സമൂഹം കൂടുതല്‍ അരക്ഷിതമാകുമ്പോള്‍

സമൂഹം കൂടുതല്‍ അരക്ഷിതമാകുമ്പോള്‍

സമൂഹം കൂടുതല്‍ ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ സാംസ്‌കാരിക സമൂഹം എന്ന് അവകാശപ്പെടുന്ന നമ്മള്‍ കുറച്ചുകൂടി പക്വത കാണിക്കേണ്ടിയിരിക്കുന്നു

ജമ്മുവിലെ കത്വയില്‍ എട്ട് വയസ്സുകാരി ക്രൂരമായി കൊലചെയ്യപ്പെട്ടത് ഭരതത്തിന്റെ യശ്ശസിനേറ്റ കളങ്കം തന്നെയാണ്. ബേട്ടി ബച്ചാവോയും സ്ത്രീശാക്തീകരണവുമെല്ലാം പ്രസംഗിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ക്ക് ഇത് കണ്ടില്ലെന്ന് നടിക്കാനും സാധിക്കില്ല. കത്വയിലെ പോലെ തന്നെ നിരവധി പെണ്‍കുട്ടികളാണ് ക്രൂരമായ പീഡനത്തിനിരയായി അടുത്തിടെ രാജ്യത്ത് കൊല്ലപ്പെട്ടത്. പല സംഭവങ്ങളും ദേശീയ ശ്രദ്ധയില്‍ പെടാതെ, ആരുമറിയാതെ പോകുന്നുമുണ്ട്. എന്തായാലും പീഡകര്‍ക്ക് അവരര്‍ഹിക്കുന്ന ശക്ഷ നല്‍കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിയാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് എന്ന വിമര്‍ശനം കേള്‍ക്കാതിരുന്നുകൂടാ. കടുത്ത ശിക്ഷയുടെ കാര്യം വരുമ്പോള്‍ നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ എന്ത് നിലപാട് എടുക്കുന്നുവെന്നത് നമ്മള്‍ പല തവണ കണ്ടതുമാണ്. തക്കതായ ശിക്ഷയാണ് ഇത്തരം ചെയ്തികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രധാന മരുന്ന്.

പീഡനങ്ങള്‍ സാധാരണ സംഭവമായി മാറുന്ന ഗുരുതരവും ഭയാനകവുമായ അവസ്ഥയാണ് രാജ്യത്തുണ്ടാകുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി കേസുകളാണ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നത് അനേകവും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമാധാനത്തോടെ, സുരക്ഷിതമായി ജീവിക്കാന്‍ ആവാസവ്യവസ്ഥയില്ലാത്ത ഒരു സമൂഹത്തെ ഒരിക്കലും വികസിതമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പ്രഥമ പരിഗണന ഈ വിഷയത്തിലേക്ക് മാറേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അരാജകത്വം പിടിച്ച അവസ്ഥയിലേക്ക് നാട് നീങ്ങും. ഇതിനോടൊപ്പം തീര്‍ത്തും ദൗര്‍ഭാഗ്യകരമായ കാര്യം പീഡനത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയും മതവല്‍ക്കരിക്കുകയും ചെയ്യുന്ന പ്രവണതയാണ്. പാര്‍ട്ടിഭേദമന്യേ ഇതിന് പലരും തുനിയുന്നുവെന്നത് നമ്മുടെ രാഷ്ട്രീയ നിലവാരമില്ലായ്മ കൂടിയാണ് പ്രകടമാക്കുന്നത്.

കത്വ സംഭവത്തിന്റെ പേരില്‍ സമൂഹത്തില്‍ വിഭജനമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമങ്ങളും രാജ്യത്ത്, കേരളത്തില്‍ ഉള്‍പ്പടെ നടക്കുന്നുണ്ട് എന്നത് ദൗര്‍ഭാഗ്യകരമാണ്. ഒരു കുറ്റകൃത്യത്തെ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള വൈരത്തിന് കാരണമാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ട ധാര്‍മിക ബാധ്യത ഓരോ പൗരനുമുണ്ട്്. അത് അവര്‍ നിറവേറ്റുക തന്നെ വേണം. അല്ലെങ്കില്‍ വളരെ ആപല്‍ക്കരമായ സ്ഥിതി വിശേഷത്തിലേക്കായിരിക്കും സമൂഹം എത്തിപ്പെടുക. രാജ്യത്തിന്റെ മറ്റിടങ്ങളിലെല്ലാം വിഭജന രാഷ്ട്രീയത്തിന്റെ ഫലങ്ങള്‍ കണ്ടപ്പോഴും മാതൃകയായി നിന്നത് കേരളമാണ്. ആ തലത്തിലേക്ക് ഉയരാന്‍ നമുക്കിനിയും സാധിക്കണം.

കത്വ സംഭവത്തിന്റെ പേരിലെന്ന് പറഞ്ഞ് കേരളത്തില്‍ ഇന്നലെ നടത്തിയ ഹര്‍ത്താല്‍ പലയിടങ്ങളിലും ജനജീവിതത്തെ ബാധിച്ചു. ഈ ഹര്‍ത്താല്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നു പോലും വ്യക്തമല്ലായിരുന്നു. ഒരു ഹര്‍ത്താലും അംഗീകരിക്കാവുന്നതല്ല. ജനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുളള വെല്ലുവിളിയാണത്. ഇനിയെങ്കിലും ഇത്തരം അപക്വമായ ശൈലികളില്‍ നിന്ന് നമ്മള്‍ വ്യതിചലിച്ചിലെങ്കില്‍ നമ്മുടെ സഞ്ചാരം പുറകോട്ടായിരിക്കും. പുരോഗതയിലേക്കായിരിക്കില്ല.

ഒരു വന്‍ശക്തിയാകാന്‍ വെമ്പുന്ന രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി, സ്വതന്ത്രമായി നിരത്തുകളിലൂടെ നടക്കാനും ഇഷ്ടമുള്ളത് ചെയ്യാനുമുള്ള സാഹചര്യം ഇല്ല എന്ന് വരുന്നത് തന്നെ ആ സ്വപ്‌നത്തിന്റെ അടിത്തറയിളക്കുന്നതാണ്. ഈ ബോധ്യം രാജ്യം ഭരിക്കുന്നവര്‍ക്കുണ്ടാകണം.

Comments

comments

Categories: Editorial, Slider