റഷ്യയേക്കാള്‍ വലിയ സൈബര്‍ ആക്രമണ ഭീഷണി ഉയര്‍ത്താന്‍ പോകുന്നത് ഉത്തര കൊറിയ

റഷ്യയേക്കാള്‍ വലിയ സൈബര്‍ ആക്രമണ ഭീഷണി ഉയര്‍ത്താന്‍ പോകുന്നത് ഉത്തര കൊറിയ

2018 സാക്ഷ്യംവഹിക്കാന്‍ പോകുന്നത് വന്‍കിട കുറ്റകൃത്യങ്ങള്‍ക്കാണ്. അതു പക്ഷേ വെര്‍ച്വല്‍ ലോകത്തിലായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഇക്കാര്യത്തില്‍ റഷ്യയെ കടത്തിവെട്ടി കൊണ്ട് ഉത്തര കൊറിയ രംഗത്തുവരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

2016-ല്‍ യുഎസ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നാഷണല്‍ കമ്മിറ്റിയുടെ രഹസ്യസ്വഭാവമുള്ള പല വിവരങ്ങളും അവരുടെ ഇ-മെയ്ല്‍ ചോര്‍ത്തിയതിലൂടെ റഷ്യന്‍ ഹാക്കര്‍മാര്‍ ശേഖരിക്കുകയുണ്ടായി. ഈ ഹാക്കിംഗിനെ കുറിച്ച് അന്വേഷിച്ച Crowdstrike എന്ന അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി ടെക്‌നോളജി കമ്പനിയുടെ സഹസ്ഥാപകന്‍ ദിമിത്രി ആല്‍പറോവിച്ചു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് 2018-ല്‍ ഏറ്റവുമധികം ഭയപ്പെടേണ്ടത് ഉത്തര കൊറിയയെയാണെന്നായിരുന്നു. ‘ഒരു വിനാശകരമായ ആക്രമണം ഉത്തര കൊറിയ നടത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ഒരു പക്ഷേ യുഎസിന്റെ ധനകാര്യരംഗത്തെ ദോഷകരമായി ബാധിക്കും വിധമുള്ളതായിരിക്കുമത്. ഉത്തര കൊറിയന്‍ ഭരണകൂടത്തിനു നേരേയോ അതുമല്ലെങ്കില്‍ ആണവപദ്ധതികള്‍ക്കു നേരേയോ യുഎസ് നടത്താന്‍ സാധ്യതയുള്ള ആക്രമണത്തെ തടസപ്പെടുത്തുന്നതിനു വേണ്ടിയായിരിക്കും ഈ വിധത്തില്‍ ഉത്തര കൊറിയ സൈബര്‍ ആക്രമണം നടത്തുകയെന്ന്’ ദിമിത്രി ആല്‍പറോവിച്ച് പറഞ്ഞു.ഉത്തര കൊറിയയ്‌ക്കെതിരേ സൈനിക നടപടി യുഎസിന്റെ പരിഗണനയിലുണ്ടോ ഇല്ലയോ എന്നതിനേക്കാള്‍ സൈനിക നടപടിയെടുത്താല്‍ എന്തു ചെയ്യുമെന്നതിനെ കുറിച്ചാണ് ഉത്തര കൊറിയ ചിന്തിക്കുന്നത്. ഇങ്ങനെ ചിന്തിക്കുന്നതില്‍ അവരെ കുറ്റം പറയാനുമാകില്ല. കാരണം കഴിഞ്ഞ വര്‍ഷം യുഎസും ഉത്തര കൊറിയയും തമ്മില്‍ നടത്തിയ വാചകകസര്‍ത്തുകളും, വെല്ലുവിളികളും അത്രയ്ക്കും രൂക്ഷമായിരുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉത്തര കൊറിയ സൈബര്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചു ദക്ഷിണ കൊറിയയ്‌ക്കെതിരേ. 2017-ാടെ സൈബര്‍ ആക്രമണം നടത്തുന്നതില്‍ മുന്‍നിരയിലെത്തുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉത്തര കൊറിയ സൈബര്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചു ദക്ഷിണ കൊറിയയ്‌ക്കെതിരേ. 2017-ാടെ സൈബര്‍ ആക്രമണം നടത്തുന്നതില്‍ മുന്‍നിരയിലെത്തുകയും ചെയ്തു. ലോകമെങ്ങുമുള്ള കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന WannaCry ransomworm എന്ന പ്രോഗ്രാമുകള്‍ സൃഷ്ടിച്ചും, അവ വിന്യസിച്ചും Lazarus group എന്ന ഉത്തര കൊറിയന്‍ ഹാക്കിംഗ് യൂണിറ്റ് 2017-മേയ് മാസം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈബര്‍ ആക്രമണം നടത്തുകയുണ്ടായി. വാനാക്രൈ എന്ന മാല്‍വേര്‍ അഥവാ പ്രോഗ്രാം പ്രധാനമായും നാശമുണ്ടാക്കിയത് യുകെയിലെ ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എസ് ട്രസ്റ്റിനെയായിരുന്നു. 150 രാജ്യങ്ങളിലായി 230,000 കമ്പ്യൂട്ടറുകളാണ് ഈ ആക്രമണത്തിനിരയായത്. സമീപകാലത്ത് FireEye എന്നൊരു യുഎസ് പ്രൈവറ്റ് സെക്യൂരിറ്റി കമ്പനി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് വ്യോമ, പ്രതിരോധ വ്യവസായരംഗത്ത് ചാരപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തര കൊറിയയുടെ സൈബര്‍ ചാരവിഭാഗം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ്. APT37 (Reaper) എന്ന പേരുള്ളൊരു ഉത്തര കൊറിയന്‍ സംഘം കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞുകയറുന്നതിനായി മാല്‍വേര്‍ ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ കണ്ടെത്തുകയുണ്ടായി. ഈ സംഘം 2012 മുതല്‍ സജീവമാണെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. ഈ സംഘം പ്രധാനമായും ലക്ഷ്യമിടുന്നതു ദക്ഷിണ കൊറിയെയാണെങ്കിലും ജപ്പാന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും ഇവരുടെ ലക്ഷ്യങ്ങള്‍ തന്നെ. ഈ രാജ്യങ്ങളിലെ കെമിക്കല്‍, ഇലക്‌ട്രോണിക്‌സ്, മാനുഫാക്ച്ചറിംഗ്, എയ്‌റോസ്‌പേസ്, ഓട്ടോമോട്ടീവ്, ഹെല്‍ത്ത് കെയര്‍ കമ്പനികളെയും സ്ഥാപനങ്ങളെയും നിരീക്ഷിച്ച് അവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തുകയെന്നതാണ് ഉത്തര കൊറിയന്‍ ചാര സംഘത്തിന്റെ ദൗത്യം.

