2018 മഹീന്ദ്ര എക്‌സ്‌യുവി 500 ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു

2018 മഹീന്ദ്ര എക്‌സ്‌യുവി 500 ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 12.32 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : 2018 മഹീന്ദ്ര എക്‌സ്‌യുവി 500 ഫേസ്‌ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 12.32 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലും മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും പരിഷ്‌കരിച്ച എക്‌സ്‌യുവി 500 ലഭിക്കും. അകവും പുറവും പരിഷ്‌കരിച്ചതുകൂടാതെ, കൂടുതല്‍ പവര്‍ പ്രദാനം ചെയ്യുന്ന (155 ബിഎച്ച്പി) എംഹോക് 155 ഡീസല്‍ എന്‍ജിനിലാണ് എസ്‌യുവി വരുന്നത്. അതേസമയം പെട്രോള്‍ എന്‍ജിന്റെ ഔട്ട്പുട്ടില്‍ മാറ്റമില്ല. ഏകദേശം മൂന്ന് വര്‍ഷത്തിനുശേഷമാണ് മഹീന്ദ്ര എക്‌സ്‌യുവി 500 പരിഷ്‌കരിക്കുന്നത്. മെച്ചപ്പെട്ട സ്റ്റൈലിംഗ്, ഗംഭീര ഫീച്ചറുകള്‍, കൂടുതല്‍ കരുത്തുറ്റ ഡീസല്‍ എന്‍ജിന്‍ എന്നിവ ലഭിച്ചതോടെ ടാറ്റ ഹെക്‌സ, ജീപ്പ് കോംപസ് എതിരാളികളെ മഹീന്ദ്ര എക്‌സ്‌യുവി 500 ഇനി കൂടുതല്‍ ആത്മവിശ്വാസത്തോടെ വെല്ലുവിളിക്കും.

2.2 ലിറ്റര്‍, 4 സിലിണ്ടര്‍, എംഹോക് എന്‍ജിനുകളിലാണ് പെട്രോള്‍, ഡീസല്‍ മോഡലുകള്‍ വരുന്നത്. ആറാം തലമുറ ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജ്യോമെട്രി ടര്‍ബോചാര്‍ജര്‍ (ഇവിജിടി) സവിശേഷതയാണ്. 3,750 ആര്‍പിഎമ്മില്‍ 153 ബിഎച്ച്പി പരമാവധി കരുത്തും 1,750-2,800 ആര്‍പിഎമ്മില്‍ 360 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഡീസല്‍ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 4,500 ആര്‍പിഎമ്മില്‍ 138 ബിഎച്ച്പി കരുത്തും 2,000-3,000 ആര്‍പിഎമ്മില്‍ 320 എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് സിങ്ക്രോമെഷ് മാന്വല്‍ ഗിയര്‍ബോക്‌സ്, ജാപ്പനീസ് കമ്പനിയായ ഐസിനില്‍നിന്ന് വാങ്ങിയ 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

റീസ്റ്റൈല്‍ ചെയ്ത മുന്‍, പിന്‍ ഭാഗങ്ങളാണ് മഹീന്ദ്ര എക്‌സ്‌യുവി 500 ഫേസ്‌ലിഫ്റ്റിന്റെ പുറമേ കാണുന്ന പ്രധാന മാറ്റങ്ങള്‍. ചുറ്റിലും ക്രോം അലങ്കാരം നല്‍കിയ പുതിയ വലിയ ഗ്രില്ല്, മധ്യത്തില്‍ ക്രോം ഇന്‍സെര്‍ട്ടുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം പുതിയ വലിയ പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍ എന്നിവ ശ്രദ്ധേയമാണ്. മുന്നിലെ ബംപര്‍ പരിഷ്‌കരിച്ചു. മധ്യഭാഗത്തായി വലിയ എയര്‍ഡാം, ഫോഗ് ലാംപുകളില്‍ ക്രോം ആക്‌സന്റുകള്‍ എന്നിവ ഇപ്പോള്‍ കാണാം. ടോപ് വേരിയന്റായ ഡബ്ല്യു11 ല്‍ ഇനി ഓപ്ഷണലായി 18 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കും. മറ്റ് വേരിയന്റുകളില്‍ 17 ഇഞ്ച് വീലുകളാണ് സ്റ്റാന്‍ഡേഡായി നല്‍കുന്നത്. എസ്‌യുവിയുടെ വലുപ്പം സംബന്ധിച്ച അളവുകളുടെ കാര്യത്തില്‍ മാറ്റമില്ല. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,585 എംഎം, 1,890 എംഎം, 1,785 എംഎം എന്നിങ്ങനെയാണ്. വീല്‍ബേസ് 2,700 മില്ലി മീറ്റര്‍.

