ഓണ്‍ലൈന്‍ നിയമനങ്ങള്‍  മൂന്നു ശതമാനം വര്‍ധിച്ചു

ഓണ്‍ലൈന്‍ നിയമനങ്ങള്‍  മൂന്നു ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ നിയമനങ്ങളില്‍ കഴിഞ്ഞ മാസം മുന്‍ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് മൂന്നു ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായി ജോബ് പോര്‍ട്ടലായ നൗക്കരി ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട്. മാര്‍ച്ച് മാസത്തിലെ നൗക്കരി ജോബ്‌സ്പീക്ക് ഇന്‍ഡെക്‌സ് 2,129 ആണ്. അതായത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലേക്കാള്‍ മൂന്നു ശതമാനം കൂടുതല്‍. മാര്‍ച്ചിലവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓണ്‍ലൈന്‍ നിയമന ഇടപാടുകളില്‍ മുന്‍ വര്‍ഷം നാലാം പാദത്തേക്കാള്‍ ഏഴു ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

കഴിഞ്ഞ മാസം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഓണ്‍ലൈന്‍ നിയമനങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മുംബൈ ഇക്കാര്യത്തില്‍ നാലു ശതമാനം വളര്‍ച്ചയും കൊല്‍ക്കത്ത, ഡെല്‍ഹി എന്നിവര്‍ യഥാക്രമം അഞ്ചും മൂന്നും വളര്‍ച്ചയും കൈവരിച്ചു. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മാര്‍ച്ച് മാസത്തില്‍ ഓണ്‍ലൈന്‍ നിയമനങ്ങള്‍ കുറവായിരുന്നു. 2018 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ മുംബൈ കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളാണ് വളര്‍ച്ചയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇക്കാലയളവില്‍ ഈ നഗരങ്ങള്‍ യഥാക്രമം 11 ശതമാനവും 20 ശതമാനവുമാണ് വളര്‍ച്ച നേടിയത്.

റിപ്പോര്‍ട്ടനുസരിച്ച് എല്ലാ അടിസ്ഥാന ബിസിനസ് മേഖലകളിലും ശക്തമായ നിയമന ഇടപാടുകളാണ് ഇക്കഴിഞ്ഞ മാസം ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തെ മാസമായ മാര്‍ച്ചില്‍ 26 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയ പ്രൊഡക്ഷന്‍ /മെയിന്റനന്‍സ്‌മേഖലയിലെ ഓണ്‍ലൈന്‍ നിയമനങ്ങള്‍ നാലാം പാദത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 32 ശതമാനം വളര്‍ന്നു. ഐടി ഇതര മേഖലകളായ ഓട്ടോമൊബീല്‍, നിര്‍മാണം, എന്‍ജിനീയറിംഗ് മേഖലകളില്‍ കാര്യമായ വളര്‍ച്ചയുണ്ടായതായി നൗക്കരി ഡോട്ട് കോം ചീഫ് സെയില്‍സ് ഓഫീസര്‍ വി സുരേഷ് പറഞ്ഞു. ഓട്ടോ, ഒട്ടോ അനുബന്ധ ബിസിനസുകളിലെ നിയമനങ്ങളില്‍ മാര്‍ച്ച് മാസം മുന്‍വര്‍ഷം ഇതേ സമയത്തേക്കാള്‍ 33 ശതമാനത്തിന്റെയും വര്‍ഷം മുഴുവന്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്‍ഡസ്ട്രി പ്രൊഡക്റ്റ്‌സ്, ഹെവി മെഷിണറി ഇന്‍ഡസ്ട്രി എന്നിവയില്‍ 23 ശതമാനത്തിന്റെ വര്‍ധനവും ഉണ്ടായി.

ബിപിഒ, ഇന്‍ഷുറന്‍സ്, ബാങ്കിംഗ്- സാമ്പത്തിക സേവനം മേഖലകളിലെ ഓണ്‍ലൈന്‍ നിയമനങ്ങളില്‍ യഥാക്രമം 11, 6 , 5 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. നിര്‍മാണം, എന്‍ജിനീയറിംഗ് മേഖലകള്‍ മുന്‍ വര്‍ഷം മാര്‍ച്ച് മാസത്തേക്കാള്‍ 20 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് മേഖലയിലെ നിയമനങ്ങളില്‍ ഒരു ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. സെയില്‍സ്/ബിസിനസ് മേഖലയില്‍ 13 ഉം, ഡെവലപ്‌മെന്റ്, സൈറ്റ്/എന്‍ജിനീയറിംഗ് മേഖലയില്‍ ഏഴു ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം മാര്‍ച്ച് മാസത്തില്‍ ഐടി-സോഫ്റ്റ്‌വെയര്‍ ഇന്‍ഡസ്ട്രിയിലെ ഓണ്‍ലൈന്‍ നിയമന ഇടപാടുകളില്‍ 12 ശതമാനം കുറവുണ്ടായിട്ടുണ്ട്.

Comments

comments

Categories: More