ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡുകളില്‍ 2020 ഓടെ ഓട്ടോണമസ് പാര്‍ക്കിംഗ്

ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡുകളില്‍ 2020 ഓടെ ഓട്ടോണമസ് പാര്‍ക്കിംഗ്

ഓട്ടോണമസ് പാര്‍ക്കിംഗ് പരീക്ഷിക്കുന്നതിന് ഹാംബര്‍ഗ് വിമാനത്താവളവുമായി പങ്കാളിത്തം സ്ഥാപിച്ചു

ഹാംബര്‍ഗ് : ന്യൂ യോര്‍ക് നഗരത്തില്‍ താമസിക്കുന്ന വ്യക്തി സ്വന്തം വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ഓരോ വര്‍ഷവും ശരാശരി നൂറ് മണിക്കൂറിലധികം ചെലവഴിക്കുന്നതായി കണ്ടെത്തിയത് ഫോക്‌സ്‌വാഗണ്‍ എന്ന ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളാണ്. വാഹനം പാര്‍ക്ക് ചെയ്യുന്നത് ഡ്രൈവര്‍മാര്‍ക്ക് പലപ്പോഴും അത്ര നല്ല അനുഭവങ്ങളല്ല സമ്മാനിക്കുന്നത്. പാര്‍ക്കിംഗ് സംബന്ധമായ എല്ലാ പരാതികള്‍ക്കും പരിഹാരം കാണുകയാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്. ഓട്ടോണമസ് പാര്‍ക്കിംഗ് പരീക്ഷിക്കുന്നതിന് ജര്‍മ്മനിയിലെ ഹാംബര്‍ഗ് വിമാനത്താവളവുമായി പങ്കാളിത്തം സ്ഥാപിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍.

വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയിലെ ഒഴിഞ്ഞ ഭാഗങ്ങളില്‍ ഫോക്‌സ്‌വാഗണ്‍ സെല്‍ഫ്-പാര്‍ക്കിംഗ് കാറുകളുടെ പരീക്ഷണം നടത്തും. 2020 ഓടെ ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി, ബെന്റ്‌ലി തുടങ്ങി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിലെ എല്ലാ ബ്രാന്‍ഡുകളുടെയും മുഴുവന്‍ മോഡലുകളിലും ഓട്ടോണമസ് പാര്‍ക്കിംഗ് സംവിധാനം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജാഗ്വാര്‍, ബിഎംഡബ്ല്യു, നിസ്സാന്‍, ഫോഡ് തുടങ്ങി മറ്റ് ബ്രാന്‍ഡുകളും സെല്‍ഫ് പാര്‍ക്കിംഗ് സംവിധാനം വികസിപ്പിച്ചുവരികയാണ്.

കാര്‍ പാര്‍ക്കിംഗ് ഏരിയയുടെ പ്രവേശന ഭാഗത്തെത്തിയാല്‍ ഫോക്‌സ്‌വാഗണിന്റെ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുള്ള ഔഡി, പോര്‍ഷെ, ഫോക്‌സ്‌വാഗണ്‍ കാറുകള്‍ മാപ്പ് ഡാറ്റയും സെന്‍സറുകളും ഉപയോഗിച്ച് ഒഴിഞ്ഞ സ്ഥലം കണ്ടെത്തി സ്വയം പാര്‍ക്ക് ചെയ്യും. ഡ്രൈവര്‍ തിരിച്ചെത്തി മൊബീല്‍ ആപ്ലിക്കേഷനില്‍നിന്ന് സന്ദേശമയച്ചാല്‍ വാഹനം തിരികെ പാര്‍ക്കിംഗ് ഏരിയയുടെ കവാടത്തിലെത്തും.

2020 ഓടെ ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി, ബെന്റ്‌ലി തുടങ്ങി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിലെ എല്ലാ ബ്രാന്‍ഡുകളുടെയും മുഴുവന്‍ മോഡലുകളിലും ഓട്ടോണമസ് പാര്‍ക്കിംഗ് സംവിധാനം നല്‍കും

ആയിരക്കണക്കിന് വിധത്തിലാണ് ഹാംബര്‍ഗ് വിമാനത്താവളത്തില്‍ ഫോക്‌സ്‌വാഗണ്‍ ഓട്ടോണമസ് പാര്‍ക്കിംഗ് പരീക്ഷണങ്ങള്‍ നടത്തുന്നത്. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് തുടക്കത്തില്‍ ഒഴിഞ്ഞ സ്ഥലങ്ങളിലാണ് പരീക്ഷണം. രണ്ടാം ഘട്ടത്തില്‍ വാഹന ഗതാഗതമുള്ള മേഖലയില്‍ പരീക്ഷണം തുടരും. അവിചാരിതമായി മറ്റ് കാറുകളും കാല്‍നട യാത്രക്കാരും മുന്നിലേക്ക് വരുമ്പോള്‍ പരീക്ഷണ വാഹനം ഏതുവിധത്തില്‍ പ്രതികരിക്കുമെന്ന് ഇവിടെ പരിശോധിക്കും.

Comments

comments

Categories: Auto