അടുത്തമാസം ഉര്‍ജിത് പട്ടേല്‍ ഹാജരാകണമെന്ന് പാര്‍ലമെന്ററികാര്യ സമിതി

അടുത്തമാസം ഉര്‍ജിത് പട്ടേല്‍ ഹാജരാകണമെന്ന് പാര്‍ലമെന്ററികാര്യ സമിതി

ന്യൂഡെല്‍ഹി: കഴിഞ്ഞ ഏതാനും മാസങ്ങളായി പുറത്തു വരുന്ന ബാങ്കിംഗ് തട്ടിപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മേയ് 17ന് ഹാജരാകണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനോട് പാര്‍ലമെന്ററികാര്യ സമിതി. കോണ്‍ഗ്രസ് നേതാവ് എം വീരപ്പ മൊയ്‌ലി അധ്യക്ഷനായുള്ള പാര്‍ലമെന്റ് ധനകാര്യ സമിതി ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളില്‍ സാമ്പത്തികകാര്യ സേവന സെക്രട്ടറി രാജീവ് കുമാറിനോട് ഇന്നലെ വിശദീകരണം തേടിയിരുന്നു. ബാങ്ക് തട്ടിപ്പുകള്‍, മറ്റ് ബാങ്കിംഗ് നിയന്ത്രണങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറോട് സമിതി ചോദിക്കുക. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും സമിതിയില്‍ അംഗമാണ്.

പൊതുമേഖലാ ബാങ്കുകളെ കൈകാര്യം ചെയ്യുന്നതിന് ആര്‍ബിഐക്ക് മതിയായ അധികാരമില്ലെന്ന് അടുത്തിടെ ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. എന്ത് തരത്തിലുള്ള അധികാരമാണ് ആര്‍ബിഐക്ക് ആവശ്യമെന്നത് സംബന്ധിച്ച വിശദീകരണവും ഉര്‍ജിത് പട്ടേലില്‍ നിന്നും സമിതി തേടും. നിയന്ത്രണമെന്നത് വളരെ നിര്‍ണായകമായ ഒന്നാണെന്നും അതിനാലാണ് ഗവര്‍ണറെ വിളിപ്പിക്കുന്നതെന്നും സമിതിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories