യു.എസില്‍ കാണാതായ മലയാളികളുടെ മൃതദേഹം കണ്ടെത്തി

യു.എസില്‍ കാണാതായ മലയാളികളുടെ മൃതദേഹം കണ്ടെത്തി

വാഷിങ്ടണ്‍: യുഎസില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകള്‍ സാച്ചി (9), സിദ്ധാന്ത് (12) എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കണ്ടെടുത്തു.

ഈ മാസം ആറാം തീയതി ഉച്ചയ്ക്ക് ഓറിഗനിലെ പോര്‍ട്‌ലാന്‍ഡില്‍നിന്നു സനോസെയിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. റോഡിനരികിലൂടെ കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക് ഇവരുടെ കാര്‍ വീഴുകയായിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ നിന്നു യുഎസില്‍ എത്തിയ സന്ദീപ് 15 വര്‍ഷം മുന്‍പാണ് അവിടെ സ്ഥിരതാമസമാക്കിയത്. സന്ദീപിന്റെ മൃതദേഹം കാറിന്റെ പിന്‍ഭാഗത്താണു കണ്ടത്. കാര്‍ നദിയിലേക്കു വീഴുന്നതു കണ്ടുവെന്ന ദൃക്‌സാക്ഷിയുടെ മൊഴിയാണ് തിരച്ചിലിന് സഹായിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും കാര്‍ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. അപകടസ്ഥലത്തുനിന്ന് അര മൈല്‍ അകലെ നാലടിയിലേറെ താഴ്ചയില്‍ ചെളി കയറി മുങ്ങിക്കിടക്കുകയായിരുന്നു കാര്‍.
സന്ദീപിന്റെയും സാച്ചിയുടെയും മൃതദേഹങ്ങള്‍ കാറില്‍ നിന്നു കണ്ടെടുത്തു മോര്‍ച്ചറിയിലേക്കു മാറ്റി. അപകടം നടന്ന സ്ഥലത്തുനിന്ന് ഏഴു മൈല്‍ അകലെനിന്നു സൗമ്യയുടെ മൃതദേഹം നേരത്തേ കണ്ടെടുത്തിരുന്നു. കനത്ത മഴ തുടരുന്നതിനാലാണ് തിരച്ചില്‍ ശ്രമകരമായി മാറിയത്.

Comments

comments

Categories: World