ഇന്ത്യ നൈപുണ്യ പ്രതിസന്ധി അഭിമുഖീകരിക്കുന്നു: നാരായണ മൂര്‍ത്തി

ഇന്ത്യ നൈപുണ്യ പ്രതിസന്ധി അഭിമുഖീകരിക്കുന്നു: നാരായണ മൂര്‍ത്തി

ചെന്നൈ: ഇന്ത്യ വലിയ രീതിയില്‍ നൈപുണ്യ പ്രതിസന്ധി അഭിമുഖീകരിക്കുന്നതായി ഇന്‍ഫോസിസ് ലിമിറ്റഡ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. വിദഗ്ധരായ തൊഴിലാളികളുടെ ഈ അഭാവം സംരംഭകത്വത്തെ ബാധിക്കുന്നതായും നാരായണ മൂര്‍ത്തി പറഞ്ഞു.

കാര്യങ്ങള്‍ മനസിലാക്കികൊണ്ടുള്ള പഠനരീതിക്കു പകരം പ്രായോഗികജ്ഞാനമില്ലാത്ത പഠനത്തിന് മുന്‍തൂക്കം നല്‍കുന്ന ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെയും നാരായണ മൂര്‍ത്തി വിമര്‍ശിച്ചു. രാജ്യത്തെ 80 മുതല്‍ 85 ശതമാനത്തോളം യുവാക്കളും ഒരു ജോലിയിലും പരിശീലനം നേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ കോളെജ് ഓഫ് ജേര്‍ണലിസത്തിലെ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടെയാണ് നാരായണ മൂര്‍ത്തി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

ഇന്ത്യയില്‍ മികച്ച സംരംഭകാന്തരീക്ഷം ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഭരണനിര്‍വഹണം അന്താരാഷ്ട്ര നിലവാരത്തില്‍ നിന്നും വളരെ പിന്നിലാണെന്നും വിവിധ അനുമതികള്‍ ലഭിക്കുന്നതിലെ കാലതാമസവും ബന്ധപ്പെട്ട വകുപ്പുകളുടെ ദുര്‍ഭരണവും നികുതി ഘടനയും കാരണം സ്റ്റാര്‍ട്ടപ്പുകള്‍ ബുദ്ധിമുട്ട് നേരിടുന്നതായും മൂര്‍ത്തി പറഞ്ഞു. ഓട്ടോമേഷന്‍ ഐടി വ്യവസായത്തെ കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓട്ടോമേഷന്‍ പ്രവര്‍ത്തനങ്ങളും തൊഴില്‍ നഷ്ടത്തിന് കാരണമായേക്കുമെന്ന ആശങ്കകളെ നേരത്തേ മൂര്‍ത്തി തള്ളിക്കളഞ്ഞിരുന്നു. തൊഴില്‍ നഷ്ടം സംബന്ധിച്ച വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യത്തേക്കാള്‍ കൂടുതല്‍ ഊതിപ്പെരുപ്പിച്ചവയാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

Comments

comments

Categories: More