സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം; വകുപ്പുകള്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് തയാറാക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം; വകുപ്പുകള്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് തയാറാക്കുന്നു

പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളില്‍ എന്തെല്ലാം നടപടികള്‍ ഉണ്ടായി എന്ന് പരിശോധിക്കും

തിരുവനന്തപുരം: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിനു മുന്നോടിയായി വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തിക്കൊണ്ട് പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് മന്ത്രിമാരോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കുന്ന ഫോമില്‍ പ്രധാന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കാാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളില്‍ എന്തെല്ലാം നടപടികള്‍ ഉണ്ടായി എന്നും ഇവയിലെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മുന്നോട്ടുപോയി എന്നും വകുപ്പുകള്‍ക്ക് സ്വയം വിലയിരുത്തുന്നതിനുള്ള അവസരം കൂടിയാണിതെന്ന് സിഎംഒ വ്യക്തമാക്കുന്നു. നടപ്പാക്കിയ വികസന പദ്ധതികള്‍, ചെലവഴിച്ച തുക, നടപ്പാക്കാനിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍, അവയ്ക്ക് വേണ്ടി വരുന്ന കാലയളവ് തുടങ്ങിയവയുടെ സമഗ്ര വിവരങ്ങള്‍ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ചേര്‍ക്കേണ്ടത്. ഏതെങ്കിലും പദ്ധതിക്ക് തടസങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതും വ്യക്തമാക്കണം.

ഓരോ മന്ത്രിമാരുടെയും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ മുഖ്യമന്ത്രി പരിശോധിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഇടയ്ക്കിടെ മന്ത്രിമാരുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി മുതല്‍ ആഭ്യന്തരം വരെയുള്ള വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി പ്രോഗ്രസ് റിപ്പോര്‍ട്ട് തയാറാക്കുമെന്നാണ് വിവരം.

ചില മന്ത്രിമാര്‍ ഇതിനകം പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറിയിട്ടുണ്ട്. വകുപ്പ് സെക്രട്ടറിമാരുടെ സഹായത്തോടെ മറ്റു വകുപ്പുകളിലും റിപ്പോര്‍ട്ട് തയാറാക്കല്‍ പുരോഗമിക്കുകയാണ്. മേയ് 25നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടുവര്‍ഷം തികയുന്നത്.

Comments

comments

Categories: Slider, Top Stories