ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ യാത്ര ആരംഭിച്ചു

ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ യാത്ര ആരംഭിച്ചു

വ്യാപ്തിയുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന സിംഫണി ഓഫ് ദി സീസ് (Symphony of the Seas) ആദ്യ യാത്ര ആരംഭിച്ചു. മെഡിറ്ററേനിയനു ചുറ്റുമുള്ള യാത്ര ആരംഭിച്ചതു ഈ മാസം ഏഴിനു സ്‌പെയ്‌നിലെ ബാഴ്‌സലോണയില്‍നിന്നാണ്.

വലുപ്പം മാത്രമല്ല കപ്പലിനെ പ്രശസ്തമാക്കുന്നത്. ഏറ്റവും ഉയരമുള്ള വാട്ടര്‍ സ്ലൈഡ് (കപ്പലിന്റെ ഏറ്റവും മുകളിലുള്ള ഡെക്കില്‍നിന്നും അഥവാ തട്ടില്‍നിന്നും യാത്രക്കാര്‍ക്ക് വെറും സെക്കന്‍ഡുകള്‍ കൊണ്ടു താഴേയ്ക്കു വഴുതിയിറങ്ങാനുള്ള സംവിധാനത്തെയാണു സ്ലൈഡ് എന്നു പറയുന്നത്), സമുദ്രത്തില്‍ വേഗതയേറിയ ഇന്റര്‍നെറ്റ് ലഭിക്കുന്ന സൗകര്യം, 300-ലേറെ വിഭവങ്ങള്‍ വിളമ്പുന്ന 23 ഭക്ഷണശാലകള്‍, എന്നിവ സിംഫണി ഓഫ് സീസ് കപ്പലിനെ വ്യത്യസ്തമാക്കുന്നുണ്ട്. ഷോപ്പിംഗ് മാള്‍, പാര്‍ക്ക് തുടങ്ങിയവയും ഇതിലുണ്ട്. 12,000 ചെടികളും വൃക്ഷങ്ങളുമൊക്കെയുള്ളതാണു പാര്‍ക്ക്. സിനിമ കാണാന്‍ 1400 സീറ്റുകളുള്ള തീയേറ്റര്‍, ജല കേളികള്‍ ആസ്വദിക്കാനായി അക്വാ തീയേറ്ററുമുണ്ട്. 362 മീറ്റര്‍ നീളവും (ഏകദേശം നാല് ഫുട്‌ബോള്‍ പിച്ചുകളുടെ നീളം വരും) 228,081 ടണ്‍ (17,000 ആനകളുടെ ഭാരം) വഹിക്കാനും ശേഷിയുള്ള കപ്പലിനു 6,680 യാത്രക്കാരെയും, 2200 ജീവനക്കാരെയും ഉള്‍ക്കൊള്ളാനാവും. 18 ഡെക്കുകളും, 2500-ലേറെ ക്യാബിനുകളുമുണ്ട് കപ്പലില്‍. എട്ട് ബെഡ് റൂമുകളുള്ള, 125 ചതുരശ്ര മീറ്റര്‍ ആഡംബര ഫാമിലി സ്യൂട്ടാണു കപ്പലിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. അള്‍ട്ടിമേറ്റ് ഫാമിലി സ്യൂട്ട് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. സിംഫണി ഓഫ് ദി സീസ് ഈ വര്‍ഷം സ്‌പെയ്ന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കു സമുദ്ര യാത്ര നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 1.95 ബില്യന്‍ ഡോളറുകള്‍ സിംഫണി ഓഫ് ദി സീസ് നിര്‍മാണത്തിനായി ചെലവഴിച്ചു. ഫ്രാന്‍സിലാണു നിര്‍മിച്ചത്. റോയല്‍ കരീബിയന്റെ 25-ാമത്തെ കപ്പലാണിത്.

Comments

comments

Categories: FK Special, Slider