവയാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ സവിശേഷത. പരിഷ്‌കരിച്ച ഐഡ്രൈവിനൊപ്പം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സ്റ്റാന്‍ഡേഡായി ലഭിക്കും. ഹാര്‍മന്‍ കാര്‍ഡണ്‍ 600 വാട്ട് ഓഡിയോ സിസ്റ്റം, ബിഎംഡബ്ല്യു കണക്റ്റഡ്‌ഡ്രൈവ്, ഓട്ടോമാറ്റിക് ഡിഫ്രന്‍ഷ്യല്‍ ബ്രേക്കുകള്‍, ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

ന്യൂ-ജെന്‍ ബിഎംഡബ്ല്യു എക്‌സ്3 എസ്‌യുവിയിലെ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 190 ബിഎച്ച്പി കരുത്തും 400 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ന്നുപ്രവര്‍ത്തിക്കും. ബിഎംഡബ്ല്യു മോഡലുകളില്‍ എക്‌സ്‌ഡ്രൈവ് എന്നറിയപ്പെടുന്ന ഓള്‍ വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേഡാണ്. എക്‌സ്3 യുടെ പെട്രോള്‍ വേര്‍ഷന്‍ ഈ വര്‍ഷം തന്നെ അവതരിപ്പിക്കുമെന്ന് ബിഎംഡബ്ല്യു അറിയിച്ചു.

ഇന്ത്യയില്‍ ബിഎംഡബ്ല്യുവിന്റെ ജനപ്രിയ എസ്‌യുവികളിലൊന്നാണ് എക്‌സ്3. പുതു തലമുറ എക്‌സ്3 യുടെ ഭാരം മുന്‍ഗാമിയേക്കാള്‍ 55 കിലോഗ്രാം കുറഞ്ഞിട്ടുണ്ട്. പെട്രോള്‍ വേര്‍ഷന്‍ ഈ വര്‍ഷം തന്നെ അവതരിപ്പിക്കും

പുതിയ സിഎല്‍എആര്‍ (ക്ലസ്റ്റര്‍ ആര്‍ക്കിടെക്ച്ചര്‍) പ്ലാറ്റ്‌ഫോമിലും ദൃഢതയാര്‍ന്ന ഷാസിയിലും നിര്‍മ്മിച്ചതിനാല്‍ പുതു തലമുറ എക്‌സ്3 യുടെ ഭാരം മുന്‍ഗാമിയേക്കാള്‍ 55 കിലോഗ്രാം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വാഹനത്തിന്റെ വലുപ്പം സംബന്ധിച്ച അളവുകളില്‍ മാറ്റമില്ല. ഔഡി ക്യു5, മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍സി, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്, വോള്‍വോ എക്‌സ്‌സി60 എന്നിവയാണ് മൂന്നാം തലമുറ ബിഎംഡബ്ല്യു എക്‌സ്3 യുടെ എതിരാളികള്‍.

Comments

comments

Categories: Auto