വിദേശരാജ്യങ്ങളിലെ സൈനികശക്തികള്‍ക്കു മേല്‍ അതിബൃഹത്തായ വിധത്തിലുള്ള നാശം സമ്മാനിക്കാന്‍ പ്രാപ്തിയുള്ള, ആരോഗ്യരംഗത്തും ഗവേഷണരംഗത്തുമുള്ള അടിസ്ഥാന സേവനങ്ങളെ താറുമാറാക്കാന്‍ പ്രാപ്തിയുള്ള, ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വന്‍തുക മോഷ്ടിക്കാന്‍ കഴിവുള്ള ഒരു സംഘം ഹാക്കര്‍മാരെയാണ് ഉത്തര കൊറിയ നിയോഗിച്ചിരിക്കുന്നത്. ഏകദേശം 6,000-ത്തോളം ഹാക്കര്‍മാരെ ഇത്തരത്തില്‍ ഉത്തര കൊറിയ സജ്ജമാക്കിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവര്‍ ആഗോള സുരക്ഷയ്ക്കുയര്‍ത്തുന്ന ഭീഷണി ചെറുതല്ലെന്നും സൈബര്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ദക്ഷിണ കൊറിയന്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് സ്ഥാപനമായ യ്യൂബിറ്റിന്റെ 5 മില്യന്‍ പൗണ്ട് മോഷ്ടിക്കപ്പെട്ടതിനെ തുടര്‍ന്നു സ്ഥാപനം കടക്കെണിയിലാവുകയുണ്ടായി. ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കില്‍നിന്നും 60 മില്യന്‍ പൗണ്ട് മോഷ്ടിക്കപ്പെട്ടിരുന്നു. ഈ രണ്ട് സംഭവങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചത് ഉത്തര കൊറിയന്‍ ഹാക്കര്‍മാരായിരുന്നു. സൈനിക ആക്രമണത്തിനുള്ള ബദലായിട്ടാണു സൈബര്‍ ആക്രമണത്തെ കണക്കാക്കുന്നത്. ഒരു മിസൈല്‍ വരുത്തുന്നതിനേക്കാള്‍ വലിയ നാശം സൃഷ്ടിക്കാന്‍ സൈബര്‍ ആക്രമണത്തിലൂടെ സാധിക്കുമെന്നു പല സംഭവങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.

