എന്തുകൊണ്ട് ഹര്‍ത്താലുകള്‍ രണ്ട് മണിക്കൂര്‍ ആക്കിക്കൂടാ?

എന്തുകൊണ്ട് ഹര്‍ത്താലുകള്‍ രണ്ട് മണിക്കൂര്‍ ആക്കിക്കൂടാ?

കേരളത്തിന്റെ വ്യവസായ, സാമ്പത്തിക, സാമൂഹ്യ മേഖലകളില്‍ ഹര്‍ത്താല്‍ വരുത്തുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ധാരാളം വികസന സ്വപ്നങ്ങളും അതിനുള്ള വിഭവങ്ങളും അനുകൂലമായ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു സംസ്ഥാനത്തിന്റെ കുതിപ്പിന് കനത്ത തിരിച്ചടിയാണ് ഹര്‍ത്താലുകള്‍.

വായ്പകള്‍ എടുത്തും കിടപ്പാടം പണയം വെച്ചും ബിസിനസ് ചെയ്യുന്നവര്‍ ഇത്തരം ഹര്‍ത്താലുകള്‍ മൂലം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികളിലേക്കാണ് നയിക്കപ്പെടുന്നത്. ദിവസകൂലിക്ക് പണിയെടുക്കുന്ന സാധാരണക്കാരുടെ കുടുംബങ്ങളിലും ഇത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. കേരളത്തിന്റെ സാമ്പത്തിക രംഗത്തിന്റെ തളര്‍ച്ചയ്ക്ക് മുഖ്യകാരണങ്ങളിലൊന്ന് ഹര്‍ത്താല്‍ സൃഷ്ട്ടിക്കുന്ന പ്രതിസന്ധികളാണ്.

പ്രശ്‌നങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്യുവാനാണ് രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ ഹര്‍ത്താല്‍ എന്ന സമരരീതി അവലംബിക്കുന്നത്. ഹര്‍ത്താല്‍ നിരോധനങ്ങളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും തീരുമാനങ്ങളും എങ്ങും എത്താതെ പോകുന്നതിനുള്ള കാരണം ഇത്തരം സംഘടനകള്‍ അത് നിരോധിക്കപ്പെടുന്നതിന് അനുകൂലമല്ല എന്നത് കൊണ്ട് മാത്രമാണ്. തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുവാനുള്ള ശക്തമായ സമരരീതിയായി ഹര്‍ത്താലിനെ ഇവര്‍ കാണുമ്പോള്‍ അത് നിരോധിക്കപ്പെടുവാനുള്ള സാദ്ധ്യതകള്‍ വളരെ വിരളമാണ്.

കേരളത്തിന്റെ ദൈനംദിന ജീവിതത്തെ അധികം ബാധിക്കാത്ത രീതിയില്‍ ഈ സമരമുറയെ പരിഷ്‌ക്കരിക്കുക എന്നത് മാത്രമാണ് ഇതിനുള്ള പരിഹാരം. ഓരോ ഹര്‍ത്താലും സൃഷ്ട്ടിക്കുന്ന പ്രശ്‌നങ്ങള്‍ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള വികസനത്തെ ബാധിക്കും എന്ന സത്യം മുന്നില്‍ കണ്ട് ഓരോ പൗരന്റെനയും സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് ഈ സമരരീതിയില്‍ ചെറിയൊരു മാറ്റം കൊണ്ടുവന്നാല്‍ അത് കേരളത്തിന്റെ സമസ്ത മേഖലകളിലും സൃഷ്ട്ടിക്കുന്ന ഉണര്‍വ് വലുതായിരിക്കും.

കേരളത്തെ ഒരു വ്യവസായ സൗഹൃദ സംസ്ഥാനമായി പരിഗണിക്കാതെയിരിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് തുടര്‍ച്ചയായ ഹര്‍ത്താലുകളാണ്. ആ ചീത്തപ്പേരും നമുക്ക് മാറ്റിയെടുക്കുവാന്‍ സാധിക്കും.

തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുകയും ജനങ്ങള്‍ അതറിയുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെങ്കില്‍ 12 മണിക്കൂറുകള്‍ നീളുന്ന ഹര്‍ത്താലുകള്‍ നമുക്ക് ആവശ്യമുണ്ടോ? മുഖ്യധാരാമാധ്യമങ്ങളും നവമാധ്യമങ്ങളും സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വലുതായിരിക്കെ ഇത്രയും നീളുന്ന ഒരു പ്രതിഷേധത്തിന്റെ ആവശ്യം വളരെ കുറവാണ്. രാവിലെ 6 മണി മുതല്‍ 8 മണി വരെ വെറും 2 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തിയാല്‍ തന്നെ അതിന്റെ ഉദ്ധേശശുദ്ധി നിറവേറ്റപ്പെടും.

രാവിലെ നടത്തുന്ന ഈ ഹര്‍ത്താല്‍ ജനജീവിതത്തേയോ വ്യവസായ മേഖലകളേയോ വ്യാപാരങ്ങളെയോ വലുതായി ബാധിക്കുകയുമില്ല. സംഘടനകള്‍ ഉദ്ദേശിക്കുന്ന പ്രതിഷേധം ജനങ്ങള്‍ക്കിടയിലേക്ക് എത്തുകയും ചെയ്യും. പന്ത്രണ്ട് മണിക്കൂര്‍ നീളുന്ന ഹര്‍ത്താലുകള്‍ കേരളസമൂഹത്തില്‍ സൃഷ്ട്ടിക്കുന്ന പ്രതിസന്ധികള്‍ ഇതിലൂടെ മറികടക്കാനും നമുക്ക് സാധിക്കും. ഈ അഭിപ്രായം നടപ്പിലാക്കുവാന്‍ രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ തയാറാവുകയാണെങ്കില്‍ കേരളത്തില്‍ അതുണ്ടാക്കുന്ന മാറ്റം അത്ഭുതാവഹമായിരിക്കും.

(ഹര്‍ത്താല്‍ കേരളത്തിന്റെ സാമ്പത്തികരംഗത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു. എന്താണ് നമുക്ക് മുന്നിലുള്ള പ്രതിവിധി. ഈ വിഷയത്തില്‍ വായനക്കാര്‍ക്കും ബിസിനസ് മേഖലയിലുള്ളവര്‍ക്കും ഫ്യൂച്ചര്‍ കേരളയുടെ ഓപ്പണ്‍ പേജിലേക്ക് അഭിപ്രായങ്ങള്‍ അറിയിക്കാവുന്നതാണ്. ഇ-മെയ്ല്‍: fkdaily001@gmail.com, sudheerbabu@devalorconsultants.com)

Comments

comments

Categories: FK Special, Slider