വാഹനത്തിന്റെ കാബിന്‍ പരിഷ്‌കരിക്കുന്നതിനും മഹീന്ദ്ര സമയം കണ്ടെത്തി. ടോപ് വേരിയന്റിലെ സീറ്റുകള്‍ പരിഷ്‌കരിച്ചു. ടാന്‍, കറുപ്പ് നിറങ്ങളില്‍ കോസടിയായി തയ്ച്ച തുകല്‍ സീറ്റുകളാണ് ലഭിച്ചത്. ഇന്റീരിയറിന് പുതിയ ഡുവല്‍ ടോണ്‍ ബ്ലാക്ക് ആന്‍ഡ് ഗ്രേ ട്രീറ്റ്‌മെന്റ് ലഭിച്ചിരിക്കുന്നു. ഫേസ്‌ലിഫ്റ്റിന് മുമ്പുള്ള മോഡലില്‍ കാണുന്ന അതേ രൂപകല്‍പ്പനയിലുള്ളതാണ് ഡാഷ്‌ബോര്‍ഡ്. സ്റ്റിയറിംഗ് വീല്‍, സെന്റര്‍ കണ്‍സോള്‍, എയര്‍കോണ്‍ വെന്റുകള്‍ എന്നിവ മാറിയില്ല. ജിപിഎസ്, യുഎസ്ബി (ഓഡിയോ/വീഡിയോ), ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഡാഷ്‌ബോര്‍ഡിന്റെ മധ്യഭാഗം കയ്യടക്കിയിരിക്കുന്നു. ആന്‍ഡ്രോയ്ഡ് ഓട്ടോ, കണക്റ്റഡ് ആപ്പുകള്‍, ഇക്കോസെന്‍സ് എന്നിവയും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഭാഗമാണ്.

ടാറ്റ ഹെക്‌സ, ജീപ്പ് കോംപസ് എതിരാളികളെ മഹീന്ദ്ര എക്‌സ്‌യുവി 500 ഇനി കൂടുതല്‍ ആത്മവിശ്വാസത്തോടെ വെല്ലുവിളിക്കും

ആന്റി-പിഞ്ച് ഫീച്ചര്‍ സഹിതം ഇലക്ട്രിക് സണ്‍റൂഫ്, പുറം കണ്ണാടികളില്‍ ലോഗോ പ്രൊജക്ഷന്‍ ലാംപുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, കീലെസ് എന്‍ട്രി, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ആറ് തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ടില്‍റ്റ് ആന്‍ഡ് ടെലിസ്‌കോപിക് ഫംഗ്ഷന്‍ സഹിതം സ്റ്റിയറിംഗ് വീല്‍, ഇലക്ട്രിക്കലായി പ്രവര്‍ത്തിപ്പിക്കാവുന്ന ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകള്‍ എന്നിവയും എസ്‌യുവിയുടെ ഫീച്ചറുകള്‍ തന്നെ. ഇരട്ട എയര്‍ബാഗുകള്‍, എബിഡി (ഓട്ടോമാറ്റിക് ബ്രേക്കിംഗ് ഡിഫ്രന്‍ഷ്യല്‍), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍) എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കുന്നു. സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ ഉള്‍പ്പെടെ ആറ് എയര്‍ബാഗുകള്‍, ഇഎസ്പി (ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം), റോള്‍ഓവര്‍ മിറ്റിഗേഷന്‍, ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍ എന്നിവ ടോപ് വേരിയന്റില്‍ ലഭിക്കും.

Comments

comments

Categories: Auto