2020 ല്‍ ലക്ഷ്യം; 1400 കോടി രൂപയുടെ വിറ്റുവരവ്

2020 ല്‍ ലക്ഷ്യം; 1400  കോടി രൂപയുടെ വിറ്റുവരവ്

സംസ്ഥാനത്തെ മികച്ച പൊതുമേഖലാ സ്ഥാപനം എന്നനിലക്ക് കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍) വന്‍കുതിപ്പിന് ഒരുങ്ങുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്നതിനായി രൂപീകരിക്കപ്പെട്ട റിയാബിന്റെ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തില്‍ മുഖം മിനുക്കിയെത്തിയ കെഎംഎംഎലിന് നിലവില്‍ 850 കോടി രൂപയുടെ വിറ്റുവരവാണ് ഉള്ളത്. ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല പദ്ധതികള്‍ വിഭാവനം ചെയ്ത് മികച്ച സാങ്കേതിക വിദ്യയുടെയും ഉല്‍പ്പന്ന വൈവിധ്യവത്കരണത്തിന്റെയും പിന്‍ബലത്തില്‍ സ്ഥാപനം 1400 കോടി രൂപയുടെ വിറ്റുവരവാണ് 2020 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ലക്ഷ്യമിടുന്നത്. നേരിട്ട് 1500 പേര്‍ക്കും പരോക്ഷമായി 2000 പേര്‍ക്കും കെഎംഎംഎല്‍ ജോലി നല്‍കുന്നുണ്ട്. പരിസ്ഥിതി -സാമൂഹിക വികസന പരിപാടികളുടെ കൂടി ഭാഗമായി സമൂഹത്തിന്റെ മുഴുവന്‍ അഭിമാനമായി മാറുക എന്ന ലക്ഷ്യത്തോടെയാണ് കെഎംഎംഎല്‍ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. സ്ഥാപനത്തിന്റെ നിലവിലെ സ്ഥിതിയെയും ഭാവി പദ്ധതികളെയും കുറിച്ച് കെഎംഎംഎല്‍ മാനേജിംഗ് ഡയറക്റ്റര്‍ റോയ് കുര്യന്‍ കെകെ ഫ്യൂച്ചര്‍ കേരളയോട് സംസാരിക്കുന്നു

സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം എന്ന നിലയ്ക്ക് , കേരളത്തിന്റെ വികസനത്തില്‍ കെഎംഎംഎല്‍ വഹിക്കുന്ന പങ്ക്?

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനം എന്ന നിലക്ക് പ്രതിവര്‍ഷം 850 കോടി രൂപയുടെ വിറ്റുവരവാണ് കെഎംഎംഎലിനു ഉള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ലാഭം മാത്രം 190 കോടി രൂപയാണ്. കെഎംഎംഎലിനെ സംബന്ധിച്ചിടത്തോളം എക്കാലത്തെയും മികച്ച പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവയ്ക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ചിടത്തോളം മികച്ച ഒരു മാതൃകയാണ് കെഎംഎംഎല്‍ മുന്നോട്ട് വയ്ക്കുന്നത്. മാനുഫാക്ച്ചറിംഗ് മേഖലയ്ക്ക് കെഎംഎംഎല്‍ ഒരു മുതല്‍ക്കൂട്ടാണ്. വിറ്റുവരവിന്റെയും ലാഭത്തിന്റെയും കണക്കുകള്‍ക്ക് അപ്പുറത്ത് കുറച്ചു കൂടി വലിയ പങ്ക് കേരളത്തിന്റെ വികസനത്തില്‍ കെഎംഎംഎല്‍ വഹിക്കുന്നു. ഒന്നിച്ചുള്ള പരിശ്രമത്തിലൂടെയും പ്രൊഫഷണല്‍ മാനേജ്‌മെന്റിലൂടെയും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയും ഒരു സമൂഹമെന്ന നിലയിലും പൊതുമേഖല സംരംഭമെന്ന നിലയിലും കേരളത്തിന്റെ വികസനത്തില്‍ സുപ്രധാനമായ പങ്കുവഹിക്കാന്‍ സ്ഥാപനത്തിന് സാധിച്ചു. ഉല്‍പ്പാദന മേഖലയിലുള്ള പൊതുമേഖല സംരംഭങ്ങളുടെ മേല്‍ സര്‍ക്കാരിനുള്ള ആത്മവിശ്വാസത്തിന്റെ തോത് കൂട്ടുന്നതില്‍ ടീം കെഎംഎംഎല്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കുന്നതിന് വേണ്ടി നിലവില്‍ വന്ന റിയാബിന്റെ പ്രവര്‍ത്തനങ്ങള്‍ കെഎംഎംഎലിന്റെ വളര്‍ച്ചയ്ക്ക് എത്രമാത്രം സഹായകമായി?

