നിരവ് മോദി തട്ടിപ്പ്: പിഎന്‍ബി ഓഹരികള്‍ വിറ്റൊഴിഞ്ഞ് നിക്ഷേപകര്‍

നിരവ് മോദി തട്ടിപ്പ്: പിഎന്‍ബി ഓഹരികള്‍ വിറ്റൊഴിഞ്ഞ് നിക്ഷേപകര്‍

പൊതു ഓഹരിയുടമകള്‍ ബാങ്കിന്റെ ഓഹരിയിലുള്ള പങ്കാളിത്തം 37.75 ശതമാനമായി ചുരുക്കി

ന്യൂഡെല്‍ഹി: വജ്ര വ്യാപാരി നിരവ് മോദി നടത്തിയ 13,600 കോടി രൂപയുടെ തട്ടിപ്പ് പുറത്തുവന്നതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഓഹരികള്‍ കൈയൊഴിഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാണ് പിഎന്‍ബി. ബാങ്കിന്റെ ജാമ്യരേഖ ഉപയോഗിച്ച് നടത്തിയ തട്ടിപ്പ് വിവരങ്ങള്‍ വെളിപ്പെട്ടതോടെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരും ഇന്‍ഷുറന്‍സ് കമ്പനികളുമടക്കം പിഎന്‍ബിയില്‍ തങ്ങള്‍ക്കുള്ള ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ചതായാണ് വിവരം.

ഓഹരി വിപണിയില്‍ കനത്ത തിരിച്ചടിയാണ് ബാങ്ക് നേരിടുന്നത്. ഫെബ്രുവരി 14നാണ് പിന്‍ബിയുടെ മുംബൈയിലെ ഒരു ശാഖയില്‍ 11,400 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ബാങ്ക് വെളിപ്പെടുത്തിയത്. അന്നുമതല്‍ ഏകദേശം 40 ശതമാനം ഇടിവാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരിയിലുണ്ടായത്. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതല്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവരികയായിരുന്നു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള മാര്‍ച്ച് പാദത്തിലെ റിപ്പോര്‍ട്ട് അനുസരിച്ച് പിഎന്‍ബി പ്രൊമോട്ടര്‍ ഗ്രൂപ്പ് ബാങ്കില്‍ തങ്ങള്‍ക്കുള്ള ഓഹരി പങ്കാളിത്തം 63.25 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം പൊതു ഓഹരിയുടമകള്‍ ബാങ്കിന്റെ ഓഹരിയിലുള്ള പങ്കാളിത്തം 37.75 ശതമാനമായി ചുരുക്കിയതാണ് കണ്ടെത്തല്‍. ഡിസംബര്‍ പാദത്തില്‍ ഇവര്‍ യഥാക്രമം 57.04 ശതമാനവും 42.96 ശതമാനവും ഓഹരികളാണ് കൈവശം വെച്ചിരുന്നത്.

ജനുവരി-മാര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ പിഎന്‍ബി ഓഹരികള്‍ വിറ്റൊഴിഞ്ഞത് എഫ്പിഐകളാണ് (വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍). ഡിസംബര്‍ പാദത്തില്‍ 12.56 ശതമാനം ഓഹരികള്‍ എഫ്പിഐകളുടെ കൈവശമുണ്ടായിരുന്നു. മാര്‍ച്ച് അവസാനത്തോടെ ഇത് 9.14 ശതമാനമായി കുറഞ്ഞു. സമാനമായി ഇന്‍ഷുറന്‍സ് കമ്പനികളും ബാങ്കില്‍ തങ്ങള്‍ക്കുള്ള ഓഹരി പങ്കാളിത്തം 16.04 ശതമാനത്തില്‍ നിന്നും 13.85 ശതമാനമായി കുറച്ചു. മാര്‍ച്ച് പാദത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഒരു ശതമാനത്തിലധികം പിഎന്‍ബി ഓഹരികള്‍ വിറ്റഴിച്ചത്. ഇതോടെ എല്‍ഐസിയുടെ പങ്കാളിത്തം 12.24 ശതമാനമായി ചുരുങ്ങി.

ഡിസംബര്‍ അവസാനത്തില്‍ 8.76 ശതമാനം പിഎന്‍ബി ഓഹരികളാണ് മ്യൂച്ചല്‍ ഫണ്ടുകളുടെ കൈവശമുണ്ടായിരുന്നതെങ്കില്‍ മാര്‍ച്ചിലിത് 8.18 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഓഹരി വിലയിലുണ്ടായ ഇടിവ് കാരണം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമുള്ള 100 കമ്പനികളുടെ പട്ടികയില്‍ നിന്നും പിഎന്‍ബി പുറത്തായി. 0.82 ശതമാനം ഇടിഞ്ഞ് 97.15 രൂപയ്ക്കാണ് പിഎന്‍ബി ഓഹരികള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

Comments

comments

Categories: Slider, Top Stories