വ്യോമ, പ്രതിരോധ വ്യവസായരംഗത്ത് ചാരപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തര കൊറിയയുടെ സൈബര്‍ ചാരവിഭാഗം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി സ്ഥാപനം കണ്ടെത്തിയത്.

2014 നവംബര്‍ 24നു സോണി പിക്‌ച്ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിനെതിരേയും 2016 ഫെബ്രുവരിയില്‍ ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിനെതിരേയും നടന്ന സൈബര്‍ ആക്രമണങ്ങള്‍ ഉദാഹരണമാണ്. സോണി പിക്‌ചേഴ്‌സ് ജീവനക്കാര്‍, അവരുടെ കുടുംബങ്ങള്‍, ജീവനക്കാര്‍ക്കിടയിലുള്ള ഇ-മെയ്‌ലുകള്‍, കമ്പനിയുടെ എക്‌സിക്യൂട്ടീവ് ശമ്പളത്തെക്കുറിച്ചുള്ള വിവരങ്ങള്‍, സോണിയുടെ നിര്‍ദ്ദിഷ്ട പകര്‍പ്പുകള്‍, മറ്റു വിവരങ്ങള്‍ എന്നിവയാണു 2014-ല്‍ ഗാര്‍ഡിയന്‍സ് ഓഫ് പീസ് എന്ന പേരിലുള്ള ഹാക്കര്‍മാരുടെ സംഘം ചോര്‍ത്തിയത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഉത്തര കൊറിയയായിരുന്നെന്നാണു സൈബര്‍ സെക്യൂരിറ്റി വിഭാഗം കണ്ടെത്തിയത്. 2016 ഫെബ്രുവരിയില്‍ ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിന്റെ ന്യൂയോര്‍ക്കിലുള്ള ഫെഡറല്‍ റിസര്‍വ് ബാങ്കിലെ എക്കൗണ്ടില്‍ നിന്നും ശതകോടി ഡോളറുകള്‍ (ഏകദേശം 81 മില്യന്‍ യുഎസ് ഡോളര്‍) സൈബര്‍ ആക്രമണത്തിലൂടെ തട്ടിയെടുത്തു. ഡ്രിഡക്‌സ് (Dridex) എന്ന മാല്‍വേറാണ് എക്കൗണ്ടില്‍നിന്നും പണം തട്ടാന്‍ ഹാക്കര്‍മാര്‍ ഉപയോഗിച്ചത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതും ഉത്തര കൊറിയയാണെന്നു കണ്ടെത്തിയിരുന്നു.

Comments

comments

Categories: FK Special, Slider