എന്റെ അഭിപ്രായത്തില്‍ കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതില്‍ റിയാബ് വലിയൊരു പങ്കു വഹിച്ചു. കൃത്യതയാര്‍ന്ന പെര്‍ഫോമന്‍സ് മോണിറ്ററിംഗ്, റിവ്യൂ മീറ്റിംഗുകള്‍ എന്നിവയ്‌ക്കൊപ്പം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നടപടികള്‍ എളുപ്പമാക്കി, വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കി പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ റിയാബ് മെച്ചപ്പെടുത്തി. റിയാബ് ചെയര്‍മാന്‍ എംപി സുകുമാരന്റെ മാനുഫാക്ച്ചറിംഗ് മേഖലയിലെ മുന്‍പരിചയം ഈ രംഗത്ത് റിയാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. അതിനാല്‍ തന്നെയാണ് മികച്ച ആശയങ്ങളുടെയും ആവിഷ്‌ക്കരണത്തിന്റെയും പിന്‍ബലത്തില്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ മികച്ച നേട്ടം കൊയ്യുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സ്ഥാപനത്തിന്റെ വളര്‍ച്ചയെ മാനേജിംഗ് ഡയറക്റ്റര്‍ എന്ന നിലയില്‍ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

കഴിഞ്ഞ അഞ്ച് വര്‍ഷമായി കമ്പനിയുടെ ബിസിനസ് പെര്‍ഫോമന്‍സ് മെച്ചപ്പെട്ടു വരികയാണ്. ഈ കാലയളവില്‍ ഒരു തവണ കമ്പനിക്ക് വലിയൊരു നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ട്. തൊഴിലാളി പ്രശ്‌നങ്ങള്‍ നിമിത്തം ഒരു തവണ പ്ലാന്റ് അടച്ചിടേണ്ടി വന്നപ്പോള്‍ മാത്രമാണ് അത്തരത്തില്‍ പ്രശ്‌നങ്ങളെ നേരിടേണ്ടി വന്നത്. തടസം കൂടാതെ ബിസിനസ് മുന്നോട്ട് പോകുന്ന പക്ഷം കൃത്യതയോടെ ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന തരത്തിലുള്ള ബിസിനസ് മോഡല്‍ ആണ് കെഎംഎംഎല്‍ പിന്തുടരുന്നത്. മികച്ച സാങ്കേതിക വിദ്യ, പ്ലാന്റിന്റെ ആധുനികവത്കരണം, മാലിന്യം കുറയ്ക്കല്‍, പ്രകൃതി സൗഹാര്‍ദ്ധ പ്രവര്‍ത്തനങ്ങള്‍, മികച്ച സെല്ലിംഗ് സ്ട്രാറ്റജി എന്നിവയിലൂടെ സ്ഥാപനത്തിന്റെ ലാഭം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

കെഎംഎംഎലിന് വളരെ വ്യക്തവും കൃത്യമായ ഘടനയുള്ളതുമായ ഒരു ബിസിനസ് മോഡല്‍ ഉണ്ട്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കെഎംഎംഎല്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൃത്യതയോടെയും തടസങ്ങള്‍ ഇല്ലാതെയും ബിസിനസ് മുന്നോട്ട് പോകുന്ന പക്ഷം ഉല്‍പ്പന്നങ്ങളുടെ വിലനിരക്ക് വളരെ ന്യായമായിരിക്കും. ഈ സാഹചര്യത്തില്‍ നഷ്ടം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏറിയ പങ്കും നഷ്ടത്തിന്റെ കണക്കുകള്‍ പറയുമ്പോള്‍, കെഎംഎംഎല്‍ അതില്‍ നിന്നും എങ്ങനെ വ്യത്യസ്തമാകുന്നു ?

