ടൊയോട്ട യുഎസ്സില്‍ ‘സംസാരിക്കുന്ന’ വാഹനങ്ങള്‍ പുറത്തിറക്കും

ടൊയോട്ട യുഎസ്സില്‍ ‘സംസാരിക്കുന്ന’ വാഹനങ്ങള്‍ പുറത്തിറക്കും

ടൊയോട്ട മോട്ടോര്‍ കോര്‍പ്പിന്റെ അപേക്ഷ യുഎസ് ഗതാഗത വകുപ്പിന്റെ പരിഗണനയിലാണ്

വാഷിംഗ്ടണ്‍ : ടൊയോട്ട മോട്ടോര്‍ കോര്‍പ്പ് 2021 ഓടെ യുഎസ്സില്‍ ‘സംസാരിക്കുന്ന’ വാഹനങ്ങള്‍ അവതരിപ്പിക്കും. വയര്‍ലെസ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും വാഹനങ്ങള്‍ പരസ്പരം സംസാരിക്കുന്നതെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ഇതുവഴി വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൊയോട്ട മോട്ടോര്‍ കോര്‍പ്പിന്റെ അപേക്ഷ യുഎസ് ഗതാഗത വകുപ്പിന്റെ പരിഗണനയിലാണ്.

2020 പകുതിയോടെ യുഎസ്സിലെ തങ്ങളുടെ മിക്ക മോഡലുകളിലും ഹ്രസ്വ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ആശയവിനിമയ സംവിധാനങ്ങള്‍ നല്‍കാനാകുമെന്ന് ടൊയോട്ട കരുതുന്നു. വെഹിക്കിള്‍-ടു-വെഹിക്കിള്‍, വെഹിക്കിള്‍-ടു-ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആശയവിനിമയങ്ങള്‍ക്കായി യുഎസ് അധികൃതര്‍ 1999 ല്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് 5.9 ഗിഗാഹെര്‍ട്‌സ് ബാന്‍ഡില്‍ സ്‌പെക്ട്രം അനുവദിച്ചിരുന്നു. എന്നാല്‍ ഇത് ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. അനുവദിച്ച സ്‌പെക്ട്രം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കാമെന്ന് യുഎസ് കോണ്‍ഗ്രസ്സിലും ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷനിലും ഈയിടെ അഭിപ്രായമുയര്‍ന്നിരുന്നു.

ജനറല്‍ മോട്ടോഴ്‌സ് കഴിഞ്ഞ വര്‍ഷം തങ്ങളുടെ കാഡിലാക്ക് സിടിഎസ് മോഡലില്‍ വെഹിക്കിള്‍-ടു-വെഹിക്കിള്‍ സാങ്കേതികവിദ്യ നല്‍കിത്തുടങ്ങിയിട്ടുണ്ട്. യുഎസ് വിപണിയില്‍ നിലവില്‍ ഈ ആശയവിനിമയ സംവിധാനമുള്ള ഒരേയൊരു വാഹനമാണ് കാഡിലാക്ക് സിടിഎസ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി യുഎസ് കാര്‍ നിര്‍മ്മാതാക്കള്‍ സംസാരിക്കുന്ന വാഹനങ്ങള്‍ പരീക്ഷിച്ചുവരികയാണ്.

വാഹനങ്ങളുടെ ലൊക്കേഷന്‍, ദിശ, വേഗത, സമീപ വാഹനങ്ങള്‍ എന്നീ വിവരങ്ങളെല്ലാം 300 മീറ്റര്‍ പരിധിയില്‍ പരസ്പരം പങ്കുവെയ്ക്കാന്‍ കഴിയും. തൊട്ടടുത്ത വാഹനങ്ങള്‍ക്ക് സെക്കന്‍ഡില്‍ പത്ത് തവണ വരെ സന്ദേശം കൈമാറാം. കവലകളിലെയും മറ്റും അപകട സാധ്യതകള്‍ മനസ്സിലാക്കുകയും മറ്റ് വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ഉപകരിക്കും. 2015 നുശേഷം ജപ്പാനില്‍ ഒരു ലക്ഷത്തിലധികം വാഹനങ്ങളില്‍ ടൊയോട്ട ഈ സാങ്കേതികവിദ്യ നല്‍കിയിട്ടുണ്ട്.

വാഹനങ്ങളുടെ ലൊക്കേഷന്‍, ദിശ, വേഗത, സമീപ വാഹനങ്ങള്‍ എന്നീ വിവരങ്ങളെല്ലാം 300 മീറ്റര്‍ പരിധിയില്‍ പരസ്പരം പങ്കുവെയ്ക്കാന്‍ കഴിയും

ഓരോ പുതിയ വാഹനത്തിലും സാങ്കേതികവിദ്യ നല്‍കുന്നതിന് 135 മുതല്‍ 300 ഡോളര്‍ വരെ ചെലവ് വരുമെന്നാണ് യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ കണക്കുകൂട്ടുന്നത്. അതേസമയം ആറ് ലക്ഷത്തോളം വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് എന്‍എച്ച്ടിഎസ്എ മനസ്സിലാക്കുന്നു. വയര്‍ലെസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനും അനുവദിച്ച സ്‌പെക്ട്രം വിനിയോഗിക്കുന്നതിനും അനുമതി നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം യുഎസ് ഗതാഗത സെക്രട്ടറി എലൈന്‍ ചാവോയോട് പ്രമുഖ വാഹന നിര്‍മ്മാതാക്കളും മറ്റും ആവശ്യപ്പെട്ടിരുന്നു.

Comments

comments

Categories: Auto