തുറന്നു പറയുകയാണ് എങ്കില്‍ കെഎംഎംഎലിന് വളരെ വ്യക്തവും ഘടനയുള്ളതുമായ ഒരു ബിസിനസ് മോഡല്‍ ഉണ്ട്. കൃത്യതയോടെയും തടസങ്ങള്‍ ഇല്ലാതെയും ബിസിനസ് മുന്നോട്ട് പോകുന്ന പക്ഷം ഉല്‍പ്പന്നങ്ങളുടെ വിലനിരക്ക് വളരെ ന്യായമായ ഒന്നായിരിക്കും. ഈ സാഹചര്യത്തില്‍ നഷ്ടം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കെഎംഎംഎല്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ചില വര്‍ഷങ്ങളില്‍ മാത്രമേ വീഴ്ച വന്നിട്ടുള്ളൂ. അത്തരത്തിലുള്ള ചില തിരിച്ചടികള്‍ പ്രവര്‍ത്തനങ്ങളിലെ ചില തടസ്സങ്ങളില്‍ നിന്നുണ്ടായതാണ്. അത് ഒഴിവാക്കാന്‍ പറ്റുന്നതുമാണ്. ഇത്തരത്തില്‍ ബിസിനസിനെ ബാധിക്കുന്ന യാതൊരുവിധ ഇടപെടലുകളും ഞങ്ങളുടെ പ്രവര്‍ത്തന കാലയളവില്‍ ഉണ്ടാകരുത് എന്ന ഉറച്ച തീരുമാനത്തോടെയാണ് ഞാനും എന്റെ ടീമും പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിമുടി മെച്ചപ്പെടുത്തുന്നതിന് ഇനിയും ഏറെ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്.

നിലവിലെ വികസന പദ്ധതികളെ പറ്റി വിശദീകരിക്കാമോ ?

കെഎംഎംഎലിന്റെ വികസന പദ്ധതികളെ ഹ്രസ്വകാല പദ്ധതികള്‍, ഇടക്കാല പദ്ധതികള്‍, ദീര്‍ഘകാല പദ്ധതികള്‍ എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ഹ്രസ്വകാല പദ്ധതികള്‍ പ്ലാന്റുകളുടെ കപ്പാസിറ്റി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. സാങ്കേതികവിദ്യയുടെ വികസനം പ്ലാന്റുകളിലെ പ്രവര്‍ത്തനമികവ് വര്‍ധിപ്പിക്കുക എന്നതെല്ലാം ഇതിന്റെ ഭാഗമാണ്.ഇടക്കാല പദ്ധതികളുടെ ഭാഗമായി ടൈറ്റാനിയം ഓക്‌സൈഡിന്റെ പിഗ്മെന്റ് കപ്പാസിറ്റി പ്രതിവര്‍ഷം 40000 ടണ്ണില്‍ നിന്നും 60000 ടണ്‍ ആയി വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. അസംസ്‌കൃത വസ്തുക്കളുടെ ആവശ്യം വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഖനനം വര്‍ധിപ്പിക്കുന്നതിനും സ്ഥാപനം പദ്ധതിയിടുന്നുണ്ട്. ഉല്‍പ്പാദന പ്രക്രിയയുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ മികവുറ്റതാക്കുന്നതിനും ശേഷി വര്‍ധിപ്പിക്കുന്നതിനും ശ്രമം നടത്തും. പുതിയ അസംസ്‌കൃത വസ്തുക്കളുടെ ആവശ്യകതകള്‍ കൂടുന്നതനുസരിച്ച് ഘനന പ്രവര്‍ത്തനങ്ങളുടെ തോതും വലുതാക്കും. മൂല്യ വര്‍ധനയ്ക്കും ഘന ഉപോല്‍പ്പന്നങ്ങളുടെ ഉപയോഗത്തിനുമായി സുസ്ഥിര സാങ്കേതിക വിദ്യകള്‍ വിന്യസിക്കും. ദീര്‍ഘകാല പദ്ധതികളുടെ ഭാഗമായി ടൈറ്റാനിയം ഡയോക്‌സൈഡിന്റെ പിഗ്മെന്റ് കപ്പാസിറ്റി പ്രതിവര്‍ഷം 60000 ടണ്ണില്‍ നിന്നും 100000 ടണ്‍ ആയി വര്‍ധിപ്പിക്കാനും അതുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും പദ്ധതിയിടുന്നു. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് തന്ത്രപരമായ മേഖലകളില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനെ പറ്റിയും കെഎംഎംഎല്‍ ചിന്തിക്കുന്നുണ്ട്.

കെഎംഎംഎല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ നിന്നും ലഭിക്കുന്ന പ്രതികരണം?

ഇന്ത്യക്കകത്തും പുറത്തുമുള്ള വിപണികളില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് കെഎംഎംഎലിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്നത്. മികച്ച ഡിമാന്‍ഡ് ഉള്ള ഈ ഉല്‍പ്പന്നങ്ങള്‍ പ്രൊ
മോഷണല്‍ നടപടികള്‍ ഇല്ലാതെ തന്നെ വിറ്റു പോകുന്നു. എന്നിരുന്നാലും ഉല്‍പാദന ക്ഷമത,ഗുണനിലവാരം എന്നിവ കൂടുതല്‍ മെച്ചപ്പെടുത്താനും കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനുമുള്ള സാധ്യത കെഎംഎംഎലിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ട്. കെഎംഎംഎഎലിന്റെ ടീം ഇതിനായാണ് പ്രവര്‍ത്തിക്കുന്നത്. താമസിയാതെ കൂടുതല്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തും.

ഉല്‍പ്പന്ന വൈവിധ്യവത്കരണത്തെയും ഇന്നൊവേഷനെയും കുറിച്ച് പറയാമോ?

കെഎംഎംഎലിന് ആഭ്യന്തര തലത്തില്‍ വളരെ മികച്ച റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗമാണ് ഉള്ളത്. പുതിയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുക വൈവിധ്യവത്കരണം നടപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ കെഎംഎംഎലില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നു. എല്ലാ മേഖലകളിലുമുള്ള ഇന്നവേഷനുകള്‍ ഇവിടെ പരമാവധി പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ഈ ടീമിന്റെ സേവനത്തിന് പുറമെ ഉല്‍പ്പന്ന വൈവിധ്യവത്കരണം, സാങ്കേതിക വികസനം എന്നെ രംഗങ്ങളില്‍ സ്ഥാപനത്തിന് പുറത്ത് നിന്നുമുള്ള പരിചയസമ്പന്നരായ കണ്‍സള്‍ട്ടന്റുമാരുടെ സേവനം കെഎംഎംഎല്‍ ഉറപ്പുവരുത്തുന്നു.

വരുന്ന സാമ്പത്തിക വര്‍ഷത്തെ മുന്‍നിര്‍ത്തി വിഭാവനം ചെയ്യുന്ന പദ്ധതികള്‍ ?

മുന്‍പ് പറഞ്ഞ പോലെ ഹ്രസ്വകാല , ഇടക്കാല , ദീര്‍ഘകാല പദ്ധതികളാണ് കെഎംഎംഎല്‍ വരും വര്‍ഷങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് വിഭാവനം ചെയ്തിരിക്കുന്നത്. ഹ്രസ്വകാല പദ്ധതികള്‍ ആരംഭിച്ചുകഴിഞ്ഞു.
ടൈറ്റാനിയം ഓക്‌സൈഡിന്റെ പിഗ്മെന്റ് കപ്പാസിറ്റി പ്രതിവര്‍ഷം 40000 ടണ്ണില്‍ നിന്നും 60000 ടണ്‍ ആയി വര്‍ധിപ്പിക്കുന്ന ഇടക്കാല പദ്ധതിയുടെ നടത്തിപ്പിനായി പ്ലാന്‍ തയ്യറാക്കി ഉടന്‍ തന്നെ സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിക്കും. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍, ഈ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം ഭാഗത്തോടെ പദ്ധതി ആരംഭിക്കാന്‍ കഴിയും . പദ്ധതി ആരംഭിച്ച് അടുത്ത 30 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകും എന്ന് പ്രതീക്ഷിക്കുന്നു.

2020 നെ മുന്‍നിര്‍ത്തി കെഎംഎംഎല്‍ മുറുകെപ്പിടിക്കുന്ന വിഷന്‍ എന്താണ്?

2020 അവസാനത്തോട് കൂടി ശേഷി വിപുലീകരണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതോടു കൂടി വിറ്റുവരവ് 1,400 കോടി രൂപയാക്കാനും നികുതിക്ക് മുമ്പുള്ള ലാഭം 300 കോടി രൂപയാക്കാനും ലക്ഷ്യമിടുന്നു.

Comments

comments